Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

അസാധാരണ കാലത്തെ അസാധാരണ നിയമസഭാ സമ്മേളനം  

അസാധാരണ കാലത്തെ അസാധാരണ നിയമസഭാ സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. കോവിഡിന്റെ മുൾമുനയിലായിരുന്നു ഓരോ ദിവസവും സഭ മുന്നോട്ട് നീങ്ങിയത്. സഭാംഗങ്ങളിൽ പലരും രോഗബാധിതരായി. കോൺഗ്രസ് അംഗം എം.വിൻസെന്റ് കോവിഡ് മുക്തിയുടെ ഇടവേളയിൽ സഭയിലെത്തിയാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. കോവിഡ് ബാധിച്ച് മരിച്ച പ്രിയ മാതാവ് ഫെല്ലിസിന്റെ അടക്കൽ ചടങ്ങ് കഴിഞ്ഞ് കണ്ണീരുണങ്ങാതെ എത്തിയ വിൻസെന്റ് കോവിഡ് കാല സഭയുടെ മറക്കാത്ത മുഖമാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും അമ്മയോടൊപ്പം എത്തി വോട്ട് ചെയ്തയാളാണ് കോവളത്ത് നിന്ന് രണ്ടാം വട്ടം തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം വിൻസെന്റ്.
കോവിഡ് പ്രോട്ടോകോളിനെപ്പറ്റി സ്പീക്കർ എം.ബി രാജേഷിന് പല വട്ടം അംഗങ്ങളെ ഓർമിപ്പക്കേണ്ടി വന്നതും എല്ലാരെക്കൊണ്ടും സഭയ്ക്കകത്ത് ശരിയാംവണ്ണം മാസ്‌ക് ധരിപ്പിച്ചതും ഈ സഭാ കാലത്താണ്. സാമാജികർക്കായി കോവിഡ് ബോധവൽക്കരണ ക്ലാസ് നടത്താനും നിയമസഭാ സംവിധാനം തയാറായി. കോവിഡ് പ്രതിസന്ധിയിൽ  സർക്കാർ സംവിധാനത്തിൽ വേണ്ടത്ര സ്റ്റാഫില്ലാത്തതിനാൽ ചോദ്യോത്തരവേള മുടങ്ങിയ അവസ്ഥ പോലുമുണ്ടായി. ദേവികുളം എം.എൽ.എക്ക് നിയമ വകുപ്പിന്റെ പരിഭാഷ തെറ്റ് കാരണം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നതും സ്റ്റാഫ് കുറവിന്റെ ഫലം തന്നെയാകാം. പിന്നെയും നിരവധി ചട്ടലംഘനങ്ങൾ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുകയുണ്ടായി. അതിന്റെയെല്ലാം കാര്യകാരണങ്ങൾ അന്വേഷിച്ചു പോയാൽ കോവിഡ് പ്രതിസന്ധിയിലായിരിക്കും ചെന്നുനിൽക്കുക. നിയമസഭയിൽ ആദ്യമായി ഹസ്തദാനം ഒഴിവാക്കി മാതൃക കാണിച്ചത് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറായിരുന്നു. കോന്നി അംഗം രാജു അബ്രഹാം സഭയ്ക്കകത്ത് തനിക്ക് നേരെ നീട്ടിയ കൈക്ക് പകരം കൈത്തണ്ട കാണിച്ച് ടീച്ചർ അഭിവാദ്യം സ്വീകരിക്കുന്ന ചിത്രം അന്ന് മാധ്യമങ്ങളിലുണ്ടായിരുന്നു. ടീച്ചർ സ്റ്റൈലായി കുറേക്കാലം ആളുകൾ അത് കൊണ്ടുനടന്നു. പിന്നീടെല്ലം കൈവിട്ടു. 
