Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ നമസ്‌കാരത്തിനിടെ പോലീസുകാരനെ കുത്തിക്കൊന്ന ഭീകരന് വധശിക്ഷ നടപ്പാക്കി

ജിദ്ദ - നമസ്‌കാരം നിർവഹിക്കുന്നതിനിടെ പട്രോൾ പോലീസുകാരനെ നിഷ്ഠൂരമായി കുത്തിക്കൊന്ന ഐ.എസ് ഭീകരനായ ഈജിപ്തുകാരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈജിപ്തുകാരൻ വലീദ് സാമി അൽസുഹൈരി ഏഴു മാസം മുമ്പ് 2020 നവംബർ 12 ന് പുലർച്ചെ ആണ് ജിദ്ദയിലെ പട്രോൾ പോലീസ് ഉദ്യോഗസ്ഥൻ ഹാദി ബിൻ മിസ്ഫർ അൽഖഹ്താനിയെ കുത്തിക്കൊന്നത്. 
ജിദ്ദയിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിനോട് ചേർന്ന നമസ്‌കാര സ്ഥലത്ത് പ്രഭാത നമസ്‌കാരം നിർവഹിക്കുന്നതിനിടെയാണ് പോലീസുകാരൻ ആക്രമണത്തിന് ഇരയായത്. ഡ്യൂട്ടിക്കിടെ പെട്രോൾ ബങ്കിനോട് ചേർന്ന് ഔദ്യോഗിക വാഹനം നിർത്തി ബങ്കിലെ നമസ്‌കാര സ്ഥലത്ത് പോലീസുകാരൻ നമസ്‌കാരം നിർവഹിക്കുകയായിരുന്നു. നമസ്‌കാര സ്ഥലത്ത് പോലീസുകാരൻ മാത്രമേ ഉള്ളൂവെന്ന് മനസ്സിലാക്കിയ ഭീകരൻ ഉദ്യോഗസ്ഥനെ തുരുതുരാ കുത്തിവീഴ്ത്തുകയായിരുന്നു. കൃത്യത്തിനു ശേഷം പ്രതി സംഭവസ്ഥലത്തു നിന്ന് ഓടിരക്ഷപ്പെട്ടു. 
സുരക്ഷാ വകുപ്പുകൾ നടത്തിയ ഊർജിതമായ അന്വേഷണത്തിലൂടെ പ്രതി വൈകാതെ അറസ്റ്റിലായി. കൃത്യത്തിന് ഉപയോഗിച്ച കത്തിയും പ്രതിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതി താൻ കൊടുംഭീകര സംഘടനയായ ഐ.എസിൽ ചേർന്ന് പ്രവർത്തിക്കുന്നതായും വെളിപ്പെടുത്തി. കേസിൽ വിചാരണ പൂർത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. ഇത് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതോടെയാണ് ഭീകരന് മക്ക പ്രവിശ്യയിൽ പെട്ട ജിദ്ദയിൽ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 

Latest News