Sorry, you need to enable JavaScript to visit this website.

അഞ്ചു വർഷത്തിനിടെ ബിസിനസിൽ വൻ മുന്നേറ്റം; വ്യവസ്ഥകൾ ഉദാരമാക്കി 

റിയാദ്- അഞ്ചു വർഷത്തിനിടെ സൗദിയിൽ ബിസിനസ് സാഹചര്യം ഏറെ മെച്ചപ്പെട്ടതായും വൻ മുന്നേറ്റമുണ്ടായതായും ദേശീയ പരിവർത്തന പദ്ധതി സി.ഇ.ഒ എൻജിനീയർ ഥാമിർ അൽസഅ്ദൂൻ പറഞ്ഞു. നിക്ഷേപ ലൈസൻസിനുള്ള രേഖകളും വ്യവസ്ഥകളും 54 ശതമാനം തോതിൽ കുറക്കൽ, വ്യവസ്ഥകൾ ഉദാരമാക്കൽ, റിയൽ എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശം ഒരു മണിക്കൂറിനകം മാറ്റൽ, ഇറക്കുമതിക്കും കയറ്റുമതിക്കും നിയന്ത്രണമുള്ള രാസവസ്തുക്കളുടെ എണ്ണം 73 ശതമാനം കുറക്കൽ, ബിസിനസ് സ്ഥാപനങ്ങൾക്ക് 24 മണിക്കൂറിനകം ലൈസൻസ് അനുവദിക്കൽ, കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ 180 സെക്കന്റിനകം അനുവദിക്കൽ എന്നിവ അടക്കം 555 ലേറെ പരിഷ്‌കാരങ്ങൾ അഞ്ചു വർഷത്തിനിടെ വാണിജ്യ, നിക്ഷേപ മന്ത്രാലയങ്ങൾ നടപ്പാക്കിയിട്ടുണ്ട്. സൗദിയിൽ ബിസിനസ് സാഹചര്യം ഏറെ മെച്ചപ്പെടുത്താൻ ഈ പരിഷ്‌കാരങ്ങൾ സഹായിച്ചു. 


വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അഞ്ചു വർഷത്തിനിടെ നിരവധി പുതിയ അതോറിറ്റികളും സെന്ററുകളും സ്ഥാപിച്ചിട്ടുണ്ട്. പുതിയ ബിനാമി ബിസിനസ് വിരുദ്ധ നിയമം, ഫ്രാഞ്ചൈസി നിയമം, വാണിജ്യ പണയ നിയമം, വാണിജ്യ കോടതി നിയമം, പാപ്പരത്ത നിയമം അടക്കമുള്ള പുതിയ നിയമങ്ങൾ സ്വകാര്യ മേഖലയുടെയും നിക്ഷേപകരുടെയും താൽപര്യാർഥം നിർമിച്ച് നടപ്പാക്കി. തന്ത്രപരമായ ലക്ഷ്യങ്ങൾ നേടുന്നതിന് പ്രവർത്തിക്കുന്ന നിർദിഷ്ട പദ്ധതികൾ, സംരംഭങ്ങൾ, ബജറ്റുകൾ, വ്യക്തമായ ടൈംടേബിളുകൾ എന്നിവയിലൂടെ വിഷൻ 2030 പദ്ധതി പ്രാവർത്തികമാക്കാനാണ് ദേശീയ പരിവർത്തന പദ്ധതി ആരംഭിച്ചത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ സാമ്പത്തിക, വികസന സമിതി സാധ്യമാക്കിയ ഫലപ്രദവും സംയോജിതവുമായ ഭരണമാതൃകയുടെ ഫലമാണ് വിഷൻ പദ്ധതികൾ. 


മെച്ചപ്പെട്ട ഭാവിക്കുള്ള റോഡ് മാപ്പ് എന്നോണം വിഷൻ-2030 പദ്ധതി 2016 ഏപ്രിലിലാണ് ആരംഭിച്ചത്. ഇതിനു ശേഷമാണ് ദേശീയ പരിവർത്തന പദ്ധതി ആരംഭിച്ചത്. വിഷൻ 2030 പദ്ധതി പ്രാവർത്തിക പഥത്തിൽ നടപ്പാക്കുകയാണ് ദേശീയ പരിവർത്തന പദ്ധതി ചെയ്യുന്നത്. വിഷൻ 2030 പദ്ധതി 96 തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ മേഖലയുടെ പ്രകടനത്തിൽ മികവ് കൈവരിക്കൽ, ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണക്കൽ, സ്വകാര്യ മേഖലയുടെ വികസനത്തിന് സംഭാവന നൽകൽ, സാമ്പത്തിക പങ്കാളിത്തം വികസിപ്പിക്കൽ, സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കൽ, പ്രധാന വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കൽ എന്നിവയിൽ ഊന്നി ഇതിൽ 35 ശതമാനം പദ്ധതികൾ യാഥാർഥ്യമാക്കാൻ ദേശീയ പരിവർത്തന പദ്ധതി പ്രവർത്തിക്കുന്നു. പ്രതിബന്ധങ്ങൾ പഠിക്കുക, അവസരങ്ങൾ തിരിച്ചറിയുക, പദ്ധതികൾ വികസിപ്പിക്കുക, പ്രകടന സൂചകങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസൃതമായി അവ നടപ്പാക്കുക, പദ്ധതികൾ നടപ്പാക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിബദ്ധത ഉറപ്പാക്കുക, ഫോളോ-അപ്പ്, മേൽനോട്ടം, പിന്തുണ, ശാക്തീകരണം എന്നിവയെല്ലാമാണ് ദേശീയ പരിവർത്തന പദ്ധതി വഹിക്കുന്ന പ്രധാന പങ്ക് എന്നും എൻജിനീയർ ഥാമിർ അൽസഅ്ദൂൻ പറഞ്ഞു. 
 

Latest News