Sorry, you need to enable JavaScript to visit this website.
Friday , June   18, 2021
Friday , June   18, 2021

അഭിമാനം നഷ്ടപ്പെടുത്തുന്ന  സ്വവർഗ ലൈംഗികത 

അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിക്ക് സമീപം ഗ്രീനിച്ച് വില്ലേജിലെ 'സ്‌റ്റോൺവാൾ ഇൻ' എന്ന കൂത്താട്ട കേന്ദ്രം സ്വവർഗാനുരാഗികളുടെ സംഗമ സ്ഥലമായിരുന്നു. സ്വവർഗ രതി അടക്കമുള്ള  ലൈംഗിക വൈകൃതങ്ങളിൽ ജീവിതം തളച്ചിട്ടിരുന്നവർ 1969 ജൂൺ 28 ന് അവിടെ വെച്ച് പോലീസുമായി ഏറ്റുമുട്ടി. പുരുഷപുരുഷ(Gay), സ്ത്രീസ്ത്രീ(Lesbian), ഉഭയവർഗ (Bisexual) ഒരേ സമയം സ്ത്രീയുമായും പുരുഷനുമായും  ലൈംഗികതകൾ നിയമ വിധേയമാക്കുന്നതിന് വേണ്ടി അവർ നടത്തിയ സമരം അക്രമാസക്തമാകുകയും അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. ഈ സംഘർഷം സ്വവർഗാനുരാഗികൾക്ക് ഊർജം പകർന്നു. അവർ സ്വവർഗ ലൈംഗികത അനുവദിച്ചുകിട്ടുന്നത് വരെ 'പോരാട്ടം' തുടർന്നു. 2015 ൽ അമേരിക്കയും  അതിനെത്തുടർന്ന് മറ്റു പല രാജ്യങ്ങളും 2018 ൽ ഇന്ത്യയും അത് നിയമവിധേയമാക്കി. അങ്ങനെ ലോകത്തെ സ്വവർഗാനുരാഗികൾ എല്ലാ വർഷങ്ങളിലും ജൂൺ മാസത്തെ അവരുടെ അഭിമാന മാസമായി (Pride Month)  ആചരിച്ചുവരുന്നു. മഴവിൽ വർണങ്ങളിൽ തീർത്ത പതാക ഏന്തിക്കൊണ്ടും 'ലവ് വിത് പ്രൈഡ്' തുടങ്ങിയ പരസ്യ വാചകങ്ങൾ പ്രചരിപ്പിച്ചുകൊണ്ടുമാണ് അവർ ജൂൺ മാസം ആഘോഷിക്കുന്നത്.  ഇത്തരം സംഘങ്ങളെ സംബന്ധിച്ച് ശരിയായ അറിവില്ലാത്തവർ അറിയാതെ അവരുടെ  വാചകങ്ങളിൽ ആകൃഷ്ടരാവുകയും തെറ്റിദ്ധരിക്കുകയും അതിന്റെ പ്രചാരകരായി മാറുകയും ചെയ്യുന്നു.
