Sorry, you need to enable JavaScript to visit this website.
Thursday , June   17, 2021
Thursday , June   17, 2021

സുധാകര നിയോഗം

കോൺഗ്രസ് പ്രവർത്തകർ തുള്ളിച്ചാടുകയാണ്. സൈബർ ഇടത്തിലും തെരുവിലും. കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് ആയതാണ് കാരണം. മാധ്യമങ്ങളും പ്രത്യേകിച്ച് ചാനലുകൾ, സുധാകരന് വലിയ ഹൈപ്പ് തന്നെ നൽകുന്നു. എന്തിന്, പോളിറ്റ് ബ്യൂറോയിലിരിക്കുന്ന സി.പി.എം നേതാക്കൾ മുതൽ സാധാരണ പ്രവർത്തകർ പോലും മുമ്പൊന്നുമില്ലാത്തവിധം കെ.പി.സി.സി പ്രസിഡന്റിന്റെ നിയമനത്തിൽ അഭിപ്രായം പറയുന്നു. വിമർശനം ചൊരിയുന്നു. ഇതോടെ കോൺഗ്രസിന്റെ കഥ കഴിഞ്ഞുവെന്ന് ആക്ഷേപിക്കുന്നു.
ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കുമ്പക്കുടി സുധാകരൻ എന്ന കെ. സുധാകരനെ കോൺഗ്രസ് ഹൈക്കമാൻഡ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിക്കുന്നത്. ഇതിനിടയിൽ പല നാടകങ്ങളും നടന്നു. അപ്പോഴെല്ലാം ഒരു കാര്യം വ്യക്തമായിരുന്നു. കേരളത്തിലെ സാധാരണ കോൺഗ്രസ് പ്രവർത്തകരിൽ ബഹുഭൂരിപക്ഷവും പിന്തുണച്ചത് സുധാകരനെയാണെന്നത്. ഇന്നലെ വരെ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ചിരുന്നവരും അതിൽ പെടും. അതിന് പല കാരണങ്ങളുമുണ്ട്. അതിൽ പ്രധാനം കോൺഗ്രസിന് പുതുജീവൻ പകരാൻ സുധാകരനെ പോലെ ചടുലമായി പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന നേതാവ് കൂടിയേ തീരൂവെന്ന അവരുടെ വിശ്വാസമാണ്. മറ്റൊന്ന് കോൺഗ്രസ് കേരളത്തിൽ തിരിച്ചുവരാൻ കഴിയാത്തവിധം തകർന്നുപോകുമോ എന്ന ഭയം. അടുത്തടുത്ത രണ്ട് തെരഞ്ഞെടുപ്പുകളിൽ തോൽവി നേരിട്ടതുകൊണ്ടു മാത്രമല്ല. കോൺഗ്രസിനെ ഇനി തലപൊക്കാൻ കഴിയാത്ത വിധം കേരള മണ്ണിൽ കുഴിച്ചുമൂടാൻ സർവ തന്ത്രങ്ങളും പയറ്റുന്ന പിണറായി വിജയൻ സകല അധികാരങ്ങളും കൈപ്പിടിയിലൊതുക്കി മുഖ്യമന്ത്രിക്കസേരയിൽ അമർന്നിരിക്കുന്നതു കൊണ്ടു കൂടിയാണ്. ഈ സാഹചര്യത്തിൽ അൽപമെങ്കിലും കോൺഗ്രസ് വികാരം ഉള്ളിലുള്ളവർ സുധാകരനു വേണ്ടി മുറവിളി കൂട്ടിയത് സ്വാഭാവികം. കോളേജ് കാലം മുതൽ പിണറായി വിജയൻ അടക്കമുള്ള കണ്ണൂർ സി.പി.എം നേതാക്കളുമായി കൊണ്ടും കൊടുത്തും രാഷ്ട്രീയം പയറ്റുന്ന സുധാകരൻ തന്നെയാണ് പിണറായിക്ക് ഒത്ത എതിരാളിയെന്ന് അവർ കരുതുന്നു. എന്തായാലും പ്രവർത്തകരുടെ ആ വികാരം പാർട്ടി ഹൈക്കമാൻഡും മനസ്സിലാക്കി. സാക്ഷാൽ രാഹുൽ ഗാന്ധി തന്നെ സുധാകരനെ നേരിട്ട് വിളിച്ച് കെ.പി.സി.സി അധ്യക്ഷ പദത്തിലേക്ക് നിയോഗിച്ചതായി അറിയിക്കുന്നു. കണ്ണൂരിൽ പടക്കം പൊട്ടിച്ചാണ് പ്രവർത്തകർ ആ വാർത്ത ആഘോഷിച്ചത്. മറ്റു പല ജില്ലകളിലും ആഘോഷ പ്രകടനങ്ങൾ നടന്നു. നല്ലൊരു വിഭാഗം നേതാക്കളും ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്തു. നിറഞ്ഞ മനസ്സോടെയെന്ന് പറയാനാവില്ലെങ്കിലും ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരും സുധാകരന് പിന്തുണ പ്രഖ്യാപിച്ചു. 
പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും എല്ലാ നേതാക്കളെയും ഒരുമിച്ചു കൊണ്ടുപോകാൻ ശ്രമിക്കുമെന്നുമാണ് സുധാകരൻ സ്ഥാനം കിട്ടിയ ശേഷം പറയുന്നത്. ഒപ്പം തന്റെ ശൈലി മാറ്റില്ലെന്നും പാർട്ടിയെ ശക്തമായി തിരിച്ചുകൊണ്ടുവരുമെന്നും. പക്ഷേ അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന വെല്ലുവിളി കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അതികഠിനമാണ്. വിജയിക്കാൻ ഏറെ ദുഷ്‌കരവുമാണ്. 
പിണറായിയെ പോലെ കണ്ണൂരാണല്ലോ സുധാകരന്റെയും രാഷ്ട്രീയ തട്ടകം. കഴിഞ്ഞ അര നൂറ്റാണ്ടായി അദ്ദേഹത്തിന്റെ രാഷ്ട്രീയം കേന്ദ്രീകരിച്ചിരിക്കുന്നത് കണ്ണൂരിലാണ്. സി.പി.എമ്മുമായി ഹിംസാത്മകമായ രാഷ്ട്രീയ അങ്കത്തിന് സുധാകരൻ നേതൃത്വം നൽകിയെങ്കിലും അതിൽ വിജയം വരിക്കാൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോഴും സി.പി.എമ്മിന് തന്നെയാണ് കണ്ണൂർ രാഷ്ട്രീയത്തിൽ അധീശത്വം. ജില്ലയിലെ മലയോര, കുടിയേറ്റ മേഖലകളിലും കണ്ണൂർ നഗരത്തിലുമൊഴികെ മറ്റെവിടെയും സി.പി.എമ്മിന് വെല്ലുവിളിയുയർത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കേരളത്തിലാകെ സി.പി.എമ്മിനെ നേരിടാനുള്ള ദൗത്യം സുധാകരനെ ഏൽപിച്ചാൽ അദ്ദേഹത്തിന് എത്രത്തോളം വിജയിക്കാൻ കഴിയുമെന്ന് സംശയമുണ്ട്. പ്രവർത്തകരുടെ പിന്തുണ ഉണ്ടാകുമെങ്കിലും നേതാക്കളിൽ നിന്ന് നിസ്സഹകരണം അദ്ദേഹത്തിന് പ്രതീക്ഷിക്കാം. പാർട്ടിയിലെ പ്രമുഖ ഗ്രൂപ്പുകൾക്ക് സുധാകരന്റെ വരവ് അത്ര ദഹിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ അവർ പത്തി താഴ്ത്തിയെന്നേയുള്ളൂ. സുധാകരനിൽനിന്ന് എന്തെങ്കിലും വീഴ്ചകൾ സംഭവിച്ചാൽ എല്ലാവരും പത്തി പൊക്കുന്നത് കാണാം.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതാക്കളിൽനിന്നും അണികളിൽനിന്നും ഒരുപോലെ ഉയർന്ന വിലാപമാണ് പാർട്ടിയുടെ സംഘടനാ സംവിധാനം ഇല്ലാതായി, ബൂത്ത് കമ്മിറ്റികൾ നിർജീവമായി എന്നൊക്കെ. തനിക്ക് അധ്യക്ഷ പദം കിട്ടിയാൽ കോൺഗ്രസിനെ താഴേ തട്ടിൽ ശക്തിപ്പെടുത്തും, പ്രവർത്തകർക്ക് ആത്മവിശ്വാസം പകരുമെന്നെല്ലാം സുധാകരൻ പറയുന്നുണ്ട്. കേരളത്തിലെ 29,000 വരുന്ന തദ്ദേശ വാർഡുകളിലും പാർട്ടിക്ക് കമ്മിറ്റികളും പ്രവർത്തിക്കാൻ ആളുകളും ഉണ്ടാക്കിയെടുക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല, എളുപ്പവുമല്ല. ഈ ദൗത്യത്തിൽ എത്രത്തോളം മുന്നോട്ടു പോകുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സുധാകര നിയോഗത്തിന്റെ വിജയം. സംസ്ഥാനത്തെ ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും ചുരുങ്ങിയത് ആയിരം സജീവ പ്രവർത്തകരെ വീതമെങ്കിലും രംഗത്തിറക്കാൻ കഴിഞ്ഞാൽ മാത്രമേ, കോൺഗ്രസിന് ഇനി തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചൊക്കെ സ്വപ്നം കാണാനാവൂ. 
