Sorry, you need to enable JavaScript to visit this website.

ഐഷ സുൽത്താനക്ക് എതിരായ സൈബർ ആക്രമണത്തിന് പിന്നിൽ എ.പി അബ്ദുല്ലക്കുട്ടി

കൊച്ചി- ബയോ വെപ്പൺ പ്രയോഗത്തിൽ സംവിധായിക ഐഷ സുൽത്താനക്കെതിരെ സംഘടിത പ്രചാരണത്തിന് ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി ആഹ്വാനം നൽകുന്ന ശബ്ദസന്ദേശം ബി.ജെ.പിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ചോർന്നു. ഇതോടെ ഐഷസുൽത്താനക്കെതിരെ സംഘപരിവാർ അനുകൂലികൾ നടത്തുന്ന സൈബർ ആക്രമണം ആസൂത്രിതമാണെന്ന് വ്യക്തമായി. 
അള്ളാഹു നമുക്ക് തന്ന സന്ദർഭമാണിത്. ലക്ഷദ്വീപിന്റെ തനത് സംസ്‌കാരം എന്നൊക്കെ പറഞ്ഞാണ് നമ്മുടെ മേൽ കുതിര കയറുന്നത്. എന്താണ് സംസ്‌കാരമെന്നും ആരാണ് അയിഷ സുൽത്താന എന്നും തെളിയിച്ചു കൊടുക്കണം. അതുകൊണ്ട് വിഷയം നമ്മൾ വേണ്ട ഗൗരവത്തിൽ തന്നെ എടുക്കണം. വീടുകളിൽ പ്ലക്കാർഡും പിടിച്ച് പ്രതിഷേധിക്കണം. ഇക്കാര്യത്തിൽ പാർട്ടി നിലപാട് പെട്ടെന്ന് അറിയിക്കണമെന്നാണ് ലക്ഷദ്വീപിലെ ഒരു ബി ജെ പി ഭാരവാഹി പറയുന്നത്. ഇതിന് അബ്ദുള്ളക്കുട്ടി നൽകുന്ന മറുപടി 'നേതാക്കൾ ആലോചിച്ച് ഒരു ദിവസം നിശ്ചയിക്കൂ. നാളെ തന്നെ ആയിക്കോട്ടെ. സമയം, നിങ്ങൾ നിശ്ചയിക്കൂ. വീഡിയോകൾ കൂടുതൽ കിട്ടുമോന്ന് നോക്കണം. നല്ല വാർത്താ പ്രാധാന്യം കിട്ടും' എന്നാണ്.
അതേസമയം ചാനൽ ചർച്ചയിൽ ബയോവെപ്പൺ എന്ന വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ലെന്നും ആയിഷ പറഞ്ഞു. പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൺ പോലെയാണ് എനിക്ക് തോന്നുന്നത്. ഒരു വർഷത്തോളമായി കോവിഡ് ഇല്ലാതിരുന്ന ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലും, ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചത്. ഹോസ്പിറ്റൽ ഫെസിലിറ്റിസ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കൽ ഡയറക്ടർ പ്രഫുൽ പട്ടേലിനെ അറിയിച്ചിട്ടും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടർറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുൽ പട്ടേലിനെയാണ് ബയോവെപ്പൺ ആയി താരതമ്യം ചെയ്തത്. സാങ്കേതിക പ്രശ്‌നം കാരണം പരസ്പരം പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കുറവ് അവിടെ ഉണ്ടായിട്ടുണ്ട് അതിൽ ഞാൻ അവസാനം വരെയും പ്രഫുൽ പട്ടേലിനെ തന്നെയാണു പറഞ്ഞുകൊണ്ടിരുന്നത്. അല്ലാതെ എന്റെ രാജ്യത്തെ അല്ല.
കോവിഡ് കേരളത്തിൽ എത്തിയ അന്ന് മുതൽ താൻ ഒരു ദിവസം പോലും റസ്റ്റില്ലാതെ ലക്ഷദ്വീപ് ഗവൺമെന്റിന്റെ കൂടെ നിന്ന് അവരെ സഹായിച്ചിട്ടുണ്ട് അതിനെ പറ്റി അന്ന് ലക്ഷദ്വീപിലെ യാത്രക്കാരുടെ കാര്യങ്ങൾ നോക്കിയിരുന്ന സർക്കിൾ ഇൻസ്‌പെക്ടർ തന്നെ അഭിനന്ദിച്ച് വീഡിയോ ഇട്ടിരുന്നു. അന്ന് ഉറക്കം പോലും ഇല്ലാതെ അവിടെ ഇവിടെ കുടുങ്ങി കിടക്കുന്നവരേയും, ഇവാകുവേഷൻ നടക്കുമ്പോൾ ആ രോഗികളെയും പോയി കൊണ്ട് വന്നു യഥാ സ്ഥലത്ത് എത്തിച്ചത് ഗവൺമെന്റിനോടുള്ള എന്റെ ഉത്തരവാദിത്തമായി കണ്ടത് കൊണ്ടാണ്. ഒപ്പം ആ നാട്ടിൽ കൊറോണ വരാതിരിക്കാൻ വേണ്ടിയും കൂടിയാണ്. അന്ന് അത്രയും റിസ്‌ക് എടുത്ത ഞാൻ പിന്നിട് അറിയുന്നത് പ്രഫുൽ പട്ടേൽ കാരണം കൊറോണ നാട്ടിൽ പടർന്നു പിടിച്ചു എന്നതാണ്. അപ്പോൾ പിന്നെ പിന്നേ അദ്ദേഹത്തെ എന്ത് പേരിലാണ് വിളിക്കുക- ഐഷ സുൽത്താന ചോദിക്കുന്നു.

Latest News