പയ്യോളി മനോജ് വധം: സി.പി.എമ്മിനെ വെട്ടിലാക്കി പ്രതികളുടെ വെളിപ്പെടുത്തൽ

പയ്യോളി മനോജ്

കോഴിക്കോട്- ബി.എം.എസ് നേതാവ് അയനിക്കാട് സി.ടി മനോജ് വധക്കേസിൽ സി.പിഎം കോഴിക്കോട് ജില്ലാ നേതൃത്വത്തെ പ്രതികൂട്ടിലാക്കി പ്രതികളുടെ വെളിപ്പെടുത്തൽ. പാർട്ടി പറഞ്ഞത് പ്രകാരമാണ് കൊലക്കേസിൽ പ്രതികളാണെന്ന് സമ്മതിച്ച് പോലീസിൽ കീഴടങ്ങിയതെന്നും എന്നാൽ പിന്നീട് പാർട്ടി ചതിച്ചുവെന്നും ഇവർ വെളിപ്പെടുത്തി. സി.പി.എം ജില്ലാ നേതാവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കൊലയാളി സംഘം പയ്യോളിയിലെത്തി മനോജിനെ കൊലപ്പെടുത്തിയതെന്നും കേസിലെ പ്രതി വ്യക്തമാക്കി. 
മനോജിന്റെ കുടുംബത്തിന് പണം നൽകി കേസ് ഒതുക്കുമെന്ന് ജില്ലാ നേതാവ് ചന്തുമാസ്റ്റർ പറഞ്ഞാണ് കേസിലെ പ്രതികളായത്. ബി.ജെ.പി കൊടുത്ത ലിസ്റ്റ് അനുസരിച്ചാണ് പ്രതികളെ നിശ്ചയിച്ചതെന്നും വെറുതെ പോയാൽ മതിയെന്നുമാണ് ചന്തുമാസ്റ്റർ പറഞ്ഞത്. അറസ്റ്റിലായ ശേഷമാണ് അത്തരം ലിസ്റ്റില്ല എന്ന് മനസിലായത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയാണ് നടന്നത് എന്ന് പിന്നീടാമ് മനസിലായത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സി.പി.എം രംഗത്തുവന്നതും യഥാർത്ഥ പ്രതികൾ പിടിയിലാകും എന്നത് കൊണ്ടാണെന്നും കേസിൽ നേരത്തെ പിടിയിലായ പ്രതികളിൽ ഒരാൾ പറഞ്ഞു. കേസ് നടത്തി വൻ കടക്കെണിയിലായെന്നും ഇദ്ദേഹം പറയുന്നു. 
മനോജ് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പയ്യോളിയിലെ സി.പി.എം നേതാക്കൾ ഉൾപ്പെടെയുളള ഒമ്പതു പേരും നിലവിൽ സി.ബി.ഐ കസ്റ്റഡിയിലാണ്. ജനുവരി 12 വരെ റിമാന്റു ചെയ്ത ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി 10 വരെയാണ് ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു നൽകിയിരിക്കുന്നത്. സിപിഎം ജില്ലാകമ്മിറ്റി അംഗവും പയ്യോളി ഏരിയാ സെക്രട്ടറിയുമായ ചന്തു മാസ്റ്റർ എന്ന ടി ചന്തു(73), ലോക്കൽ സെക്രട്ടറി പി വി രാമചന്ദ്രൻ(59), പയ്യോളി ബ്രാഞ്ച് സെക്രട്ടറി പി കെ കുമാരൻ (53), ഏരിയാകമ്മിറ്റി അംഗം എസ് സുരേഷ് ബാബു(54) ലോക്കൽ കമ്മിറ്റി അംഗം എൻ സി മുസ്തഫ(47), കൗൺസിലറും ലോക്കൽ കമ്മിറ്റി അംഗവുമായ കെ ടി ലിഗേഷ്(38), ഡി വൈ എഫ് ഐ മുചുകുന്ന് യൂണിറ്റ് സെക്രട്ടറി പി അനൂപ്(28), കെടക്കാട് അരുൺനാഥ്(28), നിരവത്ത് രതീഷ് (27)  എന്നിവരെയാണ് സിബിഐ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വടകര സിബിഐ ക്യാംപ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരന്നു അറസ്റ്റ്.  2012 ഫെബ്രുവരി 12ന് രാത്രി ഒമ്പതിന് ബിഎംഎസ്് നേതാവ് സി ടി മനോജിനെ വീട്ടിൽ കയറി ഒരുസംഘം കൊലപ്പെടുത്തുകയായിരുന്നു.
ഒന്നും രണ്ടും പ്രതികളായ അജിക്കും ജിതേഷിനും പ്രതികളുമായി വ്യക്തിവിരോധമില്ലെന്നും സി പി എം നേതാക്കളുടെ നിർദേശ പ്രകാരമാണ് കൊലപാതകം നടന്നതെന്നും സി ബി ഐ റിപ്പോർട്ടിൽ വ്യക്തമാക്കി. 
കൊലപാതകത്തിന് പിന്നിലിരുന്ന്് ചരടുവലിച്ചവർ കേസിൽ നിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചതെന്നും റിപ്പോർട്ട് പറയുന്നു. സി പി എം പ്രവർത്തകനായ കുരിയാട് ബാബുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് മനോജ് വധം ആസൂത്രണം ചെയ്യപ്പട്ടത്. ബാബുവധത്തിന്റെ പിറ്റേ ദിവസം നേതാക്കൾ കൂടിയാലോചന നടത്തിയാണ് മനോജിനെ വധിക്കാൻ തീരുമാനമെടുത്തത്. ഒന്നാം പ്രതി അജിയുടെ അയൽവാസിയും സുഹൃത്തുമാണ് കൊല്ലപ്പെട്ട മനോജ്. പാർട്ടിയുടെ സമ്മർദത്തിന് വഴങ്ങിയാണ് അജി കൊലപാതകത്തിൽ പങ്കെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞെങ്കിലും  അത് വിചാരണയിൽ തെളിയേണ്ടതാണെന്ന് കോടതി വ്യക്തമാക്കി.  

Latest News