Sorry, you need to enable JavaScript to visit this website.

തടങ്കൽ പാളയങ്ങൾ: സർക്കാർ നയം  വ്യക്തമാക്കണം -എസ്.വൈ.എസ്

മലപ്പുറം- ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സി.എ.എ, എൻ.ആർ.സി ഭീഷണി വീണ്ടും ഉയരുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തടങ്കൽ പാളയങ്ങൾ തുടങ്ങാനുള്ള നീക്കത്തിൽ സംസ്ഥാന സർക്കാർ നയം വ്യക്തമാക്കണമെന്ന് എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സലീം എടക്കരയും ആവശ്യപ്പെട്ടു. തൃശൂരിൽ തടങ്കൽപാളയം പ്രവർത്തന സജ്ജമാക്കിയതിന് പിന്നാലെ തിരുവനന്തപുരത്തും കോഴിക്കോടും കേന്ദ്രം തുടങ്ങാനുള്ള ധൃതിപിടിച്ച നീക്കങ്ങൾ നടക്കുകയാണ്. സി.എ.എ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ആണയിട്ട് പ്രഖ്യാപിക്കുകയും കോടിക്കണക്കിന് രൂപ ചെലവഴിച്ച് മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് പരസ്യം നൽകിയും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് വാക്ക് നൽകിയും കേരളത്തിലുടനീളം പൊതുയോഗം സംഘടിപ്പിച്ച് ജനങ്ങൾക്ക് ധൈര്യം നൽകിയും അധികാരത്തിൽ വന്ന സർക്കാർ മിന്നൽവേഗത്തിൽ തടങ്കൽ പാളയങ്ങൾ നിർമിക്കുന്നത് ജനങ്ങൾക്ക് നൽകിയ കരാർ ലംഘനമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ പോലും ആരംഭിക്കുന്നതിനു മുമ്പ് കേരളത്തിൽ തടങ്കൽ പാളയത്തിന്റെ നടപടിക്രമങ്ങൾക്ക് ആക്കം കൂട്ടുന്നത് പൊതു ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതിയുടെ ഒരംശം പോലും കേരളത്തിൽ നടപ്പാക്കില്ലെന്ന നിയമസഭയിൽ സർക്കാർ പ്രഖ്യാപിച്ചതാണ്. അതിന് പിന്നാലെയാണ് സംസ്ഥാനത്തെ പൊതു ഖജനാവിൽനിന്ന് പണം ചിലവഴിച്ച് സാമൂഹ്യനീതി വകുപ്പിന് കീഴിൽ മിന്നൽ വേഗതയിൽ തടങ്കൽ പാളയങ്ങൾ യാഥാർത്ഥ്യമാക്കുന്നത്. സർക്കാർ കേരള ജനതയെ വീണ്ടും വഞ്ചിക്കുകയാണ്. പൊതു സമൂഹം ഇതിനെതിരെ ജാഗ്രത പുലർത്തണം. ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാരും മുഖ്യമന്ത്രിയും തയാറാകണമെന്ന് എസ്.വൈ.എസ് നേതാക്കൾ ആവശ്യപ്പെട്ടു.
 

Latest News