Sorry, you need to enable JavaScript to visit this website.

സൗദി പോർട്ടുകളിൽ കഴിഞ്ഞമാസം എത്തിയത് 2,42,000 കണ്ടെയ്‌നറുകൾ

റിയാദ്- കഴിഞ്ഞ മെയ് മാസം സൗദി തീരങ്ങളിൽ 2,42,000ലേറെ കണ്ടെയ്‌നറുകളിലായി അവശ്യവസ്തുക്കൾ എത്തിയെന്ന് വാർത്ത. ഇതര മാസങ്ങളെ അപേക്ഷിച്ച് 14.27 ശതമാനം വർധനവാണിതെന്ന് സൗദി പോർട്ട് അതോറിറ്റി വെളിപ്പെടുത്തി. കഴിഞ്ഞവർഷം ആകെ 5,92,000 കെണ്ടയ്‌നറുകളിലായി 24 മില്യൺ ടൺ സൗദി തീരങ്ങളിൽ ഇറക്കുമതി ചെയ്തത്. 
തീരങ്ങളിൽ വന്നണഞ്ഞ കപ്പലുകളുടെ എണ്ണം പരിഗണിക്കുമ്പോൾ ഇതര മാസങ്ങളെ അപേക്ഷിച്ച് കഴിഞ്ഞമാസം 7.25 ശതമാനം വർധനയുണ്ടായി. മെയ് മാസം 1,021 കപ്പലുകളാണ് സൗദിയിലെത്തിയത്. യാത്രക്കാരുടെ എണ്ണത്തിലും കഴിഞ്ഞമാസം 354 ശതമാനം വർധനയുണ്ട്. ഏകദേശം 44,000 പേരാണ് സൗദിയിൽ കപ്പലുകളിൽ യാത്ര ചെയ്തത്. ഇതിനുപുറമെ, കപ്പൽ കാർഗോ വഴി 63,000 കാറുകളും 1,63,000 കാലികളും രണ്ട് ടൺ ഭക്ഷ്യവസ്തുക്കളും സൗദിയിലെത്തി. ഇതിൽ വാഹനങ്ങളുടെ എണ്ണം 6.2 ശതമാനം വർധിച്ചുവെന്നാണ് പോർട്‌സ് അതോറിറ്റിയുടെ കണക്ക്. 
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും വാണിജ്യരംഗം ചലിപ്പിക്കുന്നതിനും സൗദി പോർട്‌സ് അതോറിറ്റിയുടെ ചിട്ടയായ പ്രവർത്തനങ്ങൾ വലിയ രീതിയിൽ സഹായകമാണ്. ഏറെ സജീവമായ കയറ്റുമതി ഇറക്കുമതി രംഗം ഒന്നുകൂടി മെച്ചപ്പെടുത്തുന്നതിനായി പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ആവശ്യമായ കാര്യങ്ങൾ അതോറിറ്റി ആവിഷ്‌കരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ലോകത്തിലെ വൻകിട കപ്പൽ കമ്പനികളുമായി അധികൃതർ ചർച്ച നടത്തിവരികയാണ്. 
കൂടാതെ, ഗൾഫ് മേഖലയിലെയും യൂറോപ്പിലെയും തുറമുഖങ്ങളുമായുള്ള ബന്ധം ദൃഢീകരിക്കാനുള്ള ശ്രമങ്ങളും തുടരുന്നതായും പോർട്‌സ് അതോറിറ്റി സൂചിപ്പിച്ചു. വിഷൻ 2030 വിഭാവന ചെയ്യുന്നത് പ്രകാരം ആഗോള ലോജിസ്റ്റിക്ക് സെന്ററായി സൗദി അറേബ്യയെ പടിപടിയായി പരിവർത്തിപ്പിക്കുന്നതിനും സൗദി പോർട്‌സ് അതോറിറ്റി വിശദമാക്കി.

Tags

Latest News