പ്രൈഡ് എന്ന പദത്തിന് അഭിമാനം എന്ന അർത്ഥമാണുള്ളത്. മനുഷ്യന്റെ അഭിമാനം നിലനിൽക്കുന്നത് അവൻ ആർജിച്ചെടുത്ത ബുദ്ധി, വിവേകം, സംസ്‌കാരം, സത്യസന്ധത തുടങ്ങിയ ഘടകങ്ങളിലാണ്. മനുഷ്യർക്ക് മുമ്പിൽ പരസ്യമായി പറയാവുന്ന കാര്യങ്ങളാണ് അഭിമാനത്തിന്റെ അടയാളങ്ങളായി ഗണിക്കപ്പെടുന്നത്. മറച്ചുപിടിക്കേണ്ടതോ ശുദ്ധ പ്രകൃതിക്ക് അനുയോജ്യമല്ലാത്തതോ ആയ യാതൊന്നും അഭിമാനമായി ആരും കാണാറില്ല. വ്യക്തിയായിരുന്നാലും കുടുംബമായിരുന്നാലും ലൈംഗിക അച്ചടക്കമില്ലായ്മ അപമാനത്തിന്റെയും മാനഹാനിയുടെയും അടയാളമായാണ് വിവേകമതികൾ കണക്കാക്കുന്നത്.  ലോകം പുരോഗമിക്കുന്നു എന്ന് അവകാശപ്പെടുമ്പോൾ തന്നെ മനുഷ്യന്റെ സാംസ്‌കാരിക ബോധം കീഴ്‌പോട്ടു പോകുന്നു എന്നാണ് സ്വവർഗ ലൈംഗികതയെ നിയമ വിധേയമാക്കുന്നതിലൂടെയും അതിനെ െ്രെപഡ് ആയി കാണുന്നതിലൂടെയും സംഭവിച്ചിരിക്കുന്നത്. സെമിറ്റിക് മതങ്ങളെല്ലാം വലിയ പാപമായിട്ടാണ് സ്വവർഗ രതിയെ പഠിപ്പിക്കുന്നത്. 
മനുഷ്യന് സ്രഷ്ടാവ് നൽകിയിട്ടുള്ളത് വളരെ കൃത്യമായ കാര്യകാരണ ബന്ധങ്ങളിൽ അധിഷ്ഠിതമായ പ്രകൃതി വ്യവസ്ഥയാണ്. വിശപ്പുണ്ടാകുമ്പോൾ ആഹാരം കഴിക്കുന്നു. എന്നാൽ ആഹാരം കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കുന്നതിനും ആസ്വാദനത്തിനും വേണ്ടി മാത്രമല്ല. അതിനേക്കാൾ മഹത്തായ ഒരു പ്രവർത്തനമാണ് ആഹരിക്കുന്നതിലൂടെ നടക്കുന്നത്. മനുഷ്യ ശരീരത്തിനാവശ്യമായ പോഷകങ്ങൾ നൽകി ശരീരത്തിന് ഊർജവും കരുത്തും പകർന്നുകൊണ്ട് ജീവൻ നിലനിർത്തുക എന്ന സുപ്രധാനമായ ദൗത്യമാണ് അത് നിർവഹിക്കുന്നത്. അതുപോലെ ലൈംഗികമായ ആഗ്രഹങ്ങളും മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്. ആഹരിക്കുന്നത് പോലെ തന്നെ കേവലം വികാര ശമനമോ ആസ്വാദനമോ മാത്രമല്ല ലൈംഗിക ബന്ധങ്ങളിലൂടെ സംഭവിക്കുന്നത്. മറിച്ച് മനുഷ്യന്റെ പ്രജനനവും നിലനിൽപും വളർച്ചയുമാണ് അത് നിർവഹിക്കുന്നത്. ഭൂമിയിൽ മനുഷ്യൻ നിർവഹിക്കുന്ന ഓരോ പ്രവൃത്തിക്കും മാതൃകാനുസാരമായ  ചില ലക്ഷ്യങ്ങളുണ്ട്. അത്തരം ലക്ഷ്യങ്ങൾക്ക് വിഘാതമായി നിൽക്കുന്ന പ്രവൃത്തികൾ മനുഷ്യ പ്രകൃതിക്ക് ദോഷകരമായി ഭവിക്കുകയും അങ്ങനെ അത് ഭൂമിയുടെ തന്നെ പ്രകൃതി വ്യവസ്ഥക്ക് ദോഷം സംഭവിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അത്തരം പ്രവൃത്തികളെ പ്രകൃതി വിരുദ്ധം എന്ന് വിളിക്കുന്നത്. 
