കെ.എം.സി.സി നേതാവ് സി.ഹാഷിം നിര്യാതനായി

ദമാം- സൗദിയിലെ കെ.എം.സി.സിയുടെ പ്രമുഖ നേതാവ് സി.ഹാഷിം(59) നിര്യാതനായി. കെ.എം.സി.സി സ്ഥാപിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്ന ഹാഷിം ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. കണ്ണൂർ തലശ്ശേരി എടക്കാട് സ്വദേശിയാണ്. നാൽപത് വർഷത്തോളമായി സൗദിയിലുള്ള ഹാഷിം മുസ്ലിം ലീഗിന്റെ പ്രഥമ പ്രവാസി സംഘടനയായ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെ പ്രവർത്തനവുമായാണ് പ്രവാസ ലോകത്ത് സജീവമായത്. പ്രവിശ്യയിലെ സെൻട്രൽ കമ്മറ്റികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് കിഴക്കൻ പ്രവിശ്യ കമ്മറ്റി എന്ന സംവിധാനത്തിന് തുടക്കം കുറിച്ചതും ഹാഷിം സാഹിബായിരുന്നു.
ഭാര്യ ഫിറോസ. മർവ, നൂറുൽഹുദ, ഹിബ, അബ്ദുൽ ഹാദി എന്നിവർ മക്കളും ഡോ: സിറാജ് (ആസ്‌ട്രേലിയ), മൻസൂർ, ലുഖ്മാൻ (യു.എ.ഇ) എന്നിവർ മരുമക്കളുമാണ്. മയ്യത്ത് നാട്ടിൽ എത്തിച്ച് മറവു ചെയ്യും. 

നിര്യാണത്തിൽ ഒ.ഐ.സി.സി റീജ്യണൽ കമ്മിറ്റി അനുശോചിച്ചു. കിഴക്കൻ പ്രവിശ്യയിലെ സമൂഹിക സാംസ്‌ക്കാരിക സംഘടനാ നേതാക്കളിൽ ഏറ്റവും പ്രമുഖനായ കണ്ണൂർ തലശ്ശേരി എടക്കാട് സ്വദേശിയായ ഹാഷിം ഒ.ഐ.സി.സി ഉൾപ്പെടെയുള്ള ഇതര സംഘടനകളുമായി നല്ല സൗഹൃദമാണ് കാത്ത് സൂക്ഷിച്ചിരുന്നത്. ഏത് വിഷയത്തെക്കുറിച്ചും തികഞ്ഞ അവഗാഹത്തോടെ പ്രസംഗവേദികളിൽ നല്ല വാചാലതയോടു കൂടി സംസാരിക്കാറുള്ള  അദ്ദേഹം മികച്ച സംഘാടകൻ കൂടിയായിരുന്നു. ഹാഷിം സാഹിബിന്റെ നിര്യാണം കിഴക്കൻ പ്രവിശ്യയിലെ സംഘടനാ പ്രവർത്തകർക്കിടയിൽ നികത്താനാവാത്ത നഷ്ടമാണ്. വിയോഗം മൂലം വ്യസനിക്കുന്ന കുടുംബാംഗങ്ങളുടെയും കെ.എം.സി.സി പ്രവർത്തകരുടെയും മറ്റും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും ഒ.ഐ.സി.സി പറഞ്ഞു.
 

Latest News