12 ദിവസമാണ് പതിനഞ്ചാം സഭയുടെ ഒന്നാം സമ്മേളനം നീണ്ടുനിന്നത്. പലതു കൊണ്ടും സംഭവ ബഹുലമായിരുന്നു സമ്മേളനം. ഭരണ ബെഞ്ചിൽ രണ്ട് മന്ത്രിമാർ മാത്രമായിരുന്നു പഴയ ആളുകൾ-കെ.കൃഷ്ണൻകുട്ടിയും, എ.കെ ശശീന്ദ്രനും. പ്രതിപക്ഷത്ത് പ്രതിപക്ഷ നേതാവ് തന്നെ മാറിയതോടെ മുഖമാകെ മാറിയ സ്ഥിതി. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് എങ്ങനെയായിരിക്കും മുന്നോട്ട് പോവുകയെന്ന് തുടക്ക സമ്മേളനത്തിൽ തന്നെ തെളിയിച്ചു. സഭാ നടപടികളുടെ തലനാരിഴ കീറിയിരുന്ന  ലീഗിലെ അഡ്വ. കെ.ഉമ്മറിന് പകരം ഇപ്പോൾ അഡ്വ. എൻ.ഷംസുദ്ദീനുണ്ട്. കോൺഗ്രസിലെ കെ.ബാബുവിന്റെ പേര് പോലും ക്രമപ്രശ്‌നം ബാബു എന്നാക്കണമെന്ന മട്ടിലായിരുന്നു പ്രകടനം. ഒരിഞ്ചു വിട്ടുകൊടുക്കാത്ത സ്വഭാവക്കാരനായി പി.ടി തോമസും, നിയമത്തിന്റെ തലനാരിഴ കീറുന്ന അറിവുകളുമായി മാത്യു കുഴൽനാടനും പ്രതിപക്ഷ നിരയെ സജീവമാക്കുന്നു. 
മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മാംഗോ മൊബൈൽ ഉദ്ഘാടന ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.ടി. തോമസ് ഇന്നലെയും രംഗത്തുണ്ടായിരുന്നു. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തു നിൽക്കുന്ന ചിത്രം കണ്ടിട്ട് താനാണോ മാപ്പ് പറയേണ്ടതെന്ന് പി.ടി. തോമസ് ചോദിച്ചു. പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തു വിട്ടുകൊണ്ടായിരുന്നു പി.ടി തോമസ് തന്റെ നിലപാടിൽ ഉറച്ചു നിന്നത്. താൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പു പറയണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ മറുപടി പറയുകായിരുന്നു അംഗം. ഇതാണ് പി.ടിയുടെ രീതി. കെ.സുധാകരന്റെ മറ്റൊരു രൂപം.

 അവസാന ദിവസം മഞ്ഞളാംകുഴി അലി കൊണ്ടുവന്ന ക്രമപ്രശ്‌നത്തിൽ സ്പീക്കർക്ക് ശക്തമായി റൂളിംഗ് നൽകേണ്ടി വന്നു. മദ്രസാ അധ്യപകർക്ക് നൽകുന്ന ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മറുപടി നിയമസഭയിൽ വരുന്നതിന് മുമ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വന്ന വിഷയമാണ് മഞ്ഞളാംകുഴി അലി വിഷയമാക്കിയത്. ജൂൺ ഏഴിന് മഞ്ഞളാംകുഴി അലി, പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ, കെ.പി.എ. മജീദ് എന്നീ അംഗങ്ങൾ നൽകിയ നക്ഷത്ര ചിഹ്നമിടാത്ത 99-ാം നമ്പർ ചോദ്യത്തിന്റെ മറുപടിയാണ് സഭയിൽ വരുന്നതിന് മുമ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇത് ചട്ട ലംഘനവും അംഗങ്ങളോടും സഭയോടുമുള്ള അനാദരവുമാണെന്നു കാട്ടി മഞ്ഞളാംകുഴി അലി ക്രമപ്രശ്‌നം ഉന്നയിച്ചു. തുടർന്നാണ് സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സമഗ്രമായ വകുപ്പ്തല അന്വേഷണവും മാതൃകാപരമായ അച്ചടക്ക നടപടിയും സ്വീകരിക്കണമെന്ന് നിയമസഭയിൽ സ്പീക്കർക്ക് റൂൾ ചെയ്യേണ്ടി വന്നത്. സ്പീക്കർ എം.ബി രാജേഷ് പുതിയ ആളായതിന്റെ പരിമിതികളൊന്നും കാണിക്കുന്നില്ല -പാർലമെന്റിൽ നിന്ന് വന്നതിന്റെ ഗുണം.
