Sorry, you need to enable JavaScript to visit this website.
Thursday , June   17, 2021
Thursday , June   17, 2021

'ഡിജിറ്റൽ ഡിവൈഡി'ന്റെ കാലം

കോവിഡ് മഹാമാരി യഥാർഥത്തിൽ ഒരു പുതിയ ലോകക്രമം തന്നെ സൃഷ്ടിക്കുകയാണ്. സാമ്പ്രദായിക രീതികൾ ഉപേക്ഷിക്കാൻ നിർബന്ധിതമായ വിദ്യാഭ്യാസ മേഖലയാണ് ഏറ്റവും വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പോകുന്നത്. അതിനാൽ ഡിജിറ്റൽ ഡിവൈഡ് എന്നത് താൽക്കാലികമായി നേരിടേണ്ട വെല്ലുവിളിയല്ലെന്നും ശാശ്വതവും സുസ്ഥിരവുമായ പരിഹാര മാർഗങ്ങളാണ് വേണ്ടതെന്നും നാം തിരിച്ചറിയുന്നു.

കോവിഡ് മഹാമാരി ഏറ്റവുമുധികം ബാധിച്ച മേഖലകളിലൊന്ന് വിദ്യാഭ്യാസമാണ്. ലക്ഷക്കണക്കിന് വിദ്യാർഥികൾ, നഴ്‌സറി മുതൽ പി.ജി വരെയുള്ളവർ വീടുകളിൽ തളച്ചിടപ്പെട്ടു. വിദ്യാലയങ്ങളിൽനിന്ന് ലഭിക്കേണ്ട സാമൂഹിക പാഠങ്ങളാണ് അവർക്ക് നഷ്ടമായത്. സാങ്കേതികമായ അർഥത്തിൽ നാം വിദ്യാഭ്യാസ പ്രക്രിയ തുടരുന്നുണ്ട്. അതിന് കണ്ടെത്തിയ മാർഗമാണ് ഡിജിറ്റൽ രീതി, അല്ലെങ്കിൽ ഓൺലൈൻ വിദ്യാഭ്യാസം.
സ്‌കൂളുകളിൽനിന്ന് കംപ്യൂട്ടറുകൾക്ക് മുന്നിലേക്കുള്ള എടുത്തുചാട്ടം ക്ഷിപ്രമായിരുന്നു. മുൻകരുതലുകളോ, ആസൂത്രണമോ ഇല്ലാതെ അപ്രതീക്ഷിതമായി നിർബന്ധിതമായി ചെയ്യേണ്ടി വന്ന ഒരു അഭ്യാസം. സ്വന്തമായി മൊബൈൽ ഫോണുകളോ കംപ്യൂട്ടറോ ഇല്ലാത്ത, ഇന്റർനെറ്റ് സാർവത്രികമല്ലാത്ത ഒരു സമൂഹത്തിലേക്ക് ഓൺലൈൻ വിദ്യാഭ്യാസം അടിച്ചേൽപിക്കേണ്ടിവരുന്ന നിർബന്ധിതാവസ്ഥ സൃഷ്ടിച്ചത് യഥാർഥത്തിൽ വലിയൊരു വിവേചനമായിരുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം പ്രകടമായ നാളുകളാണ് നമ്മെ തുറിച്ചുനോക്കിയത്. 
