Sorry, you need to enable JavaScript to visit this website.

ലക്ഷദീപിൽ വികസന വേഷമണിഞ്ഞ് എത്തിയത് ഫാസിസമെന്ന് അതിരൂപത

കൊച്ചി - ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. വികസന വേഷം കെട്ടി ഇപ്പോൾ ലക്ഷദ്വീപിലെത്തുന്നത് ഫാസിസമല്ലാതെ മറ്റൊന്നല്ലെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ലക്ഷദ്വീപിൽ നടക്കുന്നത് വെറും ന്യൂനപക്ഷ വേട്ടയല്ല, മനഃപൂർവ്വമായ മാനവികതാ ധ്വംസനം തന്നെയാണെന്ന് കുറ്റപ്പെടുത്തുന്നു. ആയിരക്കണക്കിന് മൽസ്യത്തൊഴിലാളികളെ കിടപ്പാടമില്ലാതാക്കി തെരുവിലിറക്കിയ ദാമൻ-ദിയുവിലെ ടൂറിസ വികസനത്തിന്റെ തലതൊട്ടപ്പൻ പുതിയ ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലായത് യാദൃഛികമല്ല.


ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചതും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മൽസ്യബന്ധനം തുടങ്ങിയവ അഡ്മിനിസ്‌ട്രേറ്ററുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയതും, പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കാൻ സൗകര്യപ്പെടുംവിധം ഗുണ്ടാ ആക്ടിന്റെ ദുരുപയോഗസാധ്യത ഉറപ്പാക്കിയതും, ദ്വീപിനു പുറത്തുള്ളവർക്ക് അനായാസം ഭൂമി വാങ്ങുവാൻ കഴിയും വിധം ദ്വീപുവാസികളുടെ ഉടമസ്ഥാവകാശം അസ്ഥിരപ്പെടുത്തിയതും ഉൾപ്പെടെയുള്ള നിരവധി പരിഷ്‌ക്കരണങ്ങൾ ഏകപക്ഷീയമായി നടപ്പാക്കാൻ തുടങ്ങിയത് മുതലാണ് പ്രക്ഷോഭങ്ങളുടെ  പ്രയാസനാളുകൾ ദ്വീപിന് സമ്മാനിക്കപ്പെട്ടത്. ദ്വീപിനെ 2021 ഫെബ്രുവരി 18 വരെ കോവിഡ് മുക്തമാക്കി നിലനിർത്തിയ കർക്കശ നിലപാടുകൾ കാറ്റിൽപ്പറത്തിയത് കോവിഡ് കേസുകൾ പെരുകാനിടയാക്കിയെന്നതും ജനകീയ പ്രതിഷേധങ്ങൾക്ക് മറ്റൊരു കാരണമായി.


ദ്വീപിന്റെ രാഷ്ട്രീയ നിലപാടുകൾ ഇന്ത്യൻ ദേശീയതയെയാണ് എക്കാലവും പ്രതിനിധീകരിക്കുന്നത്. സംസ്ഥാന രൂപീകരണ ചർച്ചകളിൽ ദ്വീപിനെ കേരളത്തോട് ചേർക്കാനുള്ള താൽപര്യമുയർന്നപ്പോൾ, ദ്വീപുകളുടെ പിന്നാക്കാവസ്ഥ പരിഗണിച്ച് കേന്ദ്രത്തോട് ചേർത്ത് നിർത്താനായിരുന്നു, നെഹ്‌റു തീരുമാനിച്ചത്. കോഴിക്കോട്ട് നിന്നും കവരത്തിയിലേക്കുള്ള ദ്വീപിന്റെ തലസ്ഥാന മാറ്റം നെഹ്‌റുവിന്റെ വിശ്വസ്തനായ മൂർക്കോത്ത് രാവുണ്ണിയുടെ ദ്വീപിലെ വലിയ മാറ്റങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു. ദ്വീപിലെ ലോക്‌സഭാ പ്രതിനിധിയെ നോമിനേറ്റ് ചെയ്യുന്ന പതിവ് നിർത്തി 1967-ൽ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് പ്രതിനിധിയായി പി എം സെയ്ദ് ലോക്‌സഭയിലെത്തി. 36 വർഷം നീണ്ട കോൺഗ്രസ് പ്രാതിനിധ്യം ഇപ്പോൾ എൻസിപിക്കായി വഴിമാറിയെങ്കിലും ദേശീയ പാർട്ടികൾക്കൊപ്പമാണ് ദ്വീപിലെ എക്കാലത്തെയും ജനാധിപത്യ ബോധവികാസം. തീവ്രവാദ നിലപാടുകൾക്കോ, അവയെ പ്രതിനിധീകരിക്കുന്ന മതസംഘടനകൾക്കോ ദ്വീപിൽ ഇതുവരെയും ഇടമില്ലെന്നതും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി.

 

Latest News