റിയാദ് - സൗദിയിൽ കഴിഞ്ഞ വർഷം പെട്രോൾ ഉപയോഗം 16.3 ശതമാനം തോതിൽ കുറഞ്ഞതായി ഊർജ മന്ത്രാലയത്തിന്റെയും സെൻട്രൽ ബാങ്കിന്റെയും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം ഒക്‌ടേൻ 91, 95 ഇനങ്ങളിൽ പെട്ട 162.4 ദശലക്ഷം ബാരൽ പെട്രോൾ ആണ് രാജ്യത്ത് ഉപയോഗിച്ചത്. 2019 ൽ ഇത് 194.1 ദശലക്ഷം ബാരലായിരുന്നു. കഴിഞ്ഞ വർഷം പെട്രോൾ ഉപയോഗത്തിൽ 31.6 ദശലക്ഷം ബാരലിന്റെ കുറവ് രേഖപ്പെടുത്തി. സൗദിയിൽ പത്തു വർഷത്തിനിടെ പെട്രോൾ ഉപഭോഗം ഇത്രയും കുറയുന്നത് ആദ്യമാണ്. 2010 ൽ പെട്രോൾ ഉപയോഗം 151.4 ദശലക്ഷം ബാരലായിരുന്നു. ഇതിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പെട്രോൾ ഉപയോഗമാണ് കഴിഞ്ഞ വർഷത്തെത്.
സൗദിയിൽ തുടർച്ചയായി മൂന്നാം വർഷമാണ് പെട്രോൾ ഉപയോഗം കുറയുന്നത്. 2019 ൽ 0.2 ശതമാനം (നാലു ലക്ഷം ബാരൽ) തോതിലും 2018 ൽ 6.5 ശതമാനം (13.5 ദശലക്ഷം ബാരൽ) തോതിലും പെട്രോൾ ഉപയോഗം കുറഞ്ഞിരുന്നു. കൊറോണ മഹാമാരി വ്യാപനത്തിന്റെ ഭാഗമായ ലോക്ഡൗൺ ആണ് കഴിഞ്ഞ വർഷം പെട്രോൾ ഉപയോഗം കുറയാൻ ഇടയാക്കിയ പ്രധാന കാരണം. ഇന്ധന സബ്‌സിഡി എടുത്തുകളഞ്ഞതും സർക്കാർ നേതൃത്വം നൽകി നടപ്പാക്കുന്ന ഇന്ധന കാര്യക്ഷമതാ പ്രോഗ്രാമും മുൻ വർഷങ്ങളിൽ പെട്രോൾ ഉപയോഗം കുറയാൻ സഹായിച്ചു.