Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഈട്ടി മരം കൊള്ളക്കേസിൽ   പി.ടി അടിച്ച ഗോൾ  തിരിച്ചു കൊടുത്ത് മുഖ്യമന്ത്രി

പറ്റിയ സമയം നോക്കി ഇരയുടെ നേരെ ചാടി വീഴലാണ് വിജയിക്കാൻ സാധ്യതയുളള പ്രതിരോധ വഴി. മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസിലെ പി.ടി. തോമസിനെതിരെ പ്രയോഗിച്ചത് അത്തരമൊരു രീതിയാണ്. കത്തിപ്പടർന്നു നിൽക്കുന്ന വയനാട് മുട്ടിൽ ഈട്ടിത്തടി മോഷണ കേസിൽ  ഭരണ നിരക്കെതിരെ  കഴിഞ്ഞ ദിവസം ഗോളടിച്ചത് കോൺഗ്രസിലെ പി.ടി. തോമസായിരുന്നു. പ്രമാദ വിഷയത്തിൽ ആദ്യമായി നിയമസഭയിൽ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആ ഗോൾ ശക്തമായി തന്നെ തിരിച്ചടിച്ചു കൊടുക്കുന്നതാണ് ഇന്നലെ കണ്ടത്.   മാംഗോ ഫോൺ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നുവെന്നായിരുന്നു പി.ടി തോമസിന്റെ ആരോപണം.  ഈ പറഞ്ഞ മൊബൈൽ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞത് മറ്റൊരു മുഖ്യമന്ത്രിയാണെന്നും അത് ആരാണെന്ന് തന്നെക്കൊണ്ട്  പറയിപ്പിക്കുന്നതിൽ പി.ടി തോമസിന് സന്തോഷം ഉണ്ടാകാം. പക്ഷേ. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പി.ടി. തോമസ് മാപ്പ് പറയുക തന്നെ വേണം.


2016 ഫെബ്രുവരിയിലാണ് മാംഗോ കേസ് പ്രതികൾ അറസ്റ്റിലായത.് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. 2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോൺ കമ്പനി ഉടമകൾ അറസ്റ്റിലായത്. ഞാൻ അന്ന് മുഖ്യമന്ത്രിയേ അല്ല. അന്ന് മുഖ്യമന്ത്രി ആരായിരുന്നു എന്ന് ഞാൻ പറയേണ്ട കാര്യമില്ല. അത് എന്നെക്കൊണ്ട്  പറയിക്കുന്നതിൽ പി.ടി. തോമസിന് പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ  എന്ന് എനിക്ക് അറിയില്ല. 


ഏതെങ്കിലും രാഷ്ട്രീയ മർമ സ്ഥാനത്ത്  കൊളളുന്നെങ്കിൽ കൊളേളട്ടെ എന്ന മട്ടിൽ മുഖ്യമന്ത്രിയുടെ ശക്തമായ തിരിച്ചടി. വലിയ വിവാദത്തിൽ ചെന്നെത്തി നിൽക്കുന്ന മരം കൊള്ളക്കേസിൽ തന്റെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞു വെക്കലുമാകാം മുഖ്യന്ത്രിയുടെ ലക്ഷ്യം. 
വനം കൊള്ളക്കാരുടെ സ്വാധീനത്തെക്കുറിച്ച് പറയവേയായിരുന്നു പി.ടി. തോമസ് ഇക്കാര്യം പറഞ്ഞത്. വനം കൊള്ളക്കാർ നിസ്സാരക്കാരല്ലെന്നും നേരത്തെ തന്നെ തട്ടിപ്പു കേസിൽ പ്രതികളായിരുന്നുവെന്നും പറഞ്ഞ് അവരുടെ സ്വാധീനം ബോധ്യപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയെയായിരുന്നു ഇവരുടെ മാംഗോ മൊബൈൽ ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നതെന്നായിരുന്നു പി.ടി തോമസ് നിയമസഭയിൽ പറഞ്ഞത്. ഏത് മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി.ടി തോമസ് കണ്ടെത്തട്ടെയെന്നേ മുഖ്യമന്ത്രിക്ക് പറയാനുള്ളൂ.  പിണറായി വിജയനെ ഉന്നം വെച്ച് പാഞ്ഞ ആ പന്ത് തിരിച്ച് പി.ടിയിലെത്തിയിരിക്കുകയാണിപ്പോൾ.


