Sorry, you need to enable JavaScript to visit this website.

ആയിഷ സുൽത്താനക്ക് എതിരെ നടപടി കടുപ്പിച്ച് പോലീസ്, 20ന് നേരിട്ട് ഹാജരാകാൻ നിർദ്ദേശം

കവരത്തി- ചാനൽ ചർക്കയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിൽ സിനിമാ പ്രവർത്തക ആയിഷ സുൽത്താനയോട് ഈ മാസം 20 ന് നേരിട്ടു ഹാജരാകാൻ കവരത്തി പോലീസ് ആവശ്യപ്പെട്ടു. 
ബി.ജെ.പി നേതാവ് നൽകിയ പരാതിയിൽ ആയിഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പോലീസ് കേസെടുത്തിരുന്നു. 124 എ, 153 ബി എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ ചാനൽ ചർച്ചയ്ക്കിടെ 'ജൈവായുധം' എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബി.ജെ.പി ലക്ഷദ്വീപ് അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. 
ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പൺ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുൽ പട്ടേലെന്ന ബയോവെപ്പൺ ഉപയോഗിച്ചത്' എന്നായിരുന്നു പരാമർശം. രാജ്യവിരുദ്ധമായ പ്രസ്താവനയാണ് ആയിഷ സുൽത്താനയിൽ നിന്നും ഉണ്ടായതെന്നാണ് ബി.ജെ.പി നേതാവ് പരാതിയിൽ ആരോപിച്ചത്. 
അതേസമയം ചാനൽ ചർച്ചയിൽ ബയോവെപ്പൺ എന്ന വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ലെന്നും ആയിഷ പറഞ്ഞു. പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൺ പോലെയാണ് എനിക്ക് തോന്നുന്നത്. ഒരു വർഷത്തോളമായി കോവിഡ് ഇല്ലാതിരുന്ന ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലും, ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചത്. ഹോസ്പിറ്റൽ ഫെസിലിറ്റിസ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കൽ ഡയറക്ടർ പ്രഫുൽ പട്ടേലിനെ അറിയിച്ചിട്ടും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടർറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുൽ പട്ടേലിനെയാണ് ബയോവെപ്പൺ ആയി താരതമ്യം ചെയ്തത്. സാങ്കേതിക പ്രശ്‌നം കാരണം പരസ്പരം പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കുറവ് അവിടെ ഉണ്ടായിട്ടുണ്ട് അതിൽ ഞാൻ അവസാനം വരെയും പ്രഫുൽ പട്ടേലിനെ തന്നെയാണു പറഞ്ഞുകൊണ്ടിരുന്നത്. അല്ലാതെ എന്റെ രാജ്യത്തെ അല്ല.
കോവിഡ് കേരളത്തിൽ എത്തിയ അന്ന് മുതൽ താൻ ഒരു ദിവസം പോലും റസ്റ്റില്ലാതെ ലക്ഷദ്വീപ് ഗവൺമെന്റിന്റെ കൂടെ നിന്ന് അവരെ സഹായിച്ചിട്ടുണ്ട് അതിനെ പറ്റി അന്ന് ലക്ഷദ്വീപിലെ യാത്രക്കാരുടെ കാര്യങ്ങൾ നോക്കിയിരുന്ന സർക്കിൾ ഇൻസ്‌പെക്ടർ തന്നെ അഭിനന്ദിച്ച് വീഡിയോ ഇട്ടിരുന്നു. അന്ന് ഉറക്കം പോലും ഇല്ലാതെ അവിടെ ഇവിടെ കുടുങ്ങി കിടക്കുന്നവരേയും, ഇവാകുവേഷൻ നടക്കുമ്പോൾ ആ രോഗികളെയും പോയി കൊണ്ട് വന്നു യഥാ സ്ഥലത്ത് എത്തിച്ചത് ഗവൺമെന്റിനോടുള്ള എന്റെ ഉത്തരവാദിത്തമായി കണ്ടത് കൊണ്ടാണ്. ഒപ്പം ആ നാട്ടിൽ കൊറോണ വരാതിരിക്കാൻ വേണ്ടിയും കൂടിയാണ്. അന്ന് അത്രയും റിസ്‌ക് എടുത്ത ഞാൻ പിന്നിട് അറിയുന്നത് പ്രഫുൽ പട്ടേൽ കാരണം കൊറോണ നാട്ടിൽ പടർന്നു പിടിച്ചു എന്നതാണ്. അപ്പോൾ പിന്നെ പിന്നേ അദ്ദേഹത്തെ എന്ത് പേരിലാണ് വിളിക്കുക- ഐഷ സുൽത്താന ചോദിക്കുന്നു.

Latest News