മനുഷ്യന്റെ ആസ്വാദനങ്ങളും അതിന്റെ പൂർത്തീകരണങ്ങളും എങ്ങനെയാവണമെന്ന് തീരുമാനിച്ചിട്ടുള്ളത് അവന്റെ സ്രഷ്ടാവാണ്. എന്ത് കഴിക്കണം, എന്ത് കഴിച്ചുകൂടാ, എന്ത് ഉടുക്കണം, എന്ത് ഉടുത്തുകൂടാ തുടങ്ങിയ കാര്യങ്ങളൊക്കെ മനുഷ്യന്റെ പ്രകൃതിയിൽ തന്നെ സ്രഷ്ടാവ് സംവിധാനിച്ചിട്ടുണ്ട്. ഖുർആൻ പറയുന്നു: 'ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നൽകുകയും എന്നിട്ട് അതിന് വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ  രക്ഷിതാവ്.' (20:50).  ഏതൊരു വസ്തുവിനെ സ്രഷ്ടാവ് സൃഷ്ടിച്ചിട്ടുണ്ടോ അതിനെല്ലാം അവൻ വ്യവസ്ഥ നിർണയിക്കുകയും പ്രകൃതിക്ക് അനുയോജ്യമായ വിധത്തിൽ ജീവിക്കുവാനുള്ള ദർശനം നൽകുകയും ചെയ്തിട്ടുണ്ട് (87:23) എന്നും ഖുർആൻ വ്യക്തമാക്കുന്നു. 
ഇങ്ങനെ വളരെ കൃത്യമായി ലൈംഗിക ബന്ധങ്ങൾ അടക്കമുള്ള ഓരോ പ്രവർത്തനങ്ങൾക്കും കാര്യകാരണ ബന്ധങ്ങളിൽ അധിഷ്ഠിതമായ പ്രകൃതിയും നിയമവും സ്രഷ്ടാവ് ഒരുക്കിയിട്ടുണ്ട്. ലൈംഗികാവയവങ്ങൾ ഗോപ്യമാക്കി വെക്കണമെന്നത് സ്വാഭാവിക പ്രകൃതിയുടെ ഭാഗമാണ്. സ്വർഗത്തിൽ വെച്ച് ആദമിനെയും ഹവ്വയെയും പിശാച് വഴി പിഴപ്പിക്കുവാൻ കണ്ടെത്തിയ മാർഗം അവരുടെ ലൈംഗികത പുറത്തേക്ക് കൊണ്ടുവരിക എന്നതായിരുന്നു. പൈശാചിക പ്രേരണയാൽ അവരറിയാതെ അവരുടെ ലൈംഗികത പുറത്തേക്ക് വന്നപ്പോൾ അവരിരുവരും ആ തോട്ടത്തിലെ ഇലകൾ കൂട്ടിച്ചേർത്ത് തങ്ങളുടെ ശരീരം പൊതിയാൻ തുടങ്ങി. (ഖുർആൻ 7:22). ഇലകൾ ചേർത്തു പിടിച്ച് അവരുടെ ലൈംഗികാവയവങ്ങളെ മറച്ചുപിടിക്കാൻ അവർക്ക് പ്രേരണ നൽകിയത് സ്രഷ്ടാവ്  നൽകിയ ശുദ്ധപ്രകൃതിയാണ്. 
