മര്‍ദനമേറ്റ് ചികിത്സയ്‌ക്കെത്തിയ യുവാവിനെ ആക്രമി ആശുപത്രിയിലെത്തി തീയിട്ടു

ഭോപാല്‍- മര്‍ദനമേറ്റ് ചികിത്സയക്കായി ആശുപത്രിയിലെത്തിയ യുവാവിനെ ആക്രമി ആശുപത്രിയിലെത്തി പെട്രോളൊഴിച്ച് തീയിട്ടു. മധ്യപ്രദേശിലെ സാഗര്‍ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. പരിക്കേറ്റ ദാമോദര്‍ കോഡി ഇപ്പോള്‍ സാഗറിലെ ബുദ്ധേല്‍ഖണ്ഡ് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ദാമോദറിനെ അക്രമിച്ച മിലന്‍ മച്ചെ രജകിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആശുപത്രിയിലെത്തി രജക് ദാമോദറിനെ തിരയുകയും പെട്രോളൊഴിച്ച് തീയിടുകയും ചെയ്യുന്ന ദൃശ്യം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദേഹമാസകള്‍ ആളിപ്പടര്‍ന്ന തീയുമായി ദാമോദര്‍ പുറത്തേക്കോടുന്നതും അക്രമി സ്ഥലം വിടുന്നതും ദൃശ്യങ്ങളിലുണ്ട്. അക്രമിച്ച രജക് ആണെന്ന് ദാമോദര്‍ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത രജകിനെ ചോദ്യം ചെയ്തുവരികയാണ്.
 

Latest News