Sorry, you need to enable JavaScript to visit this website.
Thursday , June   17, 2021
Thursday , June   17, 2021

നേതൃമാറ്റമല്ല, നയം മാറ്റമാണ് വേണ്ടത്

നേതൃമാറ്റം തൊലിപ്പുറ ചികിൽസ മാത്രമാണ്. അടിമുടി നയം മാറ്റിയില്ലെങ്കിൽ, ചാഞ്ചാടുന്ന നയം ഉപേക്ഷിക്കില്ലെങ്കിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അകലം ഏറെ കുറയുമെന്ന ദുരന്തത്തിന് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കേണ്ടി വരും. 

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുഖ്യ സാരഥ്യത്തിലേക്കുള്ള കെ. സുധാകരന്റെ ആരോഹണം സംസ്ഥാനത്തെ കോൺഗ്രസിൽ വലിയ മാറ്റത്തിന് കാരണമാകുമെന്നാണ് വ്യാപകമായി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. രണ്ടര വർഷം മുമ്പ് കെ.പി.സി.സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ നിയമിക്കപ്പെട്ടപ്പോഴും തകർച്ചയെ നേരിടുന്ന കോൺഗ്രസിന് പുതിയ ഊർജമാണ് വരുന്നതെന്ന പ്രചാരണം തന്നെയാണ് ഉണ്ടായത്. സാമുദായിക സമവാക്യങ്ങളുടെയും അധികാര മോഹത്തിന്റെയും ഫലമായി ആഭ്യന്തര വകുപ്പ് മന്ത്രിയായതിനെ തുടർന്ന് രമേശ് ചെന്നിത്തല 2014 ൽ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനു ശേഷം നാലാമത്തെ പ്രസിഡന്റാണ് കെ. സുധാകരൻ. 
മൂന്ന് വർഷത്തോളം വി എം സുധീരനും ഒരു വർഷം എം എം ഹസനും അതിന് ശേഷം 2018 മുതൽ മുല്ലപ്പള്ളി രാമചന്ദ്രനും പ്രസ്തുത സ്ഥാനങ്ങൾ വഹിച്ചവരാണ്. മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റായി ദൽഹിയിൽ നിന്ന് നിയമിക്കുന്ന ഘട്ടം വരെ പ്രസ്തുത സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടത് കെ.  സുധാകരന്റെ പേരായിരുന്നു. മുല്ലപ്പള്ളി അധ്യക്ഷനായതിന് പിന്നാലെ കെ. സുധാകരൻ ഉൾപ്പെടെ മൂന്ന് പേരെ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചുകൊണ്ട് കൂട്ടായ നേതൃത്വം എന്ന പ്രതീതി സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടായി. എന്നാൽ നേതൃമാറ്റമോ കൂട്ടായ്മയോ അല്ല നയംമാറ്റമാണ് കോൺഗ്രസിന്റെ നിലനിൽപിന് ആവശ്യമെന്ന വസ്തുത നേതാക്കൾ ഓർത്തില്ല.