പെട്രോൾ - ഡീസൽ വില വർധന നിയമസഭയിൽ അവതരിപ്പിച്ച പ്രതിപക്ഷ ആവശ്യം  ഇന്ധനത്തിന് സംസ്ഥാന സർക്കാർ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്നായിരുന്നു.  കോവിഡ് കാലത്ത് അധിക നികുതി വേണ്ടെന്ന് വെയ്ക്കണം.   സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗിലെ എൻ. ഷംസുദ്ദീനാണ് അടിയന്തര പ്രമേയ നോട്ടീസിൽ സംസാരിച്ചത്. വാഴ നനയുമ്പോൾ ചേനയും നനയുമല്ലോ എന്ന സ്വാർഥ ചിന്തയാണ് കേരള സർക്കാരിന്. വില വർധന വഴി കേന്ദ്ര സർക്കാർ അവരുടെ വാഴക്കൊഴിക്കുന്നതെല്ലാം മുഖ്യമന്ത്രിയുടെ ചേനക്കും കിട്ടുന്നുണ്ട്.  ഇന്ധന നികുതി കുറക്കാനോ, പ്രതിപക്ഷം അതങ്ങ് മനസ്സിൽ വെച്ചാൽ മതി.  ഇന്ധന വിലയിൽ നികുതി കൂട്ടിയിട്ടില്ലെന്ന്   ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉറപ്പിച്ചു പറഞ്ഞു.  സംസ്ഥാനത്തിന് ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയിൽ നിന്നാണ്. സംസ്ഥാനത്തിന് വരുമാനം വേണ്ടെന്നും പറയുന്നത് ആരെ സഹായിക്കാനാണെന്നൊക്കെ  ധനമന്ത്രിക്ക് നന്നായറിയാം. പെട്രോൾ, ഡീസൽ വില വർധനക്ക് കാരണം സംസ്ഥാനങ്ങളല്ല. ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞത് യുപിഎ സർക്കാരാണ്. മോഡി സർക്കാർ അതു പിന്തുടർന്നു എന്ന് മാത്രം.  ഇടതുപക്ഷം അതിനെ എതിർത്തപ്പോഴും കോൺഗ്രസ് പാർലമെന്റിൽ ഒന്നും പറഞ്ഞില്ലല്ലോ എന്ന് മുൻ പാർലമെന്റംഗത്തിന്റെ ഓർമപ്പെടുത്തൽ.


സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും പരമാവധി ആളുകളുടെ കൈയിലേക്ക് പണം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ബജറ്റ്  ചർച്ചയുടെ മറുപടിയിൽ അറിയിച്ച  ധനമന്ത്രി ഈ വിഷയത്തിൽ യാഥാർഥ്യം ഉൾക്കൊണ്ടാണ് സംസാരിച്ചത്. 5000 കോടി രൂപ ഖജനാവിലുണ്ടെന്ന് മുൻ ധനമന്ത്രി പറഞ്ഞപ്പോൾ അദ്ദേഹം ഉദ്ദേശിച്ചത് പണലഭ്യതക്ക് പ്രശ്‌നമില്ലെന്നാണെന്ന് ബാലഗോപാലിന്റെ വ്യാഖ്യാനം. സാമ്പത്തിക സ്ഥിതി രൂക്ഷമാണെങ്കിലും കടം വാങ്ങിച്ച് സാമ്പത്തിക രംഗം തകരാതെ മുന്നോട്ടു കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ ധനസ്ഥിതി, നീക്കിയിരിപ്പ് സംബന്ധിച്ച് ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ വ്യത്യസ്തമാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾക്ക് വിശദീകരണം നൽകുകയായിരുന്നു മന്ത്രി.
കരാറുകാരുടെ കുടിശ്ശിക തീർക്കുമ്പോൾ ജനങ്ങളിലേക്ക് വീണ്ടും പണമെത്തും. ഭക്ഷ്യകിറ്റ് ഉൾപ്പെടെ നൽകുന്നതും ജനങ്ങൾക്ക് നേരിട്ട് പണമെത്തിക്കുന്നതിന് തുല്യമാണെന്നാണ് ബാലഗോപാലിന്റെ ബോധ്യം. 37,000 കോടി റവന്യൂ വർധനയുണ്ടാകുമെന്ന് പറയുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്  വിശ്വസിക്കാനാവുന്നില്ല. ബാങ്കുകളിൽ മൊറട്ടോറിയം പ്രഖ്യാപിക്കാൻ സർക്കാർ തയാറകണം.


കോവിഡ് ചികിത്സയിലായിരുന്ന കോൺഗ്രസ് അംഗം എം. വിൻസെന്റ് (കോവളം) സ്പീക്കർ മുമ്പാകെ പ്രതിജ്ഞയെടുത്തു. ഇതോടെ മുഴുവൻ അംഗങ്ങളുടെയും പ്രതിജ്ഞ പൂർത്തിയായി.  വിൻസെന്റിന്റെ മാതാവ് എം.ഫില്ലിസ് കോവിഡ് ബാധിച്ച് മരിച്ചത് കഴിഞ്ഞ ദിവസമാണ്. സത്യ പ്രതിജ്ഞ ഒഴിവാക്കാനാവാത്തതിനാൽ മാത്രമാണ് മാതൃവേർപാടിന്റെ ദുഃഖത്തിലും അംഗം സഭയിലെത്തിയത്. കോവിഡ് കാലത്തിന്റെ വേദന നിറഞ്ഞ ഓർമകളിലൊന്ന്. 

Latest News