Sorry, you need to enable JavaScript to visit this website.
Thursday , June   17, 2021
Thursday , June   17, 2021

എന്നു വരും കോൺഗ്രസിന് ഒരു ദേശീയ പ്രസിഡന്റ്? 

ഇന്ത്യൻ നാഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി കെ. സുധാകരനെ കഴിഞ്ഞ ദിവസമാണ് പാർട്ടി ദേശീയ സമിതി തെരഞ്ഞെടുത്തത്. കേരളത്തിലെ പാർട്ടി ഗ്രൂപ്പ് സമവാക്യങ്ങളെയെല്ലാം നിരാകരിച്ചുകൊണ്ട് ഇത്തരം ഒരു തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞത് തീർച്ചയായും അഭിനന്ദനീയമായ കാര്യമാണ്. മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്ന് തരിപ്പണമായ കോൺഗ്രസിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് കൊണ്ടുവരാൻ കെൽപുള്ള ഒരു നേതാവ് ഇപ്പോൾ സുധാകരൻ മാത്രമാണ്. 

സുധാകരൻ പാർട്ടിയെ തിരിച്ചുകൊണ്ടുവരുമോ അതോ വീണ്ടും തമ്മിലടിച്ച് ചാകുമോയെന്നതൊക്കെ കാണാൻ പോകുന്ന കാര്യങ്ങളാണ്. എന്തായാലും അത്യാഹിത വിഭാഗത്തിൽ കിടക്കുന്ന കോൺഗ്രസിന് സുധാകരന്റെ നിയമനം ശ്വാസം കിട്ടാതെ പിടയുന്ന കൊറോണ രോഗിക്ക് ഓക്‌സിജൻ മാസ്‌ക് ഘടിപ്പിക്കുന്നതിന് തുല്യമാണെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിലെ  പാർട്ടിയെ നയിക്കാൻ കഴിവുള്ള വ്യക്തി തന്നെ വേണമെന്ന അന്വേഷണമാണ് സുധാകരനിലെത്തിയത്. നേതൃസ്ഥാനത്തേക്ക് കഴിവുള്ളവർ എത്തിയാൽ മാത്രമേ പാർട്ടി രക്ഷപ്പെടുകയുള്ളൂവെന്ന കാര്യത്തിൽ ഇപ്പോൾ കോൺഗ്രസുകാർക്കും വലിയ തർക്കമൊന്നുമില്ല.

സംഗതി ഇതൊക്കയാണെങ്കിലും വലിയ തമാശയാണ് കോൺഗ്രസിലെ കാര്യങ്ങൾ. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം സുധാകരനെ പാർട്ടിയുടെ കേരള സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത് രാഹുൽ ഗാന്ധിയാണ്. അവിടെയാണ് വിരോധാഭാസം. കോൺഗ്രസിന്റെ സംഘടനാ കീഴ്‌വഴക്കമനുസരിച്ച് സംസ്ഥാന പ്രസിഡന്റുമാരെ പ്രഖ്യാപിക്കേണ്ടത് പാർട്ടി അഖിലേന്ത്യാ പ്രസിഡന്റാണ്. ഇപ്പോൾ കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ആരാണെന്ന് ചോദിച്ചാൽ തൽക്കാലത്തേക്ക് സോണിയാ ഗാന്ധിയാണെന്ന് പറയാം. രാഹുൽ ഗാന്ധി ഇപ്പോൾ കേരളത്തിൽ നിന്നുള്ള ഒരു എം.പിയും പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗവും മാത്രമാണ്.  കോൺഗ്രസ് ദേശീയ പ്രസിഡന്റായിരുന്ന രാഹുൽ ഗാന്ധി ആ പദവി രാജിവെച്ചിട്ട്  രണ്ട് വർഷം തികയാറായി. കൃത്യമായി പറഞ്ഞാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടർന്ന് 2019 ജൂൈല മൂന്നിനാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. അതോടെ കോൺഗ്രസിന് നാഥനില്ലാതായി. ഒടുവിൽ രാഹുൽ ഗാന്ധിയുടെ മാതാവും മുൻ പാർട്ടി പ്രസിഡന്റുമായിരുന്ന സോണിയ ഗാന്ധിയെ തൽക്കാലത്തേക്ക് പ്രസിഡന്റ് പദം ഏൽപിച്ചെന്നും ഉടൻ പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നും പറഞ്ഞ് പാർട്ടി ദേശീയ സമിതി തടിതപ്പുകയായിരുന്നു. തെരഞ്ഞെടുപ്പ് ഉടൻ വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ദോഷം പറയരുതല്ലോ, കൊല്ലം രണ്ട് ആയിട്ടും കോൺഗ്രസിന് ഇന്നും സ്ഥിരം ദേശീയ പ്രസിഡന്റ് വന്നിട്ടില്ല. പ്രസിഡന്റ് ഇല്ലെങ്കിലും കാര്യങ്ങൾ ഇപ്പോഴും തീരുമാനിക്കുന്നത് രാഹുൽ ഗാന്ധിയാണ്. എന്നു വരും താൽക്കാലികനല്ലാത്ത ഒരു  പ്രസിഡന്റ് എന്ന് ആലോചിച്ച് അതിന് വേണ്ടി കണ്ണും നട്ട് കാത്തിരിക്കുകയാണ് രാജ്യത്തെ കോൺഗ്രസുകാർ. പുതിയ പ്രസിഡന്റിനെ ഉടൻ തെരഞ്ഞെടുക്കുമെന്ന് ഇടയ്ക്കിടെ പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. നാട്ടുഭാഷയിൽ കോഴിക്ക് മുല വരുന്നു എന്നു പറയുന്നത് പോലെയാണ് കോൺഗ്രസിന് പുതിയ പ്രസിഡന്റ് വരുന്നു എന്ന് പറയുന്നത്. രണ്ടും അടുത്ത കാലത്തൊന്നും നടക്കുന്ന കാര്യമല്ല. ലോകത്തിലെ ഏറ്റവും പഴയതും വലിയതുമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളിലൊന്നായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒരു അധ്യക്ഷനെ കണ്ടെത്താൻ പോലും കഴിയുന്നില്ലെന്നതിൽപരം നാണക്കേട് എന്താണുള്ളത്. വർഷങ്ങളോളം രാജ്യം ഭരിച്ച പാർട്ടിയാണ് നാഥനില്ലാതെ ഉഴലുന്നത്. ഈ നാഥനില്ലാക്കളരി തന്നെയാണ് ബി.ജെ.പിയെ രാജ്യത്ത് വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റിയതും. അധികാരത്തിലേറ്റിയതും.

