Sorry, you need to enable JavaScript to visit this website.

എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല, കൂടെ വേണം, രക്തസാക്ഷി ശുഹൈബിന്റെ ചിത്രം പങ്കുവെച്ച് സുധാകരൻ

തിരുവനന്തപുരം- കണ്ണൂരിലെ രാഷ്ട്രീയപോരാട്ടങ്ങളുടെ ചൂടും ചൂരും പങ്കുവെച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കണ്ണൂരിൽ സ്വന്തം ജീവൻ പോലും അവഗണിച്ച് പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെ സ്മരിച്ചുള്ള പോസ്റ്റിൽ സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയ ശുഹൈബിന്റെ ചി്ത്രമാണ് സുധാകരൻ പങ്കുവെച്ചത്. പോസ്റ്റിന്റെ പൂർണരൂപം:
കണ്ണൂർ രാഷ്ട്രീയത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി സ്വജീവൻ പോലും തൃണവൽക്കരിച്ച്  രാഷ്ട്രീയ എതിരാളികളുമായി മല്ലടിച്ച് ഈ പാർട്ടിയുടെ അസ്തിത്വം നിലനിർത്തിയവരാണ് നിങ്ങൾ.
നിങ്ങളുടെ വിയർപ്പാണ്, നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ചിന്തയാണ് കണ്ണൂർ ജില്ലയിലെ കമ്യൂണിസ്റ്റ് ഗ്രാമങ്ങളിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് അസ്തിത്വം പകർന്ന അടിസ്ഥാന ഘടകം. ഒരു വിഷമസന്ധിയിലൂടെയാണ് നാം കടന്നു പോയി കൊണ്ടിരിക്കുന്നത്.
കോൺഗ്രസിന്റെ സാന്നിധ്യം അനിവാര്യമായ  ഈ ചുറ്റുപാടിൽ, കോൺഗ്രസ് ദുർബലമാകുന്നു എന്നത് ദു:ഖകരമാണ്.
രാഷ്ട്രിയ എതിരാളികൾ പോലും കോൺഗ്രസ് ശക്തമാകണമെന്ന് ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തിൽ കോൺഗ്രസ്സ് ദുർബലമാകുന്നത് നമുക്ക് ഉൾക്കൊള്ളാൻ കഴിയില്ല.
കോൺഗ്രസ് ദുർബലമാകാതിരിക്കാനുള്ള നടപടി നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം.  ജനങ്ങൾ കോൺഗ്രസിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുമ്പോൾ നമുക്ക് എങ്ങനെ ഉറങ്ങാൻ പറ്റും?. അത് കൊണ്ട് എന്റെ പ്രിയപ്പെട്ടവരോട് ഞാൻ പറയുന്നു. ഒരു പാട് രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓർമ്മകൾ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രം രചിക്കുമ്പോൾ, ആ പ്രസ്ഥാനം തളരുവാൻ  നമുക്ക് അനുവദിക്കാൻ പറ്റില്ല. ഒന്നിക്കണം, കരുത്തോടെ മുന്നോട്ട് പോകാൻ നമുക്ക് സാധിക്കണം.
കോൺഗ്രസിന്റെ പ്രവർത്തന രംഗത്ത്  ഈ സംസ്ഥാനത്തെ അമരക്കാരനായി ഹൈക്കമാൻഡ് എന്നെ നിശ്ചയിച്ചത് നിങ്ങൾക്ക് അറിയാമല്ലൊ. എനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. അത് കൊണ്ട് നമുക്ക് വേണം തോളോട് തോൾ ചേർന്ന് കൊണ്ടുള്ള പ്രവർത്തനം. എല്ലാം മറന്ന് കൊണ്ട് പാർട്ടിക്ക് വേണ്ടി, പാർട്ടിയുടെ അഭിവൃദ്ധിയ്ക്ക് വേണ്ടി, പാർട്ടിയുടെ കരുത്തിന് വേണ്ടി ഒരു ബിന്ദുവിൽ യോജിക്കുവാൻ എന്നെ സ്‌നേഹിക്കുന്ന സംസ്ഥാനത്തെ എല്ലാ കോൺഗ്രസ് പ്രവർത്തകരും ഒറ്റകെട്ടായി എന്റെ കരങ്ങൾക്ക് ശക്തി പകരുവാൻ ഉണ്ടാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
നിങ്ങൾക്ക് എല്ലാവർക്കും എന്റെ നമസ്‌ക്കാരം.
ജയ്ഹിന്ദ്.
 

Latest News