ഒരു വിളിക്കപ്പുറമുണ്ടായിരുന്ന മകള്‍, സജിതയെ കാണാന്‍ മാതാപിതാക്കളെത്തി

പാലക്കാട്- 10 വര്‍ഷത്തിനു ശേഷം മകളെ കണ്‍നിറയെ കണ്ട് ശാന്തയും വേലായുധനും. 10 വര്‍ഷം യുവാവ് പ്രണയിനിയെ ഒറ്റമുറിയില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിലെ സജിതയുടെ മാതാപിതാക്കള്‍ വാടകവീട്ടിലെത്തി. മകള്‍ ഒരു വിളിക്കപ്പുറം ഉണ്ടായിരുന്നിട്ടും കാണാന്‍ കഴിയാതിരുന്ന, എവിടെപ്പോയെന്ന ചിന്തയില്‍ ഉരുകി ജീവിച്ചിരുന്ന ശാന്തയും വേലായുധനും ഇന്ന് രാവിലെയാണ് സജിതയുടെ വാടകവീട്ടിലെത്തിയത്.
മൂന്നുമാസം മുന്‍പാണ് സജിതയും റഹ്‌മാനും ഇവിടേക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അയിലൂര്‍ സ്വദേശിയായ റഹ്‌മാന്‍, കാമുകിയായ സജിതയെ 10 കൊല്ലമാണ് സ്വന്തം വീട്ടില്‍ ആരുമറിയാതെ ഒളിപ്പിച്ചു താമസിപ്പിച്ചത്. മൂന്നു മാസം മുമ്പ് ഇവര്‍ ഇവിടെ വിട്ട് രഹസ്യമായി വീട് വിട്ടിറങ്ങി വാടകവീട്ടില്‍ താമസമാരംഭിച്ചു. അന്നു മുതല്‍ വീട്ടിലെത്താതിരുന്ന റഹ്‌മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് റഹ്‌മാന്‍ വാടകക്ക് താമസിക്കുന്ന വീട്ടിലെത്തിയ പോലീസ് സംഘം കണ്ടത് 10 വര്‍ഷം മുമ്പ് കാണാതായ സജിത എന്ന യുവതിയെയായിരുന്നു.

തങ്ങള്‍ പ്രണയത്തിലാണെന്നും 10 വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്‌മാന്‍ വെളിപ്പെടുത്തിയപ്പോള്‍ പോലീസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍, ഇവരുടെ മൊഴികളനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം നടക്കാവുന്ന കാര്യങ്ങളാണെന്നുമാണ് പോലീസ് പറഞ്ഞത്.

 

Latest News