ന്യൂദല്‍ഹി- മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ട് ഉടമകളില്‍നിന്ന് ബാങ്കുകള്‍ ഈടാക്കിയത് 2320 കോടി രൂപ. 2017 ഏപ്രിലിനും നവംബറിനും ഇടയിലാണ് അക്കൗണ്ട് ഉടമകളില്‍നിന്ന് ബാങ്കുകള്‍ ഇത്രയും വലിയ തുക ഈടാക്കിയത്. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയാണ് ഇതില്‍ മുന്നില്‍. 1,771 കോടി രൂപയാണ് ഈ ഇനത്തില്‍ എസ്.ബി.ഐ ഈടാക്കിയത്. ഏപ്രില്‍ - സെപ്റ്റംബര്‍ കാലയളവിലെ ബാങ്കിന്റെ ലാഭമായ 3586 കോടി രൂപയുടെ പകുതിയോളം വരുമിത്. ജൂലായ് - സെപ്റ്റംബര്‍ പാദത്തില്‍ എസ്.ബി.ഐയുടെ അറ്റാദായത്തേക്കാള്‍ കൂടുതല്‍ വരുമാനമാണ് മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍നിന്ന് ലഭിച്ചത്.
മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ 97.34 കോടി രൂപ ഈടാക്കിയ പഞ്ചാബ് നാഷണല്‍ ബാങ്കാണ് രണ്ടാം സ്ഥാനത്ത്. സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ 68.67 കോടിയും കാനറാ ബാങ്ക് 62.16 കോടിയും അക്കൗണ്ട് ഉടമകളില്‍നിന്ന് ഈടാക്കി. പൊതുമേഖലാ ബാങ്കുകളില്‍ പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് മാത്രമാണ് ഇക്കാലയളവില്‍ മിനിമം ബാലന്‍സിന്റെ പേരില്‍ തുക ഈടാക്കാത്തത്.