തൃശൂര്‍- വരന്തരപ്പിള്ളിയില്‍ മനോരോഗിയായ മകന് അമ്മയെ കൊലപ്പെടുത്തി. വരന്തരപ്പള്ളി കച്ചേരിക്കടവില്‍ കിഴകൂടല് പരേതനായ ജോസിന്റെ ഭാര്യ മണി എന്ന എല്‍സി (74) ആണ് മരിച്ചത്. ഇവരുടെ മകന് ജോര്‍ജിനെ (44) വരന്തരപ്പിള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് എല്‍സിയെ വെട്ടേറ്റ് മരിച്ച നിലയില്‍ അയല്‍വാസിയായ സ്ത്രീ കണ്ടെത്തിയത്. ഉടന്‍ തന്നെ പഞ്ചായത്ത് അംഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിലും അറിയിച്ചു. സംഭവം നടക്കുമ്പോള്‍ ജോര്‍ജും എല്‍സിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. നിരന്തരം വീട്ടില്‍ കലഹം ഉണ്ടാകാറുള്ളതായി അയല്‍വാസികള്‍ പറയുന്നു.
കഞ്ചാവിന് അടിമയായ ഇയാള്‍ വരന്തരപ്പിള്ളിയില്‍ എസ്.ഐ ആയിരുന്ന തോമസിനെ വെട്ടിയ കേസിലും പ്രതിയാണ്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. എല്‍സിക്ക് ഒരു മകള്‍ കൂടിയുണ്ട്.