സ്‌കൂൾ തുറന്നില്ലെങ്കിലും അധ്യയന വർഷം നഷ്ടപ്പെടുത്തരുതെന്ന തീരുമാനപ്രകാരം വിക്ടേഴ്സ് ചാനൽ വഴി കേരളത്തിൽ ക്ലാസുകൾ തുടങ്ങുകയായിരുന്നു. ടി.വിയോ കംപ്യൂട്ടറോ വീട്ടിലില്ലാത്ത കുട്ടികൾ ഈ ഡിജിറ്റൽ ക്ലാസ് മുറികളിൽനിന്ന് പുറത്താക്കപ്പെടുമെന്ന ആശങ്കയും വിമർശനവും അന്ന് തന്നെ സംസ്ഥാനത്തുണ്ടായി. ഉപകരണങ്ങൾ ഉണ്ടെങ്കിൽ തന്നെ നെറ്റ്വർക്ക് കവറേജിന്റെയും ആവശ്യത്തിന് ഡാറ്റ ലഭ്യമാവാത്തതിന്റെയും പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നതും പാവപ്പെട്ട കുട്ടികളായിരിക്കുമെന്ന് നിരീക്ഷിക്കപ്പെട്ടു. ഡിജിറ്റൽ വിടവ് സൃഷ്ടിക്കുന്ന പഠന വിടവിനെക്കുറിച്ച് സർക്കാരും ഗൗരവമായി ആലോചിച്ചു. പൊതു പഠന കേന്ദ്രങ്ങളൊരുക്കി താൽക്കാലിക പ്രതിസന്ധി മറികടന്നെങ്കിലും ശാശ്വതമായ പ്രശ്ന പരിഹാരത്തിനുള്ള ശ്രമത്തിലാണ് നാം ഇപ്പോൾ.
സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവൻ പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കാൻ സമയബന്ധിത പദ്ധതി തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി ടെലികോം സേവന ദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി നാല് ദിവസത്തിനുള്ളിൽ പ്രവർത്തന രൂപരേഖ തയാറാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.
ഓൺലൈൻ പഠനത്തെ ആശ്രയിക്കേണ്ടി വരുന്ന പുതിയ സാഹചര്യത്തിൽ പഠനം ഫലപ്രദമായി നടത്താൻ സൗകര്യമൊരുക്കണം. ഇതിന് ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യവും ലാപ്ടോപ്പും ടാബും ഉൾപ്പെടെയുള്ള ഗാഡ്ജറ്റുകൾ ഓരോ വിദ്യാർഥിക്കും ഉറപ്പ് വരുത്തേണ്ടതുണ്ട്. 
ആദിവാസി മേഖലകൾ ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്തത് പ്രധാന പ്രശ്നമാണ്. സംസ്ഥാനത്ത് പട്ടികവർഗ വിഭാഗത്തിൽ 86,423 കുട്ടികളുണ്ട്. ഇതിൽ 20,493 കുട്ടികൾക്ക് കണക്ടിവിറ്റി ഇല്ലാത്തതുകൊണ്ട് ഓൺലൈൻ ക്ലാസ് നൽകാനാവുന്നില്ല. കണക്ടിവിറ്റി ഇല്ലാത്ത പട്ടികവർഗ കോളനികളിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഉറപ്പ് വരുത്തേണ്ടതുണ്ട്. 
അധ്യാപകരും വിദ്യാർഥികളും പരസ്പരം കണ്ടുകൊണ്ടുള്ള ഓൺലൈൻ ക്ലാസ് ലഭ്യമാകണമെങ്കിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനം ഗ്രാമ-നഗര ഭേദമില്ലാതെ ഉറപ്പു വരുത്തിയേ മതിയാകൂ. ഇതിന് എഫ്.ടി.ടി.എച്ച്./ബ്രോഡ്ബാന്റ് കണക്ഷൻ സാധ്യമായിടങ്ങളിലെല്ലാം നൽകാനാവണം. അതോടൊപ്പം വൈ-ഫൈ കണക്ഷൻ നൽകുന്നതിനുള്ള മൊബൈൽ ടവറുകളും മറ്റു സംവിധാനങ്ങളുമൊരുക്കണം. 
ഡിജിറ്റൽ വിവേചനം ഇല്ലാതെ എല്ലാവർക്കും ഓൺലൈൻ പഠനം ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നിയമസഭയിലും പുറത്തും മുഖ്യമന്ത്രി പറയുന്നുണ്ട്. സാമ്പത്തികമായി പിന്നോക്ക വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് സൗജന്യമായി ഇന്റർനെറ്റ് സൗകര്യം നൽകാൻ സാധിക്കണം. ഓൺലൈൻ പഠനം ഫലപ്രദമാകാൻ എല്ലാ വിദ്യാർഥികൾക്കും കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ഉറപ്പു വരുത്താനുമാകണം. കോവിഡിന്റെ മൂന്നാം തരംഗവും പ്രതീക്ഷിക്കുന്ന ഈ ഘട്ടത്തിൽ ഓൺലൈൻ പഠനം കുറച്ചുകാലം തുടരേണ്ടി വരും എന്നാണ് കണക്കാക്കേണ്ടത്. ഇക്കാര്യം പരിഗണിച്ച് തടസ്സമില്ലാതെ ഇന്റർനെറ്റ് സൗകര്യം എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ഉറപ്പു വരുത്താനാകണം. ഇതിന് സർക്കാർ കണ്ടെത്തുന്ന മാർഗങ്ങൾ എന്തെല്ലാമെന്നത് പ്രധാനമാണ്. 