അഭിപ്രായം പറയാൻ നേതാക്കൾ ധാരാളമുള്ള പാർട്ടിയാണ് കോൺഗ്രസ്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ അവർക്ക് പക്ഷേ വിമുഖതയാണ്. ഒരു നേതാവും കുറെ ശിങ്കിടികളും എന്നതാണ് അവിടത്തെയൊരു രീതി. കെ.പി.സി.സിയും ഡി.സി.സികളുമൊക്കെ വിളിച്ചാൽ നൂറുകണക്കിന് പേരുണ്ടാവും. ഉടയാത്ത ഖദറുമിട്ട്. ഈ പറയുന്നവരൊക്കെ ഓരോ ഗ്രൂപ്പുകളുടെ ഭാഗമാണ്. കെ.പി.സി.സിയുടെയും ഡി.സി.സികളുടെയും ഭാരവാഹിത്വം വഹിക്കുന്ന ഓരോരുത്തർക്കും മിനിമം പത്ത് ബൂത്ത് കമ്മിറ്റികൾക്കെങ്കിലും രൂപം നൽകി അവയെ സജീവമായി പ്രവർത്തിപ്പിക്കാനുള്ള ചുമതല നൽകാൻ കഴിഞ്ഞാൽ സുധാകരൻ പകുതി വിജയിച്ചുവെന്ന് പറയാം. അതുപോലെ കേരളത്തിലെ എല്ലാ കാമ്പസുകളിലും കെ.എസ്.യു യൂനിറ്റുകൾ വീണ്ടും സജീവമാക്കാനുള്ള ഉത്തരവാദിത്തവും ഇത്തരം നേതാക്കൾക്ക് തന്നെ നൽകണം. അവർ താഴെ തട്ടിൽ തന്നെ പ്രവർത്തിക്കട്ടെ. അതിന് തയാറില്ലാത്തവർക്ക് പാർട്ടിയിൽ ഒരു പദവിയും നൽകരുത്. അവർ എങ്ങോട്ടെങ്കിലുമൊക്കെ പോകട്ടെ. കൂടുതൽ ബൂത്ത് കമ്മിറ്റികൾക്ക് രൂപം നൽകി പ്രവർത്തകരെ സജീവമാക്കുന്നവരെ വേണം അസംബ്ലി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി പരിഗണിക്കാൻ.
