കോഴിക്കോട്- മുസ്ലീം ലീഗ് നേതൃത്വത്തിന് എതിരെ മുൻ എം.എൽ.എ കെ.എം ഷാജി ഉന്നയിച്ച വിമർശനങ്ങൾ പാർട്ടിയിൽ ഉരുണ്ടുകൂടിയ അസ്വസ്ഥതയുടെ പ്രതിഫലനം. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിക്കകത്ത് പുതുതായി രൂപപപെട്ട വിഭാഗീയതയുടെയും അസ്വസ്ഥതയുടെയും തെളിവാണ് ഷാജിയുടെ പ്രസ്താവന എന്നാണ് വിലയിരുത്തല്‍. ലീഗിൽ കെ.എം ഷാജിയുടെ നേതൃത്വത്തിലുള്ള പുതിയ ചേരി അടുത്ത ദിവസം ആക്രമണം കൂടുതൽ ശക്തമാക്കാനും ഇടയുണ്ട്. തെരഞ്ഞെടുപ്പ ഫലം പുറത്തുവന്ന് ഒരു മാസം പിന്നിട്ടിട്ടും പരാജയം സംബന്ധിച്ച് ചർച്ച നടത്താൻ പോലും നേതൃത്വം തയ്യാറായിട്ടില്ല. പകരം, പാർട്ടിക്ക് വലിയ തോൽവി സംഭവിച്ചിട്ടില്ല എന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. ഇതിനെതിരെയാണ് ഷാജിയുടെ നേതൃത്വത്തിലുള്ള വിഭാഗം പ്രതിഷേധവുമായി രംഗത്തുള്ളത്. ഇതിന് പുറമെ, ഷാജിയുടെ വീട്ടിൽനിന്ന് പണം പിടികൂടിയതിന് പിന്നിൽ ഒരു വിഭാഗം ദുരൂഹത ആരോപിക്കുന്നുണ്ട്. നേതൃത്വത്തിലെ ചിലർ ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് ഷാജിയെ അനുകൂലിക്കുന്നവർ കരുതുന്നത്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ, പ്രവർത്തകരുടെ വികാരവും പാർട്ടി ചർച്ചകളും തീരുമാനങ്ങളിൽ പ്രതിഫലിക്കുന്നില്ലെന്ന് ഷാജി കുറ്റപ്പെടുത്തി. നഷ്ടപ്പെട്ടുപോയ സീറ്റുകളെ സംബന്ധിച്ചുള്ള ആശങ്കയാണ് പാർട്ടി പരിശോധിക്കേണ്ടത്. കിട്ടിയ സീറ്റുകളിൽ ആശ്വാസം കൊള്ളുകയല്ല വേണ്ടത്. ഒരു കാലത്തും ജയിക്കില്ലെന്ന് ഉറപ്പുള്ള സ്ഥലത്തെ പ്രവർത്തകനെയും പാർട്ടി അഡ്രസ് ചെയ്യണം. മുസ്ലീം ലീഗിനോട് ഏതെങ്കിലും ഒരാൾ സഹകരിക്കില്ല എന്ന് പറഞ്ഞാൽ അതെന്തുകൊണ്ടാണെന്ന് പഠിക്കണം. ഭരണഘടന ഗൗനിക്കാതെ പാർട്ടി പ്രവർത്തിക്കരുത്. ചിലരെ തകർക്കാൻ രാഷ്ട്രീയാതീത സൗഹൃദങ്ങൾ രൂപപ്പെട്ടിട്ടുണ്ടെന്നും ഷാജി ആരോപിച്ചു.
ഷാജി ഉന്നയിക്കുന്ന ആരോപണങ്ങൾ ലീഗിനെ പുതിയ വിവാദത്തിൽ കൊണ്ടെത്തിക്കുമെന്ന് ഉറപ്പാണ്. ലീഗിലെ പ്രമുഖ നേതാവിന് എതിരെയാണ് ഷാജി ഒളിയമ്പ് എയ്യുന്നത്. രാഷ്ട്രീയാതീത ഡിപ്ലോമാറ്റിക് സൗഹൃദം എന്ന് ഷാജി പറയുന്നതും ഈ നേതാവിനെ ചൂണ്ടിയാണ്.