മനുഷ്യൻ മൃഗത്തെ പോലെയല്ല. സാമാന്യ ബോധം (ഇീാാീി ലെിലെ) അവനെ മൃഗങ്ങളിൽ നിന്നും വേർതിരിക്കുന്നു. ബന്ധങ്ങളെ കുറിച്ചും അവസ്ഥകളെ കുറിച്ചുമെല്ലാം മനുഷ്യന് ശരിക്കും ബോധ്യമുണ്ട്. ജീവിതത്തിൽ മൂല്യങ്ങൾ ആവശ്യമാണ് എന്നുള്ളതുകൊണ്ടു തന്നെ മനുഷ്യന്റെ ലൈംഗികതക്ക് ചില അതിർവരമ്പുകളും ആവശ്യമാണ് എന്നാണ് പ്രസ്തുത ബോധ്യം മനുഷ്യനോട് പറയുന്നത്. അതിർവരമ്പുകൾ നിശ്ചയിക്കേണ്ടത് മനുഷ്യനെ കുറിച്ച് വ്യക്തമായി അറിയുന്ന അവന്റെ സ്രഷ്ടാവ് തന്നെയാണ്. തന്റെ ലൈംഗിക തൃഷ്ണയെ എങ്ങനെ ശമിപ്പിക്കണമെന്നും ലൈംഗികാവയവങ്ങളെ ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നും മനുഷ്യന് അറിവ് നൽകുന്നത് സ്രഷ്ടാവാണ്. പ്രവാചകന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും അവനത് മനുഷ്യന് കൈമാറിയിട്ടുണ്ട്. ഓരോ വ്യക്തിക്കും ഇണയെ സൃഷ്ടിച്ചുകൊണ്ടാണ് സ്രഷ്ടാവ് ലൈംഗിക വ്യവസ്ഥ തയാറാക്കിയിട്ടുള്ളത്. 'സ്രഷ്ടാവ് വ്യവസ്ഥ ചെയ്തുതന്നിട്ടുള്ള വിധത്തിൽ മാത്രം ലൈംഗികാവയവങ്ങളെ സൂക്ഷിക്കുന്നവരാണ് യഥാർത്ഥ വിശ്വാസികൾ' (23:56) എന്നും 'അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ കൂട്ടത്തിൽ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവൻ നിങ്ങൾക്ക് പുത്രൻമാരെയും പൗത്രൻമാരെയും ഉണ്ടാക്കിത്തരികയും' ചെയ്തിരിക്കുന്നു എന്നും ഖുർആൻ (16:72) പറയുന്നു. ലൈംഗികതയുടെ ലക്ഷ്യവും മാർഗവുമാണ് ഖുർആൻ ഇവിടെ വിവരിച്ചിരിക്കുന്നത്.
ഇണകളായി ജീവിക്കുന്നതിന്റെ താൽപര്യം കേവലം ആസ്വാദനങ്ങളല്ല. സ്‌നേഹവും പ്രണയവും മാത്രമല്ല. പ്രകൃതിപരമായ ഇണ ചേരൽ നടക്കുകയും അതിലൂടെ സ്രഷ്ടാവ് വിധിക്കുകയാണെങ്കിൽ സന്താനങ്ങളും തലമുറകളും ഉണ്ടാവുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ഇണ ചേരൽ മനുഷ്യ പ്രവൃത്തിയാണെങ്കിൽ സന്താന സൗഭാഗ്യം സ്രഷ്ടാവിന്റെ തീരുമാനം മാത്രമാണ്. അപ്പോൾ, ഇണകൾ ഒരേ ലിംഗത്തിൽ നിന്നും സാധ്യമല്ലെന്ന് മനുഷ്യ ബുദ്ധി തന്നെ പറയും. വ്യത്യസ്ത ലിംഗങ്ങളിൽ പെട്ട രണ്ടുപേർക്ക് മാത്രമേ ഇണ ചേരാൻ സാധിക്കൂവെന്നും അവർ ഇണ ചേരുമ്പോൾ മാത്രമാണ് സന്താന ലബ്ധി ഉണ്ടാവൂ എന്നുമുള്ള സത്യം മനുഷ്യന്റെ സാമാന്യ ബുദ്ധി നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. പ്രകൃതി വിരുദ്ധ വികാരങ്ങൾക്ക് മനസ്സിനെ കീഴ്‌പെടുത്തിയവർക്ക് അത് മനസ്സിലാക്കാൻ സാധിക്കില്ല. ഒരേ ലിംഗത്തിൽ പെട്ട രണ്ടുപേർക്ക് പരസ്പരം ഇണ ചേരാനോ അതിലൂടെ തലമുറകളെ സൃഷ്ടിക്കുവാനോ സാധിക്കുകയില്ല. സ്വവർഗ രതിയിൽ ആർമാദിക്കുന്നവർ തങ്ങൾ ഈ ലോകത്ത് ജനിച്ചത് വിരുദ്ധ ലിംഗങ്ങൾ തമ്മിലുള്ള ഇണ ചേരലിലൂടെയായിരുന്നുവെന്നത് മറന്നുപോകുന്നു. ഇണ ചേരൽ കേവലം ചേഷ്ടകളല്ല, അത് പവിത്രമായ ധർമമായിരിക്കണം.  പുരുഷനും സ്ത്രീയും തമ്മിൽ ബലമുള്ള കരാറുകളാൽ സ്ഥാപിക്കപ്പെട്ട വിവാഹത്തിലൂടെ മാത്രം ഇണ ചേരുമ്പോൾ അത് പവിത്രമായ ലൈംഗിക ബന്ധമായി മാറുന്നു. 