സുധാകരൻ തുടങ്ങും മുമ്പു തന്നെ വിഘ്‌നങ്ങളെക്കുറിച്ച് പലരും മുന്നറിയിപ്പ് നൽകുന്നുണ്ട്. അത് ഗ്രൂപ്പുകളുടെ നിസ്സഹകരണമാണ്. അതിൽ വസ്തുതയുമുണ്ട്. പക്ഷേ സാധാരണ പ്രവർത്തകർ നേതാക്കളെ പോലെ ഗ്രൂപ്പ് അടിമകളല്ല എന്നത് സുധാകരന് അനുകൂല ഘടകമാണ്. അവരാണ് അദ്ദേഹത്തെ ആ പദവിയിലെത്തിക്കാൻ സജീവമായി പ്രവർത്തിച്ചതും. ഒരു വശത്ത് സി.പി.എമ്മിന്റെ ഭീഷണിയെയും മറുഭാഗത്ത് ബി.ജെ.പിയുടെ കടന്നുകയറ്റത്തെയും നേരിട്ട് കോൺഗ്രസിന് വേണ്ടി തെരുവിലിറങ്ങി പ്രവർത്തിക്കാൻ മുന്നോട്ടു വരുന്നവർക്ക് സംരക്ഷണം നൽകേണ്ടത് പാർട്ടി നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്. സുധാകരനിൽനിന്ന് അത് ലഭിക്കുന്നുവെന്ന് സാധാരണ പ്രവർത്തകർ വിശ്വസിക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടെങ്കിലും കോൺഗ്രസ് കേരളത്തിൽ തകർന്നിട്ടൊന്നുമില്ല. യു.ഡി.എഫിന് മൊത്തത്തിൽ 40 ശതമാനത്തോളവും കോൺഗ്രസിന് 25 ശതമാനവും വോട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിലും ലഭിച്ചിരുന്നു. എൽ.ഡി.എഫിന് 45 ശതമാനം വോട്ടാണ് ലഭിച്ചത്. ശക്തമായ പിണറായി തരംഗവും ഇടതുപക്ഷത്തേക്ക് മുസ്‌ലിം, ക്രിസ്ത്യൻ വോട്ടർമാരുടെ ചുവടുമാറ്റവുമൊക്കെ ഉണ്ടാക്കിയിട്ടുള്ള സ്ഥിതിയാണിത്. അഞ്ച് ശതമാനത്തിലേറെ വോട്ട് വ്യത്യാസം മാത്രമാണ് രണ്ട് മുന്നണികളും തമ്മിൽ. തെരഞ്ഞെടുപ്പിൽ താഴേതട്ടിൽ പ്രവർത്തനം കുറവാണെന്ന് പറയുമ്പോഴും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും യോഗങ്ങൾക്ക് വലിയ തോതിൽ ആൾക്കൂട്ടമുണ്ടാവുകയും ചെയ്തിരുന്നു. തിരിച്ചുവരാനുള്ള സ്‌പെയ്‌സ് കോൺഗ്രസിന് കേരളത്തിലെ ജനങ്ങൾ ഇട്ടിട്ടുണ്ടെന്ന് ചുരുക്കം. 
സുധാകരൻ തന്റെ  ദൗത്യത്തിൽ വിജയിച്ചോ എന്ന് വിലയിരുത്തേണ്ടത് മൂന്ന് വർഷം കഴിയുമ്പോഴുള്ള പാർലമെന്റ് തെരഞ്ഞെടുപ്പിലോ, അഞ്ച് വർഷം കഴിഞ്ഞുള്ള അസംബ്ലി തെരഞ്ഞെടുപ്പിലോ അല്ല. രണ്ടിനുമിടയിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലാണ്. പ്രത്യേകിച്ച് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ. കോൺഗ്രസ് താഴെ തട്ടിൽ ശക്തിപ്പെട്ടോയെന്ന് അപ്പോഴറിയാം.
രാജ്യത്ത് കോൺഗ്രസ് ശക്തിപ്പെടണമെന്നും തിരിച്ചുവരണമെന്നും കോൺഗ്രസുകാരല്ലാത്തവർ പോലും പരസ്യമായി പറയുന്ന കാലമാണിത്. സഖറിയയെയും എം.എൻ കാരശ്ശേരിയെയും പോലുള്ളവർ ഈ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ദേശീയ തലത്തിൽ കോൺഗ്രസ് അധികാര ഭ്രഷ്ടമാക്കപ്പെട്ടതോടെ രാജ്യത്തെ ജനാധിപത്യ സംവിധാനം നേരിടുന്ന തകർച്ചയും മതേതരത്വം ദുർബലമാകുന്നതും ജനങ്ങൾക്കിടയിൽ ഭിന്നതയും വെറുപ്പും മതഭ്രാന്തും കൂടിക്കൂടി വരുന്നതും കണ്ടാണ് രാജ്യത്തെ സ്‌നേഹിക്കുന്നവരെല്ലാം കോൺഗ്രസിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നത്. അവരുടെ കൂടി പ്രതീക്ഷയാണ് കേരളത്തിൽ കെ. സുധാകരൻ നിറവേറ്റേണ്ടത്. പ്രതിപക്ഷ നേതാവിന്റെ ചുമതല കിട്ടിയപ്പോൾ ഇതൊരു പുഷ്പ കിരീടമല്ല, മുൾകിരീടമാണെന്ന് വി.ഡി. സതീശൻ പറഞ്ഞിരുന്നു. സുധാകരന്റെ കാര്യത്തിലും അതൊട്ടും വ്യത്യസ്തമല്ല.

Latest News