കോവിഡ് തീവ്രത കുറഞ്ഞാലുടന്‍ പി.എസ്.സി പരീക്ഷകള്‍

തിരുവനന്തപുരം- മാറ്റിവച്ച പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞാലുടന്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.

എല്ലാ ഒഴിവുകളും യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. 5-2-21നും 3-8-21നുമിടയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 4-8-21 വരെ ദീര്‍ഘിപ്പിച്ചു. ഇതിനിടയില്‍ ഉണ്ടാകുന്ന എല്ലാ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാനും നിലവിലെ റാങ്ക് ലിസ്റ്റുകളില്‍നിന്ന് നിയമനം നടത്താനും നിര്‍ദ്ദേശം നല്‍കി. സീനിയോറിട്ടി തര്‍ക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം എന്നിവമൂലം റഗുലര്‍ പ്രൊമോഷനുകള്‍ തടസപ്പെടുന്ന കേസുകള്‍ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരത്തില്‍ റഗുലര്‍ പ്രൊമോഷനുകള്‍ നടത്താന്‍ തടസമുള്ള തസ്തികകളെ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താത്കാലികമായി തരംതാഴ്ത്തി, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യും.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കൃത്യത അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് വിവിധ ഓഫീസുകളില്‍ പരിശോധിക്കുന്നുണ്ട്. പുറമേ, ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നെന്ന് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ധനകാര്യവകുപ്പ്, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിമാരുള്‍പ്പെട്ട സമിതിയുമുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടിട്ടും വിശേഷാല്‍ ചട്ടങ്ങളോ റിക്രൂട്ട്മെന്റ് ചട്ടങ്ങളോ രൂപീകരിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നിവയില്‍ ഇവ രൂപീകരിക്കുന്നതിന് വിവിധ വകുപ്പ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News