കേരളത്തിലെവിടെയും ഹൈസ്പീഡ് ഡാറ്റാ കവറേജ് ഉറപ്പു വരുത്തുന്ന ഇന്റൻനെറ്റ് പദ്ധതിയായ കെ ഫോൺ പാതിവഴിയിലാണ്. ദരിദ്രരായ ഇരുപത് ലക്ഷം വീട്ടുകാർക്കാണ് കെ ഫോണിലൂടെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ വാഗ്ദാനം ചെയ്യപ്പെടുന്നത്. സ്‌കൂൾ വിദ്യാർഥികളായ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ ഹൈസ്പീഡ് ഇന്റർനെറ്റ് സർവീസും വിദ്യാഭ്യാസ ആവശ്യത്തിനുള്ള മുഴുവൻ ഫീച്ചേഴ്സും ഉൾപ്പെടുത്തിയിട്ടുള്ള ലാപ്ടോപ്പും ലഭ്യമാക്കുന്നതോടെ ഡിജിറ്റൽ ഡിവൈഡ് സൃഷ്ടിക്കുന്ന പ്രശ്നത്തിന് പരിഹാരമാവുമെന്നാണ് സർക്കാർ പ്രതീക്ഷ. എന്നാലിതിന് എത്ര കാലം പിടിക്കും എന്നത് പ്രധാനമാണ്.
ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് പൊടുന്നനെ ചുവടുമാറേണ്ടി വന്നത് കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രം കുട്ടികളല്ല. കോവിഡ് കാരണം ലോകത്താകമാനം 174 കോടി കുട്ടികളുടെ പഠനം മുടങ്ങിയതായാണ് യൂനിസെഫ് കണക്കാക്കുന്നത്. ഇന്ത്യയിൽ പഠനം മുടങ്ങിയ കുട്ടികളുടെ എണ്ണം 30 കോടിയാണ്. ഈ അവസ്ഥയെ ഭാഗികമായെങ്കിലും നേരിടാൻ ലോകം മുഴുവൻ സ്വീകരിച്ച മാർഗമാണ് ഓൺലൈൻ വിദ്യാഭ്യാസം. ഇ-ലേണിംഗിന്റെ വിവിധ സാധ്യതകളിലേക്ക് വഴിമാറുകയായിരുന്നു ഓരോ രാജ്യവും. 
ഇന്റർനെറ്റിന്റെ അപാരമായ സാധ്യതകൾ മുതൽ ടെലിവിഷൻ സംപ്രേഷണങ്ങൾ, റേഡിയോ പ്രക്ഷേപണങ്ങൾ എന്നിവയെല്ലാം നടപ്പാക്കപ്പെട്ടതായി വിദ്യാഭ്യാസ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെയൊന്നും ഗുണഭോക്താക്കളാവാൻ കഴിയാതെ, വിദ്യാഭ്യാസ അവസരം പൂർണമായി നിഷേധിക്കപ്പെട്ട കുട്ടികളും ലോകത്ത് ഒട്ടേറെയുണ്ട്. പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും. 
