വയനാട്ടിൽ റവന്യൂ പട്ടയഭൂമികളിൽ 23,000 വീട്ടിമരങ്ങൾ

കൽപറ്റ- വയനാട്ടിൽ വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്കുകളിലായി റവന്യൂ പട്ടയഭൂമിയിലുള്ളത് 23,000 ഓളം വീട്ടിമരങ്ങൾ. വയനാട് റവന്യൂ പട്ടയഭൂമി കർഷക സംരക്ഷണ സമിതി നേരത്തേ നടത്തിയ കണക്കെടുപ്പിലാണ് ജില്ലയിൽ മൂന്നു താലൂക്കുകളിലായി റവന്യൂ പട്ടയഭൂമിയിൽ   ഇത്രയും വീട്ടികൾ ഉണ്ടെന്നു കണ്ടത്. ഈ വൃക്ഷങ്ങളിൽ  2,653 എണ്ണം  വീണുകിടക്കുന്നതാണ്. ഉണങ്ങിയതോ കേടുപിടിച്ചതോ ആണ് 8,252 എണ്ണം.  7,200 ഓളം വീട്ടികൾ പൂർണ വളർച്ചയെത്തിയതാണ്. ഉണങ്ങിയതും വീണതുമായ മരങ്ങൾക്കു മാത്രം ഏകദേശം 500 കോടി രൂപ വിലമതിക്കും. 


ഏകദേശം 12,000 ഏക്കറാണ് ജില്ലയിൽ പട്ടയഭൂമിയുടെ അളവ്. റവന്യൂ പട്ടയഭൂമിയിലെ രാജകീയ വിഭാഗത്തിൽപ്പെട്ടതടക്കം മുഴുവൻ വൃക്ഷങ്ങളുടെയും ഉടമാവകാശം പട്ടയം ഉടമയിൽ  നിക്ഷിപ്തമാക്കുന്നതിനു വർഷങ്ങളായി പോരാട്ടം നടത്തുന്ന പ്രസ്ഥാനമാണ് കർഷക സംരക്ഷണ സമിതി. ജൻമം പട്ടയം ഉടമകൾക്കു ഭൂമിയുള്ള അതേ അവകാശങ്ങൾ റവന്യൂ പട്ടയം ഉടമകൾക്കും ലഭ്യമാക്കണമെന്നാണ് കർഷക സംരക്ഷണ സമിതിയുടെ ആവശ്യങ്ങളിൽ മുഖ്യം. സംസ്ഥാന നിയമസഭ 1960ൽ പാസാക്കിയ ഭൂപതിവ് നിയമത്തിനും 1964ൽ കൊണ്ടുവന്ന ചട്ടങ്ങൾക്കും അനുസൃതമായി മരവിലയും സ്ഥലവിലയും ഈടാക്കി അനുവദിച്ചതാണ് റവന്യൂ പട്ടയങ്ങൾ. പട്ടയഭൂമിയിലെ ചന്ദനവും വീട്ടിയും തേക്കും ഉൾപ്പടെ രാജകീയ വിഭാഗം മരങ്ങൾ സർക്കാർ റിസർവ് ചെയ്തു. 1964നും 1970നും ഇടയിലാണ് ജില്ലയിലെ റവന്യൂ പട്ടയങ്ങളിൽ ഏറെയും അനുവദിച്ചത്. റവന്യൂ പട്ടയഭൂമയിലെ റിസർവ് മരങ്ങൾ മുറിക്കാൻ കൈവശക്കാരനു അവകാശമില്ല. ജൻമം പട്ടയഭൂമിയിലെ കർഷകർക്ക് മരങ്ങളിൽ അവകാശവും മുറിച്ചുവിൽക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നിരിക്കെ  തങ്ങൾ വിവേചനമാണ് നേരിടുന്നതെന്നു റവന്യൂ പട്ടയം ഉടമകൾ പറയുന്നു. 


റവന്യൂ പട്ടയഭൂമിയിലെ എല്ലായിനം മരങ്ങളുടെയും ഉടമാവകാശം കൈവശക്കാരനു ലഭിക്കണമെങ്കിൽ അതിനു ഉതകുന്ന വിധത്തിൽ 1960ലെ ഭൂപതിവു നിയമം ഭേദഗതി ചെയ്യണം. ഇതിനായി റവന്യൂ പട്ടയം ഉടമകളുടെ കൂട്ടായ്മ സർക്കാരിൽ സമ്മർദം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് 2020 ഒക്ടോബർ 24ലെ വിവാദ ഉത്തരവ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയത്. റവന്യൂ പട്ടയഭൂമിയിലെ മരങ്ങളിൽ വൃക്ഷവില അടച്ചതും സ്വയം കിളർത്തതും നട്ടുവളർത്തിയതുമായ  മരങ്ങളിൽ ചന്ദനം ഒഴികെയുള്ളവ മുറിച്ചടുക്കാൻ കൈവശക്കാരനെ അനുവദിക്കുന്നതായിരുന്നു ഉത്തരവ്. ഭൂപതിവ് നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്താതെ പുറപ്പെടുവിച്ച ഈ ഉത്തരവ് കൈവശഭൂമിയിലെ വീട്ടിയും തേക്കും മറ്റും മുറിച്ചുവിറ്റു കടം വീട്ടാനും മറ്റാവശ്യങ്ങൾ നിറവേറ്റാനും കാത്തിരുന്ന റവന്യൂ പട്ടയം ഉടമകൾക്കു സഹായകമായില്ല. പട്ടയം അനുവദിച്ചകാലത്തു ഭൂമിയിൽ ഉണ്ടായിരുന്നതാണ് ഇപ്പോൾ കാണുന്ന  കൂറ്റൻ വീട്ടി, തേക്കുമരങ്ങൾ. റിസർവ് മരങ്ങൾക്കു വൃക്ഷവില അടയ്ക്കാനും കഴിയുമായിരുന്നില്ല. 2020 ഒക്ടോബറിലെ ഉത്തരവ് തെറ്റായി വ്യാഖാനിച്ചാണ് വയനാട് ഉൾപ്പെടെ  വിവിധ ജില്ലകളിൽ വീട്ടിമുറി നടന്നത്. ഇതേച്ചൊല്ലിയുള്ള വിവാദമാണ് ഇപ്പോൾ കത്തുന്നത്. 2020 ഒക്ടോബറിലെ ഉത്തരവ് 2021 ഫെബ്രുവരി രണ്ടിനു സർക്കാർ റദ്ദുചെയ്തിരുന്നു. അന്താരാഷ്ട്രതലത്തിൽ വൻ ഡിമാന്റുള്ളതും പശ്ചിമഘട്ടത്തിൽ മാത്രം വളരുന്നതും ഐ.യു.സി.എൻ ഡാറ്റാ ബുക്കിൽ വംശനാശ ഭീഷണിയുള്ള വൃക്ഷമായി രേഖപ്പെടുത്തിയതുമാണ് വയനാടൻ വീട്ടിമരങ്ങൾ. 


 

Latest News