മാനവരാശിക്ക് തന്നെ വെല്ലുവിളിയായിത്തീർന്നിട്ടുള്ള സ്വവർഗ ഭോഗത്തിന്റെ ചരിത്രം ഖുർആനും ഇതര വേദഗ്രന്ഥങ്ങളും വിശദീകരിക്കുന്നുണ്ട്. മനുഷ്യാരംഭ കാലങ്ങളിൽ ഇത് നിലനിന്നിരുന്നില്ല. പ്രവാചകൻ ലൂത്വ് (അ) ന്റെ കാലം മുതലാണ് ഈ നീചവൃത്തിക്കു തുടക്കം കുറിച്ചതെന്നാണ് ഖുർആൻ പറയുന്നത്. 
'നിങ്ങൾക്ക് മുമ്പ് ലോകരിൽ ഒരാളും തന്നെ ചെയ്തിട്ടില്ലാത്തതും സ്ത്രീകൾക്ക് പകരം പുരുഷന്മാരെ കാമവികാരത്തോടെ സമീപിക്കുന്നതുമായ  നീചവൃത്തിയാണോ നിങ്ങൾ ചെയ്യുന്നത്?' എന്ന് ലൂത്വ് (അ) അവരോട് ചോദിച്ചപ്പോൾ  അവർക്കതിഷ്ടപ്പെട്ടില്ല. അവർ അക്രമാസക്തരായി. 'ശുദ്ധി പാലിക്കുന്ന ലൂത്വിന്റെ ആളുകളെ രാജ്യത്ത് നിന്നും പുറത്താക്കുക' എന്നായിരുന്നു അവർ ആക്രോശിച്ചിരുന്നത്. ഇന്നും സ്വവർഗ ലൈംഗികതയിൽ ജീവിതം ഹോമിച്ചിട്ടുള്ളവരെ ഉപദേശിച്ചാൽ അവർ അക്രമാസക്തരാവുന്നത് കാണാം.  എന്നാൽ ഭൂമിക്ക് വഹിക്കാനും സഹിക്കാനും സാധിക്കാത്ത ദുർവൃത്തികളിൽ ഏർപ്പെട്ട ലൂത്വിന്റെ ജനതയെ അല്ലാഹു നശിപ്പിക്കുകയാണുണ്ടായത്.  
മുഹമ്മദ് നബി (സ്വ) സ്വവർഗ രതിക്കെതിരെ ശക്തമായ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. തന്റെ സമുദായത്തിൽ സ്വവർശ രതി ചിന്തകൾ ഉണ്ടാകുന്നതിനെ ഏറെ ഭയപ്പെടുന്നുവെന്നും സ്വവർശ രതിയിലേർപ്പെടുന്നവർക്ക് അല്ലാഹുവിന്റെ ശാപമാണ് ഉണ്ടാവുകയെന്നുമെല്ലാം അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. പ്രകൃതി വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് വ്യഭിചാരത്തിലേർപ്പെടുന്നവർക്കുള്ളത് പോലെയുള്ള ശിക്ഷാവിധികളാണ് നടപ്പാക്കേണ്ടത് എന്നും അദ്ദേഹം നിർീേശിച്ചിട്ടുണ്ട്. 