ഇത്തവണ കെ. സുധാകരൻ പ്രസിഡന്റായതിന് ഒപ്പം തന്നെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരെ നിയോഗിച്ചിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് എംപി, എം.എൽ.എമാരായ പി ടി തോമസ്, ടി സിദ്ദീഖ് എന്നിവരാണ് അവർ. കെ സുധാകരനെയും വർക്കിങ് പ്രസിഡന്റുമാരായ മൂന്ന് പേരെയും പരിശോധിച്ചാൽ തന്നെ കോൺഗ്രസ് രക്ഷപ്പെടുന്നതിനുള്ളതല്ല ഈ നേതൃമാറ്റം എന്ന് വ്യക്തമാകുന്നതാണ്. ഗ്രൂപ്പില്ലായ്മയാണ് കെ. സുധാകരന്റെ മെച്ചമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ കണ്ണൂരിലെ രാഷ്ട്രീയത്തിൽ തന്റെ പേരിൽ സ്വന്തമായി ഗ്രൂപ്പുണ്ടാക്കുകയും അതിലൂടെ തന്റെയും അനുയായികളുടെയും സ്ഥാനമാനങ്ങളും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിന് വഴിവിട്ടു പോലും ഇടപെടുകയും ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങൾ എടുത്തുകാട്ടാനുണ്ട്. ക്രിമിനലുകളെ സംരക്ഷിക്കുന്നതിനോ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുന്നതിനോ പോലും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. സി.പി.എം വിരുദ്ധതയുടെ ആൾരൂപമായാണ് പല ഘട്ടങ്ങളിലും കെ സുധാകരൻ നിലകൊണ്ടത്. കണ്ണൂരിന്റെ സാമാധാന ജീവിതം തകർക്കുന്നതിൽ വർഗീയ  രാഷ്ട്രീയ സംഘടനകൾ വലിയ പങ്ക് വഹിക്കുമ്പോൾ അന്ധമായ സി.പി.എം വിരുദ്ധത കാരണം അതിന് വെള്ളവും വളവും നൽകുന്നതിൽ സുധാകരൻ പിറകിലായിരുന്നില്ല. അതുകൊണ്ടു തന്നെ കെ. സുധാകരൻ മാറ്റത്തിന്റെ മിശീഹയായിരിക്കുമെന്നൊക്കെയുള്ള പ്രചാരണങ്ങൾ വസ്തുതാപരമായിരിക്കില്ല.
യഥാർത്ഥത്തിൽ തലമുറ മാറ്റം എന്ന പേരിൽ സംസ്ഥാന കോൺഗ്രസിൽ നടന്നിരിക്കുന്നത് ഒരു തരത്തിലുള്ള കൺകെട്ട് വിദ്യയല്ലാതെ മറ്റെന്താണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ലോക്സഭാംഗമാണ്. വർക്കിങ് പ്രസിഡന്റുമാരിൽ ഒരാൾ ലോക്സഭാംഗവും രണ്ടുപേർ നിയമസഭാംഗങ്ങളുമാണ്. പേരിൽ സംസ്ഥാനത്ത് രണ്ടു ഗ്രൂപ്പുകളേയുള്ളൂ എങ്കിലും ഈ നാലുപേരും വിവിധ ഗ്രൂപ്പുകളുടെ പേരിൽ സ്ഥാനമാനങ്ങൾ ഉറപ്പിച്ചവരുമാണ്. പലരും നേതാക്കന്മാരുടെ ആശീർവാദത്താലും സേവ പിടിച്ചും പദവികൾ നേടിയവരാണ്. കേരളത്തിലെ സാധാരണ ജനങ്ങൾക്കു വേണ്ടി പോകട്ടെ, കോൺഗ്രസിലെ സാധാരണ പ്രവർത്തകർക്കു വേണ്ടിയുള്ള എന്ത് പ്രവർത്തന പദ്ധതികളാണ് കോൺഗ്രസ് ആവിഷ്‌കരിക്കാറുള്ളത്. സ്ഥാനമാനങ്ങൾ പങ്കിടുന്നതിനുള്ള കൂട്ടംകൂടലുകളും തർക്ക വിതർക്കങ്ങളുമല്ലാതെ വികസനത്തിനും പുരോഗതിക്കും വേണ്ടിയുള്ള കൃത്യമായ പഠനങ്ങളോ പദ്ധതികളോ കോൺഗ്രസ് രൂപീകരിക്കുന്നുണ്ടോ. എന്തിന് കഴിഞ്ഞ അഞ്ചു വർഷം ക്രിയാത്മകമായ പ്രതിപക്ഷമാകുന്നതിന് പോലും കോൺഗ്രസിന് സാധിച്ചിട്ടില്ല. പലപ്പോഴും ബി.ജെ.പി വിതയ്ക്കുന്നതിന്റെ വിളവ് കൊയ്യുന്നതിനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തിയത്. 
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുണ്ടായതു പോലെ പ്രതിപക്ഷ നേതൃസ്ഥാനത്തും ഒരു മാറ്റം ഉണ്ടായെങ്കിലും മെച്ചപ്പെട്ട ഒന്നായിരിക്കും അത് എന്നല്ല ആദ്യ സൂചനകളിൽ വ്യക്തമാകുന്നത്. രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലും ആശയങ്ങളിലും പ്രവർത്തിക്കുന്ന പാർട്ടികൾ എന്ന നിലയിൽ കോൺഗ്രസിന് കമ്യൂണിസ്റ്റുകാരെ പൂർണമായി പിന്തുണക്കുക സാധ്യമായിരിക്കില്ല. പക്ഷേ സമൂഹത്തിന്റെ വികസനത്തിന്റെയും സാമുദായിക സൗഹാർദത്തിന്റെയും വിഷയത്തിൽ പരസ്പരം സഹകരിക്കുകയെന്നത് പ്രതിപക്ഷ ധർമമാണെന്ന് മനസ്സിലാക്കണം. വിമർശനം, എതിർപ്പ് എന്നിവ മാത്രമല്ല പ്രതിപക്ഷത്തിന്റെ ദൗത്യം. വ്യക്തിപൂജയിലും ഗ്രൂപ്പ് സമവാക്യങ്ങളിലൂടെയുള്ള വീതംവെയ്പുകളിലും അഭിരമിക്കുകയാണ് കോൺഗ്രസിന്റെ വഴിയെങ്കിൽ ആരു വന്നാലും കേരളത്തിലെ കോൺഗ്രസിന് രക്ഷയില്ലെന്ന് അതിലെ അണികളെങ്കിലും തിരിച്ചറിയണം. നേതൃമാറ്റം തൊലിപ്പുറ ചികിൽസ മാത്രമാണ്. അടിമുടി നയം മാറ്റിയില്ലെങ്കിൽ, ചാഞ്ചാടുന്ന നയം ഉപേക്ഷിക്കില്ലെങ്കിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അകലം ഏറെ കുറയുമെന്ന ദുരന്തത്തിന് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കേണ്ടി വരും. 


 

Latest News