കേന്ദ്രസർക്കാർ അനുവദിക്കില്ല, ഐ.എസില്‍ ചേര്‍ന്ന നാല് മലയാളി സ്ത്രീകള്‍ക്ക് നാട്ടിലേക്ക് മടങ്ങാനാവില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി- ഐ.എസില്‍ ചേരാന്‍ ഭര്‍ത്താക്കന്മാരോടൊപ്പം നാടുവിട്ട് അഫ്ഗാനിസ്ഥാന്‍ ജയിലിലായ നാല് മലയാളി സ്ത്രീകളെ നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2016-18 ലാണ് ഈ യുവതികള്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറിലേക്ക് പോയത്. ഇവരുടെ ഭര്‍ത്താക്കന്മാര്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയായിരുന്നു. 2019 നവംബറിലും ഡിസംബറിലും അഫ്ഗാന്‍ അധികൃതര്‍ മുമ്പാകെ കീഴടങ്ങിയ ആയിരക്കണക്കിന് ഐ.എസ് പോരാളികളോടൊപ്പമാണ് മലയാളി വനിതകളും ജയിലിലായത്.
നിമിഷ എന്ന ഫാത്തിമ, സോണിയ സെബാസ്റ്റിയന്‍ എന്ന ആയിഷ, റഫീല, മെറിന്‍ ജേക്കബ് എന്ന മറിയം എന്നിവരാണ് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമം നടത്തുന്നത്. ഇവരെ മടക്കി അയക്കാന്‍  കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കയാണ് അഫ്ഗാന്‍ അധികൃതരെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തടവിലുള്ള ഐ.എസുകാരെ മടക്കി അയക്കാന്‍ 13 രാജ്യങ്ങളുമായാണ് അഫ്ഗാന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരുന്നത്.

 

Latest News