ബംഗളൂരുവില്‍ മലപ്പുറം സ്വദേശിയുടെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, ചാരവൃത്തിക്കും ഉപയോഗിച്ചുവെന്ന് സൈന്യം

തിരുപ്പൂര്‍ സ്വദേശി ഗൗതം, മലപ്പുറം സ്വദേശി പി.ഇബ്രാഹിം.

ബംഗളൂരു- അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തി ബംഗളൂരുവില്‍ പിടിയിലായ മലപ്പുറം സ്വദേശിക്കെതിരെ ചാരവൃത്തി ആരോപണവും.
ആറ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളടങ്ങുന്ന നെറ്റ് വര്‍ക്കാണ് കര്‍ണാടക പോലീസും സതേണ്‍ കമാന്‍ഡ് മിലിറ്ററി ഇന്റലിജന്‍സും ചേര്‍ന്ന് തകര്‍ത്തത്.
അന്താരാഷ്ട്ര കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റിയായിരുന്നു തട്ടിപ്പ്. മലപ്പുറം സ്വദേശി ഇബ്രാഹിം പുലാട്ടി, തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി വി.ഗൗതം എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇന്ത്യന്‍ ആര്‍മി എക്‌സ്‌ചേഞ്ചുകളില്‍നിന്നും സൈനിക ഉദ്യോഗസ്ഥരില്‍നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ചാരവൃത്തിയുമായി ബന്ധപ്പെട്ട ആരോപണം.

https://www.malayalamnewsdaily.com/sites/default/files/2021/06/10/exch.jpg
ബി.ടി.എം ലേഔട്ടില്‍ ഇരുവരും ചേര്‍ന്ന് ആറ് അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ ശൃംഖലയാണ് സ്ഥാപിച്ചത്. 30 ഇലക്ട്രോണിക് ഉപകരണങ്ങളും 32 സിം കാര്‍ഡുകളുമാണ് അന്താരാഷ്ട്ര കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റുന്നതിന് ഉപയോഗിച്ചിരുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ സൈനികരുടെ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങളടങ്ങുന്ന സംശയാസ്പദ കോളുകള്‍ സൈന്യത്തിന്റെ സിലിഗുരി ഹെല്‍പ് ലൈനില്‍ ലഭ്യമായതോടെയാണ് സൈന്യം അന്വേഷണം ആരംഭിച്ചത്. കോളുകള്‍ ബംഗളൂരുവിലേക്കാണെന്ന് മനസ്സിലായതോടെ സൈന്യം സിറ്റി പോലീസുമായി ബന്ധപ്പെട്ടു. ആന്റി ടെററിസ്റ്റ് സെല്ലും (എടിസി) പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇരുവരും അറസ്റ്റിലായത്. ഹവാല ഇടപാട് നടത്തിയിരുന്ന ഒരാള്‍ കര്‍ണാടകയിലെ ഭട്കലിലും പിടിയിലായി. അറസ്റ്റിലായവര്‍ക്കെതിരെ അനധികൃത എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിച്ച് ഖജനാവിന് നഷ്ടം വരുത്തിയതിന് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ബംഗളൂരു സിറ്റി പോലീസ് കമ്മീഷണല്‍ കമല്‍ പന്ത് പറഞ്ഞു. രാജ്യസുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് സൈനിക ഇന്റലിജന്‍സ് ചുമത്തിയിരിക്കുന്നത്.

 

 

Latest News