പനജി -കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇത്തവണ പുതുവർഷാരംഭം ആഘോഷിച്ചത് ഗോവയിൽ. പാർട്ടി അധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിനായി ഗോവയിലെത്തിയ അമ്മ സോണിയ ഗാന്ധിയോടൊപ്പമായിരുന്നു ആഘോഷം. ദക്ഷിണ ഗോവയിലെ മൊബോറിലെ ലീല റിസോട്ടിലാണ് സോണിയ കഴിയുന്നത്. ശനിയാഴ്ച തന്നെ രാഹുൽ ഇവിടെ എത്തിയിരുന്നതായി മുതിർന്ന പാർട്ടി നേതാവ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. തീർത്തും സ്വകാര്യ ചടങ്ങായിരുന്നതിനാൽ പാർട്ടി നേതാക്കളോ മറ്റു പ്രതിനിധികളോ ക്ഷണിക്കപ്പെട്ടിരുന്നില്ല.
ദൽഹിയിലെ കാലാവസ്ഥ പ്രതികൂലമായതിനാൽ ഡിസംബർ 27നാണ് സോണിയ വിശ്രമിക്കാനായി ഗോവയിലെത്തിയത്. ഇവിടെ ബീച് റിസോർട്ടിൽ സോണിയ സൈക്കിൾ സവാരി നടത്തുന്ന ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. അന്തരീക്ഷ മലിനീകരണം മൂലം ദൽഹിയിലെ കാലാവസ്ഥ മോശമായതിനാൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം നേരത്തേയും സോണിയ ഗോവയിൽ വിശ്രമത്തിനെത്തിയിരുന്നു.