കാണാതായ 16കാരിയെ കൊന്ന് കണ്ണ് ചൂഴ്‌ന്നെടുത്ത് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി

റാഞ്ചി- ജാര്‍ഘണ്ഡിലെ പലമു ജില്ലയില്‍ മൂന്ന് ദിവസം മുമ്പ് കാണാതായ 16 വയസ്സുകാരിയെ കൊന്ന്, കണ്ണ് ചൂഴ്‌ന്നെടുത്ത് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. വനമേഖലയിലാണ് മൃതദേഹം കണ്ടത്. ബുദ്ധബാര്‍ സ്വദേശിയായ പെണ്‍കുട്ടി ഒരു പ്രാദേശിക ബിജെപി നേതാവിന്റെ മകളാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. മൃതദേഹം കണ്ട സ്ഥലത്തു നിന്നും ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത് അന്വേഷണത്തില്‍ തുമ്പായി. ഈ ഫോണിലെ കോള്‍ റെക്കോര്‍ഡ് പരിശോധിച്ച പോലീസ് പ്രദീപ് കുമാര്‍ സിങി ധനുക് (23) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന ധനുക് വിവാഹിതനാണ്. ഇയാള്‍ക്കൊപ്പം മറ്റു സഹായികള്‍ ഉണ്ടാകാമെന്നും വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.

ജൂണ്‍ ഏഴിന് രാവിലെ 10 മണിക്കാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് കാണാതയതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് ഗ്രാമീണര്‍ വനമേഖലയില്‍ മരത്തില്‍ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്രതികള്‍ മരത്തില്‍ കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വലതു കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. പെണ്‍കുട്ടിക്ക് ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നതായി തെളിവുകളില്‍ നിന്ന് സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു. എന്നാല്‍ കുടുംബ ഇത് നിഷേധിച്ചതായും അദ്ദേഹം പറഞ്ഞു. വീട്ടില്‍ നിന്നിറങ്ങുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയും വീട്ടുകാരും തമ്മില്‍ വാഗ്വാദമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

Latest News