കോവിഡ് വേഗമൊന്നും ഒഴിഞ്ഞുപോകില്ല എന്ന യാഥാർഥ്യത്തോട് നാം പതുക്കെപ്പതുക്കെ പൊരുത്തപ്പെട്ടു വരികയാണ്. സ്‌കൂളുകൾ സാധാരണ പോലെ തുറക്കാൻ കഴിഞ്ഞാലും ഇനി പഴയ പോലെയാവില്ല കാര്യങ്ങൾ. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ജാഗ്രതകൾ നാം ഏറെക്കാലും ഇനിയും മുന്നോട്ടു കൊണ്ടുപോകേണ്ടിവരും. ഒരു ബെഞ്ചിൽ അഞ്ചും ആറും കുട്ടികൾ ഒന്നിച്ചിരിക്കുന്ന ക്ലാസ് മുറി അടുത്ത കാലത്തൊന്നും നമുക്ക് തിരിച്ചുപിടിക്കാനാവില്ല. എല്ലാ ദിവസവും എല്ലാ കുട്ടികളും സ്‌കൂളിലെത്തുക എന്നത് പോലും എളുപ്പത്തിൽ പ്രായോഗികമായെന്നു വരില്ല. ചുരുക്കത്തിൽ സ്‌കൂളുകൾ തുറന്നാലും ഡിജിറ്റൽ, ഓൺലൈൻ പഠനരീതികൾ നാം തുടരേണ്ടിവരുമെന്ന് അർഥം. ക്ലാസ് മുറികളിലെ പഠനത്തോടൊപ്പം ഓൺലൈൻ പഠന രീതികൾ കൂടി ഒന്നിച്ചുകൊണ്ടുപോകുന്ന മിശ്രിത പഠന രീതി  നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാകും എന്നത് ഉറപ്പാണ്.
ചില വിദ്യാഭ്യാസ വിചക്ഷണർ ചൂണ്ടിക്കാട്ടുന്നത്, മൂന്നാം വ്യവസായ വിപ്ലവത്തിന് വൈദ്യുതി എന്തു പങ്കു വഹിച്ചുവോ അതാണ്  ഇനി ഇന്റർനെറ്റിനുള്ളതെന്നാണ്. അലങ്കാരമോ അധിക സൗകര്യമോ ആയി ഇന്റർനെറ്റിനെ ഇനി കാണാനാവില്ല. വൈദ്യുതി ഇല്ലാത്ത  വീട്, അല്ലെങ്കിൽ ഓഫീസ് എങ്ങനെയാണോ അതേ അവസ്ഥയാണ് ആവശ്യത്തിന് ഇന്റർനെറ്റില്ലെങ്കിൽ ഇനിയങ്ങോട്ട് അനുഭവിക്കേണ്ടി വരിക. അച്ചടിച്ച പാഠപുസ്തകങ്ങളും എഴുതിയുണ്ടാക്കുന്ന നോട്ടു പുസ്തകങ്ങളും അധിക കാലമുണ്ടാവില്ല. ലാപും ടാബുമാവും സ്‌കൂളിലെ പ്രധാന പഠന സാമഗ്രികൾ എന്നത് ഇപ്പോൾ ഉൾക്കൊള്ളാത്തവരും ഉടനെ കാണേണ്ടി വരുന്ന വസ്തുത തന്നെയാവും. കുട്ടികൾക്കെല്ലാം ലാപ്ടോപും വീടുകളിൽ സൗജന്യ ഇന്റർനെറ്റും എന്നത് ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് കുതിക്കുന്ന ഒരു സമൂഹത്തിന്റെ അനിവാര്യതകളാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു നാം.
ഡിജിറ്റൽ ഡിവൈഡ് എന്നത് താൽക്കാലികമായി നേരിടേണ്ട ഒരു വെല്ലുവിളിയല്ലെന്നും ശാശ്വതവും സുസ്ഥിരവുമായ പരിഹാര മാർഗങ്ങളാണ് ഇതിന് വേണ്ടതെന്നും ഈ സാഹചര്യം നമ്മെ ബോധ്യപ്പെടുത്തുന്നു. അതിനാൽ തന്നെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നാം ആസൂത്രണം ചെയ്യേണ്ടിവരും. ഒരുപക്ഷേ കോവിഡ് കാലത്തെ ഭരണകൂടങ്ങളുടെ പ്രധാന ചുമതല, ലോകത്തെ ഒരു പുതിയ ക്രമത്തിലേക്ക് നയിക്കുകയെന്നത് തന്നെയാണ്. അതിൽ പരാജയപ്പെടുന്നത് പുതിയ ലോകക്രമത്തിൽ നാം പിന്നോട്ട് തള്ളപ്പെടാൻ ഇടയാക്കും.
 

Latest News