ലഖ്നൗ- സ്വാതന്ത്ര്യദിനത്തില്‍ മദ്രസകളില്‍ ദേശീയ ഗാനാലാപനം നിര്‍ബന്ധമാക്കിയതിനു ശേഷം മദ്രസകള്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാര്‍. മുസ്ലിംകളുടെ ആഘോഷ ദിവസങ്ങളില്‍ നല്‍കി വരുന്ന അവധി വെട്ടിച്ചുരുക്കുകയും മറ്റു വിശ്വാസികളുടെ ആഘോഷാവധി ദിനങ്ങളില്‍ അവധി നിര്‍ബന്ധമാക്കുകയും ചെയ്തു കൊണ്ട് സര്‍ക്കാര്‍ പുതിയ വാര്‍ഷിക കലണ്ടര്‍ ഇറക്കി. മുസ്ലിം അവധി ദിവസങ്ങള്‍ക്കു പുറമെ ഹോളി, അംബേദ്കര്‍ ജയന്തി എന്നീ ദിവസങ്ങളില്‍ മാത്രമാണ് നിലവില്‍ മദ്രസകള്‍ക്ക് അവധിയുണ്ടായിരുന്നത്. എന്നാല്‍ പുതിയ കലണ്ടര്‍ പ്രകാരം മഹാവീര്‍ ജയന്തി, ബുദ്ധപൂര്‍ണിമ, രക്ഷാ ബന്ധന്‍, മഹാനവമി, ദിപാവലി, ദസറ, ക്രിസ്മസ് ദിവസങ്ങളിലും അവധി നിര്‍ബന്ധമാണ്.
ഏഴു പുതിയ അവധികള്‍ നിര്‍ബന്ധമാക്കിയപ്പോള്‍ മുസ്ലിംകളുടെ ഈദുല്‍ അസ്ഹ, മുഹറം ഉള്‍പ്പെടെയുള്ള 10 അവധി ദിവസങ്ങളുടെ എണ്ണം നാലാക്കി വെട്ടിച്ചുരുക്കുകയും ചെയ്തു. ഈ അവധികള്‍ പിന്നീട് ഒന്നിച്ചെടുക്കാനും കഴിയില്ല. 10 അവധി ദിവസങ്ങള്‍ മദ്രസകളുടെ വിവേചനാധികാര പരിധിയിലുണ്ടായിരുന്നു. എന്നാല്‍ ഇതു വെട്ടിച്ചുരുക്കി മറ്റു നേതാക്കളുടെ ജന്മദിനങ്ങളിലേക്ക് മാറ്റി. ഈ നേതാക്കള്‍ ആരാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതും പ്രധാനമാണ്- എന്നാണ് ഈ മാറ്റം സംബന്ധിച്ച് യുപി മദ്രസ ബോര്‍ഡ് രജിസ്ട്രാര്‍ രാഹുല്‍ ഗുപതയുടെ പ്രതികരണം. മദ്രസകള്‍ക്കും പ്രാഥമിക സ്‌കൂളുകള്‍ക്കും പൊതുനിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു.
തീവ്രഹിന്ദുത്വ നേതാവ് കൂടിയായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഈ നീക്കം മദ്രസാ അധ്യാപകര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്്. മദ്രസകള്‍ മതസ്ഥാപനങ്ങളാണ്. അതുകൊണ്ടാണ് സമുദായത്തിന്റ പ്രത്യേക ആഘോഷ ദിനങ്ങള്‍ അവധിയായി നിലനിര്‍ത്തിയിരുന്നത്. മറ്റു വിശ്വാസികളുടെ അവധി ദിവസങ്ങളിലും മദ്രസകള്‍ക്ക് അവധി നല്‍കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മുസ്ലിംകളുടെ 10 പ്രത്യേക അവധികളില്‍ നിന്ന് പകുതിയിലേറെ വെട്ടിച്ചുരുക്കിയത് തീര്‍ത്തും തെറ്റാണെന്ന് മദ്രസാ ടീച്ചേഴ്സ് അസോസിയേഷന്‍ നേതാവ് ഇജാസ് അഹമദ് വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ.