Sorry, you need to enable JavaScript to visit this website.

കശ്മീരിൽ കൊല്ലപ്പെട്ട ഭീകരരിൽ പോലീസ് ഉദ്യോഗസ്ഥന്റെ മകനും; വീഡിയോ പുറത്ത്

ശ്രീനഗർ- ഞായറാഴ്ച പുലർച്ചെ ജമ്മു കശ്മീരിലെ അവന്തിപോറയിൽ സി.ആർ.പി.എഫ് സൈനിക പരിശീലന ക്യാമ്പിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ജയ്‌ഷെ മുഹമ്മദ് ഭീകരരിൽ ഒരാൾ ജമ്മു കശ്മീർ പോലീസ് കോൺസ്റ്റബിളിന്റെ മകൻ. ശ്രീനഗറിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിൾ ഗുലാം മുഹമ്മദ് ഖാൻദെയുടെ 16കാരനായ മകൻ ഫർദീൻ അഹമദ് ഖാൻദെയാണ് കൊല്ലപ്പെട്ടത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ഫർദീൻ മൂന്ന് മാസം മുമ്പാണ് ഭീകരർക്കൊപ്പം ചേർന്നതെന്ന് കരുതപ്പെടുന്നു. ഭീകരാക്രമണത്തിനു മുമ്പായി ഫർദീൻ ചിത്രീകരിച്ച വീഡിയോ വാട്‌സാപ്പിലും മറ്റു സോഷ്യൽമീഡിയ സൈറ്റുകളിലും വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. 

സൈനിക ക്യാമ്പ് ആക്രമിക്കാനുള്ള ഭീകര പദ്ധതിയെ കുറിച്ചാണ് വീഡിയോയിൽ ആയുധധാരിയായ ഫർദീൻ സംസാരിക്കുന്നത്.  ഈ സന്ദേശം നിങ്ങളിലെത്തുന്നതിനു മുമ്പു തന്നെ ഞാൻ ദൈവത്തിന്റെ അതിഥിയായി സ്വർഗത്തിലെത്തിയിട്ടുണ്ടാകുമെന്ന് എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഫർദീൻ പറയുന്നു. യുവാക്കളോട് ജയ്‌ഷെ മുഹമ്മദിൽ ചേരാനും ആഹ്വാനം ചെയ്യുന്നുണ്ട്.

കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ നാടായ ത്രാള് സ്വദേശിയാണ് ഫർദീനെന്ന് സി.ആർ.പി.എഫ് വക്താവ് രാജേഷ് യാദവ് പറഞ്ഞു. ഫർദീനൊപ്പം കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ പുൽവാമ ജില്ലക്കാരനായ 22കാരൻ മൻസൂർ ബാബ ദ്രുഗ്ബം  ആണെന്നും സിആർപിഎഫ് അറിയിച്ചു.

ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ അഞ്ച് സി.ആർ.പി.എഫ് സൈനികരാണ് കൊല്ലപ്പെട്ടത്. മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫർദീനും മൻസൂറിനുമൊപ്പം മറ്റൊരു ഭീകരൻ കൂടി കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെങ്കിലും മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
 

Latest News