പുതിയ മന്ത്രിമാരിൽ കൂടുതലായി കഴിവ് തെളിയിക്കാനായത് ധനമന്ത്രി കെ.എൻ. ബാലഗോപാലിനാണ്. ആരോഗ്യമന്ത്രി വീണാ ജോർജിനും നിരവധി അവസരങ്ങൾ സഭയിൽ ലഭിക്കുകയുണ്ടായി. ആരോഗ്യ രംഗത്ത ഭീകരമായ അവസ്ഥയാണ് അവരെ തുറിച്ചു നോക്കുന്നത്. ആർ.എം.പിയിലെ കെ.കെ. രമയും അവരുടെ ദൗത്യം കിട്ടിയ അവസരങ്ങളിലെല്ലാം നിർവഹിച്ചു. എല്ലാവർക്കും സൗജന്യമായി കോവിഡ്-19 വാക്‌സിൻ നൽകേണ്ട ആവശ്യകത സംബന്ധിച്ചും കേരളീയർക്ക് ഏറ്റവും ആത്മബന്ധമുള്ള കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും രണ്ട് ഗവണ്മെന്റ് പ്രമേയങ്ങൾ ചട്ടം 118 പ്രകാരം സമ്മേളന കാലയളവിൽ സഭ പരിഗണിക്കുകയും ഐകകണ്‌ഠ്യേന പാസാക്കുകയും ചെയ്തു. 120 നക്ഷത്രച്ചിഹ്നമിട്ട ചോദ്യങ്ങളും 1034 നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യങ്ങളും അനുവദിച്ചിരുന്നു. 14 ചോദ്യങ്ങൾക്ക് മന്ത്രിമാർ വാക്കാൽ മറുപടി നൽകുകയുണ്ടായി. സഭാ തലത്തിൽ 109 ഉപചോദ്യങ്ങൾ ഉന്നയിക്കുകയും മന്ത്രിമാർ അവയ്ക്ക് മറുപടി നൽകുകയും ചെയ്തു. തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്‌സൈസും വകുപ്പുമന്ത്രി എം.വി ഗോവിന്ദൻ, വൈദ്യുതി വകുപ്പുമന്ത്രി കെ.കൃഷ്ണൻകുട്ടി, സഹകരണവും രജിസ്‌ട്രേഷനും വകുപ്പുമന്ത്രി വി.എൻ.വാസവൻ എന്നിവർ നിയമസഭാ ചോദ്യങ്ങൾക്ക് യഥാസമയം മറുപടി ലഭ്യമാക്കിയവരാണ്. എല്ലാ മന്ത്രിമാരും ഈ മാതൃക സ്വീകരിക്കേണ്ടതാണെന്നും ഇനിയും മറുപടി നൽകാനുള്ള എല്ലാ ചോദ്യങ്ങൾക്കും പൂർണമായ മറുപടി, ചട്ടം അനുശാസിക്കുന്ന വിധം യഥാസമയം ലഭ്യമാക്കുവാൻ ശ്രദ്ധിക്കണമെന്നും ഇവരുടെ മാതൃക എടുത്തു കാണിച്ച് സ്പീക്കർ നൽകിയ നിർദേശം പുതിയ മന്ത്രിമാരായ വാസവനും, ഗോവിന്ദൻ മാസ്റ്റർക്കും അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി.

Latest News