ലൂത്വ് നബി (അ) യും അദ്ദേഹത്തിന്റെ ജനതയും തമ്മിലുള്ള സംഭാഷണം ഖുർആൻ വിവരിക്കുന്നുണ്ട്. ബൈബിളിലെ ഉൽപത്തി പുസ്തകം പത്തൊമ്പതാം അധ്യായത്തിലും ഏകദേശം അതേ രൂപത്തിൽ തന്നെ പ്രതിപാദിക്കുന്നുണ്ട്. അത് വായിക്കുന്ന ഏതൊരാൾക്കും എത്ര മാത്രമായിരുന്നു സ്വവർഗാനുരാഗത്തിന്റെ രോഗം പിടിപെട്ടിരുന്നവരുടെ ധാർമിക നിലവാരമെന്ന് മനസ്സിലാക്കാം. ലൂത്വ് നബിയെ സന്ദർശിക്കാൻ മനുഷ്യ രൂപത്തിലെത്തിയ മലക്കുകളെ കണ്ട അവർ തങ്ങളുടെ ലൈംഗിക പൂരണത്തിന് അവരെ വിട്ടുകിട്ടണമെന്ന് ലൂത്വിനോട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം തന്റെ പെണ്മക്കളെ നിങ്ങൾക്ക് വിവാഹം ചെയ്തുതരാമെന്ന് പറഞ്ഞുനോക്കിയെങ്കിലും തങ്ങളുടെ ഉദ്ദേശ്യം തനിക്കറിയാമെന്നിരിക്കേ എന്തിനീ വില പേശൽ എന്നായിരുന്നു അവരുടെ നിലപാട്. അപ്പോൾ ലൂത്വ് (അ) അവരോട് ചോദിച്ച ഒരു ചോദ്യമുണ്ട്. 'നിങ്ങളിൽ വിവേകമുള്ള ഒരാളുമില്ലേ?' (11:7783).  ഇതു തന്നെയാണ് എക്കാലവുമുള്ള സ്വവർഗാനുരാഗികളോട് ധാർമികതയും മനുഷ്യത്വവും സൂക്ഷിക്കുന്ന ജനങ്ങൾക്ക് ചോദിക്കാനുള്ളത്. 
സ്വവർഗാനുരാഗത്തെ ഒരു അവകാശമായി ആധുനിക ലോകത്തെ പല രാജ്യങ്ങളും കാണുന്നു. ഒരു വിഭാഗം സാമ്പത്തിക നേട്ടത്തിനും കുത്തഴിഞ്ഞ ജീവിതത്തിനും വേണ്ടി സ്വവർഗ രതിയെ പ്രോത്സാഹിപ്പിക്കുമ്പോൾ മറ്റൊരു വിഭാഗം മനോരോഗങ്ങൾക്ക് അടിപ്പെട്ടുകൊണ്ടാണ് ഇത്തരം ദുർവൃത്തികളിലേക്ക് പോകുന്നത്. മനോരോഗങ്ങൾക്ക് ചികിത്സയാണ് ആവശ്യമായിട്ടുള്ളത്.  ചികിത്സ ആവശ്യമുള്ള മനോരോഗത്തെ ഒരു അവകാശമായി ചിത്രീകരിക്കുന്നത് അവരോടുള്ള ക്രൂരതയാണ്. മറ്റുള്ളവരെപ്പോലെ അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ കൗൺസലിംഗും മനഃശാസ്ത്രപരമായ സമീപനങ്ങളും ചികിത്സയും ലഭ്യമാക്കുന്നതിന് പകരം തോന്നിയ പോലെ അവരെ ജീവിക്കാൻ അനുവദിക്കുന്നത് അവരോടുള്ള സ്‌നേഹമല്ല.  പുരുഷനും സ്ത്രീയും വിവാഹം ചെയ്തുകൊണ്ടുള്ള ലൈംഗിക ജീവിതം നയിക്കുന്ന മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ചുയർത്തിക്കൊണ്ടുവരാനുള്ള പദ്ധതികളാണ് സർക്കാരുകളും മതങ്ങളും പൊതുസമൂഹവും നടപ്പാക്കേണ്ടത്. 