19 വർഷം പാർട്ടിയെ നയിച്ച ശേഷം 2017 ൽ സോണിയ ഗാന്ധി പാർട്ടി പ്രസിഡന്റ് പദം ഒഴിഞ്ഞപ്പോഴാണ് രാഹുൽ ഗാന്ധിയെ പ്രസിഡന്റാക്കിയത്. അത് ഒരു തരം കെട്ടിയേൽപിക്കലായിരുന്നുവെന്ന് പിന്നീട് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ തന്നെ തെളിഞ്ഞു. എങ്ങനെയെങ്കിലും ഈ ഭാരം തന്റെ തലയിൽ നിന്ന് ഒഴിവായാൽ മതിയെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്റേത്. ബി.ജെ.പി ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെ പ്രതിപക്ഷമെന്ന നിലയിൽ കർശന നിലപാടുകൾ എടുക്കേണ്ട സമയത്ത് അദ്ദേഹം എവിടെയുണ്ടെന്ന് പറയാൻ പോലും കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. രാഹുൽ ഗാന്ധിയുടെ ഇടയ്ക്കിടെയുള്ള മുങ്ങൽ വലിയ തലവേദനയാണ് പാർട്ടിക്ക് സൃഷ്ടിച്ചത്. പാർലമെന്റിൽ പ്രതിപക്ഷ നിരയെ ഒറ്റക്കെട്ടായി നയിക്കാൻ പോലും ആളില്ലാത്ത സ്ഥിതി വന്നു.

കോൺഗ്രസിന് മുന്നിൽ ഇപ്പോഴുള്ള ഏറ്റവും വലിയ ദൗത്യം താൽക്കാലിക സംവിധാനങ്ങൾക്ക് പകരം എത്രയും പെട്ടെന്ന് ഒരു സ്ഥിരം പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയെന്നതാണ്. ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഉത്തരവാദപ്പെട്ട ഒരു നേതൃത്വം ഉണ്ടെങ്കിൽ മാത്രമേ അതിന് വളർച്ചയുണ്ടാകൂ. ജനാധിപത്യ-മതേതര ശക്തികൾ ഏറ്റവും കരുത്തോടെ മുന്നേറേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്നത്. മറുഭാഗത്ത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ കരുത്ത് എന്ന് പറയുന്നത് അവരുടെ ദേശീയ നേതൃത്വമാണ്. നരേന്ദ്ര മോഡിയും അമിത് ഷായും ചേർന്ന് പാർട്ടിയെ പടുത്തുയർത്തിയില്ലായിരുന്നുവെങ്കിൽ രാജ്യത്ത് തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറാൻ ബി.ജെ.പിക്ക് കഴിയുമായിരുന്നില്ല. ഏത് പ്രതിസന്ധിയെയും മറികടക്കാനും അതിനു വേണ്ടി എന്ത് രാഷ്ട്രീയ തന്ത്രങ്ങളും പ്രയോഗിക്കാനും പ്രാപ്തിയുള്ളതാണ് അവരുടെ ദേശീയ നേതൃനിര. അവർ കൃത്യമായി തന്ത്രങ്ങൾ മെനയുന്നു. അത് നടപ്പാക്കുകയും ചെയ്യുന്നു. ഒഴുക്കിനൊത്ത് പാർട്ടിയെ കൊണ്ടുപോകേണ്ട  ബാധ്യത മാത്രമേ ഇപ്പോഴത്തെ പ്രസിഡന്റ് ജെ.പി.നദ്ദക്കുള്ളൂ.

