കുരുക്കിലായ സുരേന്ദ്രനെ കേന്ദ്രം വിളിപ്പിച്ചു, ദല്‍ഹിയിലെത്തി

ന്യൂദല്‍ഹി- കുഴല്‍പ്പണ വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ദല്‍ഹിക്ക് വിളിപ്പിച്ചു. ചൊവ്വ രാത്രി അദ്ദേഹം ദല്‍ഹിയിലെത്തി. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച വിശദീകരണം തേടാനാണെന്നാണ് കരുതുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ, അമിത് ഷാ എന്നിവരെ അദ്ദേഹം കാണും.
 സുരേന്ദ്രനെ മാറ്റിയേക്കുമെന്ന അഭ്യൂഹം ബി.ജെ.പി നേതാക്കളില്‍ ശക്തമാണ്. എന്നാല്‍ ഉടന്‍ മാറ്റുന്നത് പാര്‍ട്ടിക്ക് ദോഷകരമാണെന്ന വിലയിരുത്തലും കേന്ദ്രനേതൃത്വം കണക്കിലെടുക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിവിധ മണ്ഡലങ്ങളിലേക്ക് കള്ളപ്പണം ഒഴുക്കിയതില്‍ പാര്‍ട്ടി നേതൃത്വത്തിന് കൂട്ടുത്തരവാദിത്തമാണുള്ളതെന്നിരിക്കെ സുരേന്ദ്രനെ ഒറ്റപ്പെടുത്താനോ നടപടിയെടുക്കാനോ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. താന്‍ പെട്ടാല്‍ എല്ലാവരും പെടുമെന്ന നിലപാടിലാണ് സുരേന്ദ്രന്‍. കേരളത്തിലെ നേതാക്കളെ മാത്രമല്ല, പണം ലഭ്യമാക്കിയ കര്‍ണാടകത്തിലെ നേതൃത്വത്തിനും ഇതിനായി നിര്‍ദേശങ്ങള്‍ നല്‍കിയ കേന്ദ്രത്തിലെ ചുമതലക്കാര്‍ക്കും കുഴല്‍പ്പണ ഇടപാടില്‍ പങ്കുണ്ട്. ധര്‍മരാജനെ പോലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ പണമിടപാടുകള്‍ക്ക് ചുമതലപ്പെടുത്തിയ തന്ത്രം പിഴച്ചുവെന്നതാണ് സുരേന്ദ്രനെതിരായ വിമര്‍ശം.

 

 

Latest News