ലൈംഗിക അച്ചടക്കം പഠിപ്പിക്കുന്നതിന് പകരം വഴിവിട്ട ജീവിതം അനുവദിച്ചുകൊടുക്കുകയാണെങ്കിൽ ഭാവിയിൽ ഇതിലും വലിയ ലൈംഗിക വൈകൃതങ്ങളായിരിക്കും നമ്മുടെ സമൂഹത്തിൽ വ്യാപകമാവുക. ശവങ്ങൾ പോലും ലൈംഗികമായി ഉപയോഗിക്കാമെന്ന നെക്രോഫീലിയ, ശിശുക്കളെ ലൈംഗികമായി ഉപയോഗിക്കുന്ന പീഡോഫീലിയ, മൃഗരതി അഥവാ  ബെസ്റ്റിയാലിറ്റി തുടങ്ങിയ ലൈംഗിക വൈകൃതങ്ങളും അനുവദിച്ചു കൊടുക്കേണ്ടിവരും. സ്വന്തം സഹോദരങ്ങളും മാതാപിതാക്കളും അടക്കമുള്ള കുടുംബാംഗങ്ങളുമായി ലൈംഗിക ബന്ധമാവാമെന്ന  'ഇ്ൻസെസ്റ്റ് സെക്‌സ്' പോലും മനുഷ്യാവകാശമായി ചിലർ അവതരിപ്പിക്കാറുണ്ട്. സാംസ്‌കാരിക ബോധം അൽപമെങ്കിലുമുള്ള ഒരു സമൂഹത്തിന് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങൾ 'അവകാശങ്ങൾ' എന്ന പേരിൽ ലോകത്ത് വ്യാപകമാകുന്നത് എന്തുമാത്രം ലജ്ജാകരമാണ്. നാലാളുകളുടെ മുമ്പിൽ സംസാരിക്കാൻ പോലും സാധിക്കാത്ത അപമാനകരമായ ലൈംഗിക വൈകൃതങ്ങളെ പ്രൈഡ്' എന്ന പേരിൽ അഭിമാനത്തോടെ എഴുന്നള്ളിക്കുന്നത് ഇഹലോകത്തെ ദുഷിപ്പിക്കുമെന്നും പരലോകത്ത് വമ്പിച്ച ശിക്ഷക്ക് കാരണമാകുമെന്നും മനസ്സിലാക്കാൻ ലോകസമൂഹം തയാറാവേണ്ടതുണ്ട്.  
അഭിമാനം ഉയർത്തിപ്പിടിക്കാൻ പ്രവാചകൻ പറഞ്ഞ മാർഗം നിഷിദ്ധമോ അനുവദനീയമോ എന്ന് സംശയമുള്ള കാര്യങ്ങളിൽ നിന്ന് പോലും വിട്ടുനിൽക്കുക എന്നതാണ്. അപ്പോൾ പിന്നെ, നിഷിദ്ധമെന്നു മാത്രമല്ല അങ്ങേയറ്റം അറപ്പുളവാക്കുന്ന കാര്യമെന്ന് ഉറപ്പുള്ള ഒരു കാര്യം എങ്ങനെയാണ് പലർക്കും അഭിമാനമായി മാറുന്നത്. 


 

Latest News