ബി.ജെ.പിയുടെ നേതൃനിരയെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ദേശീയ നേതാക്കളടക്കം ബി.ജെ.പിയിലേക്ക് ഒഴുകുന്നത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ  ജിതിൻ പ്രസാദ ബി.ജെ.പിയിൽ ചേർന്നിരിക്കുകയാണ്. അതിനു മുൻപ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടിരുന്നു. അങ്ങനെ കഴിവും സ്വാധീനവുമുള്ള എത്ര നേതാക്കളാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. കോൺഗ്രസിന് ശക്തമായ ഒരു നേതൃത്വമില്ലാത്തതുകൊണ്ട് മാത്രമാണ് ഈ കൊഴിഞ്ഞുപോക്ക് തുടർന്നുകൊണ്ടിരിക്കുന്നത്. കഴിവുള്ള ഒരു നേതൃത്വമുണ്ടെങ്കിൽ ഇതിനെല്ലാം തടയിടാമായിരുന്നു. കോൺഗ്രസ് നേതാക്കളെ ബി.ജെ.പി വല വീശിപ്പിടിക്കുന്നതിൽ ബി.ജെ.പിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അത് അവരുടെ രാഷ്ട്രീയ  തന്ത്രമാണ്. പരാജയം കോൺഗ്രസ് നേതൃത്വത്തിന്റേതാണ്..

കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ ഒരാളാണ് ഇപ്പോൾ ബി.ജെ.പിയിൽ ചേർന്ന ജിതിൻ പ്രസാദ. മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാണ് ഈ കത്തിൽ ഒപ്പിട്ടിരുന്നത്. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ടാണ് എത്രയും വേഗം സ്ഥിരം പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ഇവർ മുന്നോട്ട് വെച്ചത്. എന്നാൽ നെഹ്‌റു കുടംബത്തിന്റെ വിശ്വസ്തരെന്ന് അഭിനയിച്ചുകൊണ്ട് മറ്റു ചില നേതാക്കൾ കത്തെഴുതിയവരെ തള്ളിപ്പറയുകയും സോണിയയുടെയും രാഹുലിന്റെയും പരോക്ഷ പിന്തുണയോടെ അവരെ പാർട്ടിയിൽ ഒതുക്കുകയുമാണുണ്ടായത്. 

നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ആരെങ്കിലും  കോൺഗ്രസ് പ്രസിഡന്റായി വന്നാൽ ദേശീയ നേതാക്കളായി ഇരുന്ന് വെറുതെ സമയം കളയുകയും പാർട്ടി ആനുകൂല്യങ്ങൾ കൈപ്പറ്റുകയും പാരവെപ്പ് നടത്തുകയും ചെയ്യുന്ന തങ്ങളിൽ പലരുടെയും സ്ഥാനം നഷ്ടപ്പെടുമെന്ന് ഭയക്കുന്നവരാണ് പുതിയ നേതൃത്വം വരുന്നതിനെ തള്ളിപ്പറയുന്നത്. അവർ ലക്ഷ്യമിടുന്നത് പാർട്ടിയുടെ വളർച്ചയിലല്ല, മറിച്ച് തങ്ങളുടെ സ്ഥാനമാനങ്ങൾ നിലനിർത്തുന്നതിലാണ്. അതിന് വേണ്ടി സോണിയക്കും രാഹുലിനും ചുറ്റും ഇവർ ഉപഗ്രഹങ്ങളായി കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഉപജാപങ്ങൾ നടത്തുന്ന ഇത്തരം ഒരു പിടി നേതാക്കളാണ് യഥാർത്ഥത്തിൽ കോൺഗ്രസിന്റെ ശാപം. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് കോൺഗ്രസ് ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ തെരഞ്ഞടുപ്പ് കഴിഞ്ഞ് അടുപ്പിലെ ചാരം വാരിയിട്ടും പ്രസിഡന്റ് മാത്രം വന്നില്ല. ഇനി എന്നാണാവോ ഒരു ദേശീയ പ്രസിഡന്റിനെ കിട്ടുക? 

Latest News