മകളെ പീഡിപ്പിക്കുന്ന ദൃശ്യം അച്ഛന്റെ ഫോണിലെത്തി, പ്രതികളില്‍ ഏഴുപേര്‍ കുട്ടികള്‍

ന്യൂദല്‍ഹി- ഹരിയാനയിലെ ഗ്രാമത്തില്‍ സ്‌കൂളില്‍ വെച്ച് പത്തു വയസ്സുകാരിയെ ഒരു സംഘം കുട്ടികള്‍ ബലാത്സംഗം ചെയ്തു. റിവാരി ജില്ലയിലെ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. പ്രതികളില്‍ ഒരാളൊഴികെ എല്ലാവരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്ന് പോലീസ് പറഞ്ഞു.


കുട്ടിയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ പിതാവിന്റെ ഫോണില്‍ എത്തിയതിനെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. മേയ് 24 നായിരുന്നു സംഭവം. സ്‌കൂള്‍ വെക്കേഷനായി അടച്ചിരുന്നുവെങ്കിലും കളിക്കാനാണ് പെണ്‍കുട്ടിയടക്കമുള്ള കുട്ടികള്‍ എത്തിയിരുന്നത്.


ഏഴ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഒരു പതിനെട്ടുകാരനുമാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് റിവാരി ഡിവൈ.എസ്.പി ഹന്‍സ് രാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുട്ടികളില്‍ ചിലര്‍ക്കെതിരെ ബലാത്സംഗ കുറ്റവും മറ്റുള്ളവര്‍ക്കെതിരെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായക്കാരാണ് കുട്ടികള്‍.


പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചിരുന്നില്ല. വീഡിയോ അച്ഛനു ലഭിച്ച ശേഷമാണ് പരാതി നല്‍കിയത്. വ്യാഴാഴ്ച പരാതി ലഭിച്ചയുടന്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായി ഡിവൈ.എസ്.പി പറഞ്ഞു.
18 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായും മറ്റു കുട്ടികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചതായും പോലീസ് പറഞ്ഞു.

 

Latest News