Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ വിദേശ നിക്ഷേപക ലൈസൻസുകൾ പതിന്മടങ്ങ് വർധിച്ചു

റിയാദ്- കഴിഞ്ഞ വർഷം സൗദി അറേബ്യ 1278 വിദേശ നിക്ഷേപ ലൈസൻസുകൾ കൂടി അനുവദിച്ചതായി ദേശീയ പരിവർത്തന പദ്ധതി വെളിപ്പെടുത്തി. വിദേശ നിക്ഷേപക ലൈസൻസുകൾ പതിന്മടങ്ങ് വർധിച്ചു. വിദേശ, പ്രാദേശിക നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ട് ഇൻവെസ്റ്റ് സൗദി പദ്ധതി 2019 ൽ ആരംഭിച്ചു. നിക്ഷേപകർക്ക് സേവനങ്ങൾ നൽകുന്നതിന് 555 ലേറെ പരിഷ്‌കാരങ്ങൾ വാണിജ്യ, നിക്ഷേപ മന്ത്രാലയങ്ങൾ സമീപ കാലത്ത് നടപ്പാക്കിയിട്ടുണ്ട്. പ്രാദേശിക തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം 32 ശതമാനത്തോളമായി ഉയർന്നിട്ടുണ്ട്. ദേശീയ പരിവർത്തന പദ്ധതിയിൽ പങ്കാളിത്തം വഹിക്കുന്ന പ്രധാന വകുപ്പുകളായ സാമ്പത്തിക, ആസൂത്രണ മന്ത്രാലയം, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, നിക്ഷേപ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം, കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നിവയും മറ്റു വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 66 വകുപ്പുകളും കൈവരിച്ച നേട്ടങ്ങൾ ദേശീയ പരിവർത്തന പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിത ആവശ്യങ്ങൾ നിറവേറ്റുന്ന ശക്തമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ ദേശീയ പരിവർത്തന പദ്ധതി പ്രവർത്തിച്ചു. 35 ലക്ഷത്തിലേറെ വീടുകളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല ലഭ്യമാക്കി. കഴിഞ്ഞ വർഷാവസാനത്തോടെ തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം 31.8 ശതമാനമായി ഉയർന്നു. മികച്ച ബിസിനസ് സാഹചര്യവുമായി ബന്ധപ്പെട്ട ലോകബാങ്ക് സൂചികയിൽ 29 സ്ഥാനം മുന്നേറാൻ സൗദി അറേബ്യക്ക് സാധിച്ചു. ബിസിനസ് സ്ഥാപനം ആരംഭിക്കാനുള്ള നടപടിക്രമങ്ങൾക്ക് വേണ്ടിവരുന്ന സമയം 15 ദിവസത്തിൽനിന്ന് 30 മിനിറ്റ് ആയി കുറഞ്ഞിട്ടുണ്ട്. 


ടൂറിസ്റ്റ് വിസ സേവനം ആരംഭിച്ച് ആഗോള തലത്തിൽ ടൂറിസം മേഖലയിൽ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താൻ ദേശീയ പരിവർത്തന പദ്ധതി സഹായിച്ചു. ദേശീയ പൈതൃകങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിച്ചു. അൽഹസ മരുപ്പച്ച യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്തു. ഇതോടെ സൗദിയിൽ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച കേന്ദ്രങ്ങളുടെ എണ്ണം അഞ്ച് ആയി ഉയർന്നു. നീതിന്യായ മന്ത്രാലയത്തിലെ സേവനങ്ങൾ കൂടുതൽ ഓൺലൈൻവൽക്കരിക്കാൻ ദേശീയ പരിവർത്തന പദ്ധതി സഹായിച്ചു. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം നീതിന്യായ മന്ത്രാലയത്തിന്റെ 82 ശതമാനം സേവനങ്ങളും ഓൺലൈൻവൽക്കരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറഞ്ഞു. കൊറോണ വ്യാപനം ചെറുക്കുന്നതിലും പരിമിതപ്പെടുത്തുന്നതിലും സൗദി അറേബ്യ വിജയിച്ചതായി ദേശീയ പരിവർത്തന പ്രോഗ്രാം കമ്മിറ്റി പ്രസിഡന്റും സാമ്പത്തിക, വികസനകാര്യ സമിതി അംഗവുമായ മുഹമ്മദ് അൽതുവൈജിരി പറഞ്ഞു. വിഷൻ 2030 പദ്ധതിയുടെയും ദേശീയ പരിവർത്തന പദ്ധതിയുടെയും ഫലമായി കൊറോണ മഹാമാരി കാലത്ത് ഭക്ഷ്യസുരക്ഷ കൈവരിക്കാൻ രാജ്യത്തിന് സാധിച്ചു. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ഭക്ഷ്യവസ്തു സംഭരണ ശേഷി സൗദിയിലാണെന്നും മുഹമ്മദ് അൽതുവൈജിരി പറഞ്ഞു. 


 

Latest News