Sorry, you need to enable JavaScript to visit this website.

നൈജീരിയയിൽ അവസരം തേടി ഇന്ത്യയുടെ കൂ 

ട്വിറ്ററിന് നൈജീരിയ വിലക്കേർപ്പെടുത്തിയ അവസരം പ്രയോജനപ്പെടുത്താനൊരുങ്ങി ഇന്ത്യൻ സോഷ്യൽ നെറ്റ് വർക്കിംഗ് കമ്പനിയായ കൂ (Koo). പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ അക്കൗണ്ട് നീക്കം ചെയ്തതിന് പിന്നാലെയാണ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ട്വിറ്ററിന് നൈജീരിയയിൽ വിലക്കേർപ്പെടുത്തിയത്. 
കൂ നൈജീരിയയിലും ലഭ്യമാണെന്ന് കമ്പനിയുടെ സ്ഥാപകരിലൊരാളായ അപ്രമേയ രാധാകൃഷ്ണ ട്വീറ്റ് ചെയ്തു. പ്രാദേശികഭാഷകൾ ഉപയോഗപ്പെടുത്തിയുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് നൈജീരിയയിലും സാധ്യമാക്കാൻ കമ്പനി ആഗ്രഹിക്കുന്നതായി രാധാകൃഷ്ണ ട്വീറ്റിൽ പറഞ്ഞു. 
കൂ ലഭ്യമായ മറ്റു രാജ്യങ്ങളേയും നൈജീരിയയിലെ പ്രദേശിക ഭാഷകളേയും കുറിച്ചുള്ള വിവരവും രാധാകൃഷ്ണയുടെ ട്വിറ്റർ പോസ്റ്റിലുണ്ട്. 


ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അഹമ്മദാബാദിലെ പൂർവവിദ്യാർഥികളായ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേർന്നാണ് കൂ വികസിപ്പിച്ചെടുത്തത്. ലോഗോ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ട്വിറ്ററിനോട് സാമ്യതയുള്ള കൂവിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള പ്രമുഖർ പ്രചാരം നൽകിയിരുന്നു. ഇന്ത്യയിലെ നിരവധി പ്രമുഖർ കൂ ഉപയോഗിക്കുന്നുണ്ട്. 
34 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിക്കാൻ കൂവിന് ഇതിനകം സാധിച്ചതായി ഫോബ്‌സ് ഇന്ത്യ പറയുന്നു. ഉപയോക്താക്കളുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ 100 ദശലക്ഷം ഉപയോക്താക്കളെ നേടാനാണ് കൂ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാരിന്റെ സാമൂഹികമാധ്യമ നയങ്ങൾ പിന്തുടരാൻ തയ്യാറാണെന്ന് കൂ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. 
നൈജീരിയയിൽ നടക്കുന്ന ആഭ്യന്തരകലാപത്തെ കുറിച്ച് പ്രസിഡന്റ് ബുഹാരിയുടെ പരാമർശത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് ട്വിറ്റർ  നീക്കം ചെയ്തത്. നേരത്തെ ചൈനയിലും തുർക്കിയിലും മ്യാൻമറിലും സമാനമായ നടപടി ട്വിറ്റർ നേരിട്ടിരുന്നു.

 

Latest News