മലക്കംമറിഞ്ഞ് രാംദേവ്; ഡോക്ടര്‍മാര്‍ ദൈവദൂതന്‍മാര്‍, ഉടന്‍ വാക്‌സിന്‍ എടുക്കും

ഡെറാഡൂണ്‍- അലോപ്പതി ഡോക്ടര്‍മാരെ വാഴ്ത്തിയും വാക്‌സിന്‍ വിരുദ്ധനിലപാടില്‍ നിന്ന് മലക്കംമറിഞ്ഞും യോഗ പരീശീലകന്‍ ബാബ രാംദേവ്. യോഗയുടെയും ആയുര്‍വേദത്തിന്റേയും സംരക്ഷണമുള്ളതിനാല്‍ കോവിഡ് വാക്‌സിന്‍ തനിക്കു വേണ്ട എന്നായിരുന്നു രാംദേവ് നേരത്തെ പറഞ്ഞിരുന്നത്. ഡോക്ടര്‍മാര്‍ ഭൂമിയിലെ ദൈവദൂതന്‍മാര്‍ ആണെന്നും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും രാംദേവ് പറഞ്ഞു. അലോപ്പതിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ രാംദേവ് നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശക്തമായി രംഗത്തുവന്നിരുന്നു. 

ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ചരിത്രപരമാണെന്നും എല്ലാവരും വാക്‌സിന്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഡോസ് വാക്‌സിനെടുക്കുന്നതിനൊപ്പം യോഗയുടെയും ആയുര്‍വേദത്തിന്റെയും ഇരട്ട സംരക്ഷണവും കൂടി ആകുമ്പോള്‍ ഒരാളും കോവിഡ് കാരണം മരിക്കുകയില്ലെന്നും രാംദേവ് പറഞ്ഞു.

തനിക്ക് ഒരു സംഘടനയുമായും ശത്രുതയില്ലെന്ന് ഐഎംഎയുമായുള്ള പോരിനെ കുറിച്ച് രാംദേവ് പറഞ്ഞു. മരുന്നുകളുടെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെ ആണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News