- സൗദിയെ അഭിനന്ദിച്ച് പാക്-അഫ്ഗാൻ പണ്ഡിതന്മാർ
മക്ക- അഫ്ഗാനിസ്ഥാനിൽ സമാധാനം സ്ഥാപിക്കുന്നതിനും ആഭ്യന്തരകലഹത്തിന് അറുതി വരുത്തുമെന്നും മുസ്‌ലിം വേൾഡ് ലീഗിന്റെ ആഭിമുഖ്യത്തിൽ നടന്ന സമാധാന സമ്മേളനം പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ സഹായത്തോടെ മസ്ജിദുൽഹറാമിന് ചാരത്ത് സംഘടിപ്പിച്ച സമ്മേളനത്തിൽ പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും മുതിർന്ന പണ്ഡിതന്മാർ അഫ്ഗാനിസ്ഥാൻ സമാധാന പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. വർഷങ്ങളായി പരസ്പരം പോരാടിക്കുന്ന വിവിധ വിഭാഗങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും മുസ്‌ലിം സ്‌കോളേഴ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ ശൈഖ് ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം ഈസയുടെ സാന്നിധ്യത്തിൽ പാക്കിസ്ഥാൻ മതകാര്യമന്ത്രി ശൈഖ് ഡോ. നൂറുൽഹഖ് ഖാദിരിയും അഫ്ഗാനിസ്ഥാൻ ഹജ്-ഔഖാഫ് മന്ത്രി ശൈഖ് മുഹമ്മദ് ഖാസിം ഹലീമിയുമാണ് സമാധാന കരാറിൽ ഒപ്പുവെച്ചത്.
ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പോരാട്ടങ്ങൾ അവസാനിപ്പിക്കാൻ പാക്കിസ്ഥാനിലെയും അഫ്ഗാനിലെയും പണ്ഡിതന്മാർ ഒരുമിച്ച് ഒരു വേദിയിൽ ഇരിക്കുന്നത്.
അഫ്ഗാനിലെ കുഴപ്പങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ സമ്മേളനം വിശദമായി ചർച്ച ചെയ്തു. മതം, വർഗം, സംസ്‌കാരം, ജാതി തുടങ്ങി ഏതൊരു വ്യത്യാസങ്ങളുടെ പേരിലുമുള്ള കലഹങ്ങളെ ഇസ്‌ലാം നഖശിഖാന്തം എതിർക്കുന്നതായി പണ്ഡിതന്മാർ വിശദമാക്കി.
അഫ്ഗാനിസ്ഥാനിൽ മാത്രമല്ല, ലോകത്ത് മുഴുവനും സമാധാനം സ്ഥാപിക്കാൻ അങ്ങേയറ്റം പരിശ്രമിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇരുരാജ്യങ്ങളിലെയും പണ്ഡിതന്മാർ കൃതജ്ഞത രേഖപ്പെടുത്തി.
മസ്ജിദുൽ ഹറാമിന്റെ മുറ്റത്ത് നടന്ന ചരിത്രപരമായ ഈ സമ്മേളനം ഇസ്‌ലാമിക സമൂഹം സമാധാന ശ്രമങ്ങൾക്ക് അതീവ പ്രാധാന്യം നൽകുന്നുവെന്ന് വിളംബരം ചെയ്യുന്നതായി ഡോ. മുഹമ്മദ് അൽഈസ വ്യക്തമാക്കി. സൗദി ഭരണനേതൃത്വത്തിന്റെ പിന്തുണക്ക് പുറമെ, സമാധാനം പുലരാനുള്ള പണ്ഡിതന്മാരുടെ ഇഛാശക്തിയുടെ കൂടെ വിജയമാണ് ഈ സമ്മേളനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ജനത പരസ്പരം സ്‌നേഹിക്കുകയും വിശ്വാസത്തിലെടുക്കുകയും തിരിച്ചറിയുകയും ചെയ്യുന്നവരാണ്. മതപരമായ ബാന്ധവത്തിന് പുറമെ, അവർ ഏറ്റവും നല്ല അയൽക്കാർ കൂടിയാകുമെന്നതിലും സംശയമില്ല. ഐക്യത്തിലും സമാധാനത്തിലും കഴിയുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും സൗദി അറേബ്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഡോ. അൽഈസ വ്യക്തമാക്കി. പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത് സമ്മേളനത്തിൽ പങ്കെടുത്ത പണ്ഡിതന്മാരെ അഭിവാദ്യം ചെയ്താണ് ഡോ. മുഹമ്മദ് അൽഈസ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
യോഗത്തിൽ പാക്കിസ്ഥാൻ മതകാര്യമന്ത്രി ശൈഖ് ഡോ. നൂറുൽഹഖ് ഖാദിരി, അഫ്ഗാനിസ്ഥാൻ ഹജ്-ഔഖാഫ് മന്ത്രി ശൈഖ് മുഹമ്മദ് ഖാസിം ഹലീമി, സൗദിയിലെ അഫ്ഗാനിസ്ഥാൻ അംബാസഡർ അഹ്മദ് ജാവീദ് മുജദ്ദിദി, മുസ്‌ലിം വേൾഡ് ലീഗിലെ അഫ്ഗാൻ സ്ഥിരം പ്രതിനിധി ഡോ. ശഫീഖ് സ്വമീം എന്നിവരും നിരവധി പണ്ഡിതന്മാരും പ്രസംഗിച്ചു.