Sorry, you need to enable JavaScript to visit this website.

കുടുംബ കലഹത്തിനിടെ സൗദി പൗരന് മർദനം

മക്ക- അൽശറായിഅ് ഡിസ്ട്രിക്ടിൽ കുടുംബ കലഹത്തിനിടെ സൗദി പൗരനെ മരുമകൻ മർദിച്ചു. നാൽപതുകാരനായ സൗദി യുവാവ് അമ്പതുകാരനായ ഭാര്യാ പിതാവിന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. മർദനത്തിൽ സൗദി പൗരന്റെ മൂക്കിൽ രക്തസ്രാവമുണ്ടായി. ഇതോടെ മരുമകനു നേരെ സൗദി പൗരൻ രണ്ടു തവണ നിറയൊഴിച്ചു. ലക്ഷ്യം പിഴച്ചതിനാൽ യുവാവിന് വെടിയേറ്റില്ല. സമീപത്തെ രണ്ടു വ്യാപാര സ്ഥാപനങ്ങളുടെ ചില്ലുകളിലാണ് വെടിയുണ്ടകൾ പതിച്ചത്. സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട യുവാവ് പിന്നീട് ഭാര്യാ പിതാവ് തനിക്കു നേരെ നിറയൊഴിച്ചതായി പോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് അറിയിച്ചു. വെടിയേൽക്കാതിരിക്കാൻ താൻ ഓടിയൊളിക്കുകയായിരുന്നെന്നും യുവാവ് അറിയിച്ചു. പട്രോൾ പോലീസുകാർ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ കുടുംബ കലഹത്തെ തുടർന്ന് യുവാവ് ഭാര്യയെ സ്വന്തം കുടുംബ വീട്ടിൽ എത്തിക്കുകയായിരുന്നെന്ന് വ്യക്തമായി. ദമ്പതികൾ തമ്മിലെ കുടുംബ കലഹത്തെ കുറിച്ച് തർക്കിക്കുന്നതിനിടെയാണ് യുവാവ് ഭാര്യാപിതാവിന്റെ മുഖത്ത് ആഞ്ഞടിച്ചത്. ഇതോടെ സ്വന്തം കൈതോക്ക് ഉപയോഗിച്ച് മരുമകനു നേരെ സൗദി പൗരൻ നിറയൊഴിച്ചു. സ്വന്തം കാർ ഭാര്യാ വീടിനു മുന്നിൽ ഉപേക്ഷിച്ച് യുവാവ് ഓടിമറയുകയും ഒഴിഞ്ഞു മാറുകയും ചെയ്തതിനാൽ യുവാവിന് വെടിയേറ്റില്ല. വെടിവെപ്പിന് ഉപയോഗിച്ച തോക്ക് സൗദി പൗരൻ പോലീസുകാർക്ക് കൈമാറി. തോക്കിൽ മൂന്നു വെടിയുണ്ടുകൾ കൂടിയുണ്ടായിരുന്നു. മദ്യലഹരിയിലാണ് മരുമകൻ തന്നെ മർദിച്ചതെന്ന് സൗദി പൗരൻ പോലീസുകാരെ അറിയിച്ചു. പ്രാഥമികാന്വേഷണ റിപ്പോർട്ട് തയാറാക്കി സൗദി പൗരനെയും മരുമകനെയും പട്രോൾ പോലീസുകാർ കസ്റ്റഡിയിലെടുത്ത് അൽശറായിഅ് പോലീസ് സ്റ്റേഷന് കൈമാറി. കേസിനെ കുറിച്ച് പബ്ലിക് പ്രോസിക്യൂഷനെയും അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അൽശറായിഅ് പോലീസും പബ്ലിക് പ്രോസിക്യൂഷനും അന്വേഷണം ആരംഭിച്ചു. 

Tags

Latest News