വായ്പ മൊറൊട്ടോറിയത്തിന് ഒരുമിച്ച് നില്‍ക്കണം- സ്റ്റാലിന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി

ചെന്നൈ - സംസ്ഥാനങ്ങളുടെ ശക്തമായ സമ്മര്‍ദത്തെയും സുപ്രീം കോടതി ഇടപെടലിനെയും തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നയം തിരുത്തിയതിനു പിന്നാലെ ജനങ്ങളില്‍നിന്നുയരുന്ന മറ്റൊരു ലക്ഷ്യം കേന്ദ്രത്തിനു മുന്നില്‍ ഉന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പകള്‍ക്ക് മൊറട്ടോറിയമാണ് ആവശ്യം. ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് 12 ബി.ജെ.പി ഇതര സംസ്ഥാന മുഖ്യമന്തിമാര്‍ക്കയച്ച കത്തില്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
നമ്മുടെ സംയുക്ത പരിശ്രമം കൊണ്ടാണ് വാക്‌സിന്‍ നയം കേന്ദ്ര സര്‍ക്കാര്‍ തിരുത്തിയതെന്നും ഈ അടിയിന്തര ഘട്ടത്തില്‍ നമ്മുടെ കൂട്ടായ ശക്തി ഇനിയും കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
ആന്ധ്രാ പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, ദല്‍ഹി, ഝാര്‍ഖണ്ഡ്, കേരളം, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, പശ്ചിമ ബംഗാള്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കാണ് സ്റ്റാലിന്‍ കത്തെഴുതിയത്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭകരോട് വായ്പ നല്‍കിയവരുടെ പെരുമാറ്റം ഒരുപോലെയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിമാര്‍ കത്തെഴുതണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ഒരു ആശ്വാസ നടപടികളും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ ഈ വിഭാഗത്തിന്റെ രണ്ട് പാദത്തിലെ വായ്പയില്‍ പരമാവധി അഞ്ച് കോടി രൂപ വരെയുള്ള ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെടണം. അത്തരമൊരു ആശ്വാസ നടപടി ഉണ്ടാകാത്ത പക്ഷം നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ അടച്ചുപൂട്ടപ്പെടുന്ന സാഹചര്യമുണ്ടാവും. ഇത് രാജ്യത്തെ വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കും. രാജ്യത്ത് ഏറ്റവുമധികം പേര്‍ തൊഴിലെടുക്കുന്നത് ഈ മേഖലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

Latest News