ബെംഗളുരു- കോവിഡ് ദുരിതാശ്വാസമായി ദക്ഷിണ കന്നഡ ജില്ലയിലെ 41 പള്ളികളിലെ ഇമാമുമാര്‍ക്ക് 3000 രൂപ വീതം വിതരണം ചെയ്യാനുള്ള തീരുമാനം വിശ്വ ഹിന്ദു പരിഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു. ക്ഷേത്രങ്ങളിലെ പുരോഹിതര്‍ക്ക് വിതരണം ചെയ്യുന്ന ധനസഹായത്തോടൊപ്പമായിരുന്നു ഇമാമുമാര്‍ക്കും ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഹിന്ദു മതകാര്യ ധനവിനിയോഗ (മുസ്‌റായ്) വകുപ്പാണ് ക്ഷേത്ര പുരോഹിതര്‍ക്കൊപ്പം ഇമാമുമാര്‍ക്കും ധനസഹായം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഹിന്ദു സമുദായത്തിന്റെ ക്ഷേമത്തിനും ക്ഷേത്രങ്ങള്‍ക്കുമുള്ള ഫണ്ടില്‍ നിന്ന് മറ്റു സമുദായങ്ങള്‍ക്ക് സഹായം നല്‍കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി വിഎച്പി സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
ഇതിനെ ചൊല്ലി പ്രശ്‌നമുണ്ടാക്കുന്ന സര്‍ക്കാരിനും വിഎച്ചിപിക്കുമെതിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. ഇത് ബിജെപി സര്‍ക്കാരിന്റെ അപമാനിക്കല്‍ ശ്രമമാണെന്ന് കോണ്‍ഗ്രസ് നേതാവ് റിസ്‌വാന്‍ അര്‍ഷദ് പറഞ്ഞു. മുസ്‌ലിം സമുദായം ഇങ്ങനെ ഒരു ധനസഹായം ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടില്ല. ബിജെപി സ്വയം പ്രഖ്യാപിച്ചതാണിത്. അവര്‍ തന്നെ പിന്‍വലിക്കുകയും ചെയ്തു. ജനങ്ങളെ ഇങ്ങനെ അവഹേളിക്കരുത്. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേുയം വികസനം എന്ന് പറയുന്നവര്‍ തന്നെയാണ് ഇത് ചെയ്യുന്നത്- കോണ്‍ഗ്രസ് എംഎല്‍എ റിസ്‌വാന്‍ അര്‍ഷദ് പറഞ്ഞു.
വിഎച്പിയുടെ ആവശ്യം മുസ്‌റായ് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി അംഗീകരിച്ചു. ക്ഷേത്രങ്ങള്‍ നിന്നുള്ള ഒറ്റ പൈസയും മറ്റു മതസ്ഥര്‍ക്കു വേണ്ടി ചെലവഴിക്കുകയില്ലെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം ക്ഷേത്ര വികസനത്തിനു തന്നെ ചെലവഴിക്കും. ഇത് ദുരുപയോഗം ചെയ്യില്ല- മന്ത്രി പറഞ്ഞു.