Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷം സഭ വിട്ടു; സർക്കാർ ലക്ഷ്യം വനസംരക്ഷണമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം - വനസംരക്ഷണമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപയുടെ ഈട്ടിത്തടികൾ കൊള്ള നടത്തിയെന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്നും ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. വനനശീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരാളെയും സംരക്ഷിക്കാനോ അവർക്ക് എന്തെങ്കിലും സഹായം ചെയ്തു നൽകാനോ ഒരു കാരണവശാലും സർക്കാർ ശ്രമിക്കുകയില്ല. അങ്ങനെയൊരു ആനുകൂല്യവും ആരും ഈ സർക്കാരിൽ നിന്നും പ്രതീക്ഷിക്കണ്ടതില്ല. 


വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ അനധികൃതമായി മരംമുറിച്ചു കടത്തിയ സംഭവത്തിൽ കർശനമായ നടപടികൾ സ്വീകരിച്ചുവരികയാണ്. ഏതാനും ദിവസങ്ങൾക്കകം തൃപ്തികരമായ നടപടികൾ ഉണ്ടാകും. കർഷകരെ സഹായിക്കുന്നതിനു വേണ്ടി ഇറക്കിയ സർക്കാർ ഉത്തരവിനെ ദുരുപയോഗപ്പെടുത്തുകയാണുണ്ടായത്. നിയമവിരുദ്ധമായി മുട്ടിൽ വനംമുറിച്ചു കടത്തൽ നടന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി വനം മുറിച്ചു കടത്തൽ നടന്നിട്ടുണ്ടോയെന്നും  അന്വേഷിക്കുമെന്നു മന്ത്രി അറിയിച്ചു. 
വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് മിന്നൽ പരിശോധന നടത്തും. വിജിലൻസ് കൺസർവേറ്ററായി താൽക്കാലിക ചുമതലുണ്ടായിരുന്ന ടി.എം സാജൻ കേസ് അന്വേഷണം വഴിതിരിച്ചു വിടാൻ ശ്രമിച്ചതായുള്ള നിരവധി പരാതികൾ വനംവകുപ്പിന് ലഭിച്ച സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തര ഉദ്യോഗസ്ഥതല പരിശോധന നടത്തി സർക്കാരിനു റിപ്പോർട്ടു നൽകാനും നിർദ്ദേശം നൽകി. 


റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മറ്റു സ്വതന്ത്ര ഏജൻസികളെ ഉപയോഗിച്ച് അന്വേഷണം നടത്തി കർശനമായ നടപടികൾ സ്വീകരിക്കും. പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം പത്തു കോടിയോളം വിലവരുന്ന 202.180 ക്യൂബിക് മീറ്റർ തടിവരുന്ന 101 മരങ്ങളാണ് മുറിച്ചു കടത്തപ്പെട്ടത്. സംഭവത്തിൽ 42 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുറിക്കപ്പെട്ട തടികൾ കടത്തിക്കൊണ്ടു പോകുന്നതിന് 14 അപേക്ഷകൾ മേപ്പാടി റേഞ്ച് ഓഫീസിൽ ലഭിച്ചിരുന്നു. മുട്ടിൽ സൗത്ത് വില്ലേജിലെ വാഴവറ്റ സ്വദേശികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് അപേക്ഷ നൽകിയിരുന്നത്. ഇവർക്ക് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. 


അനുമതി നിഷേധിക്കപ്പെട്ടെങ്കിലും തടികൾ 2021 ഫെബ്രുവരി മൂന്നിന് ഇവർ മുറിച്ച് പെരുമ്പാവൂരിലേക്ക് കടത്തിയതായി കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് ഫെബ്രുവരി എട്ടിന് മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പെരുമ്പാവൂരിൽ ചെന്ന് തടികൾ മുഴുവൻ പിടിച്ചെടുക്കുകയും ചെയ്തു. തക്കസമയത്ത് തന്നെ വനം വകുപ്പ് സമയോചിതമായി ഇടപെട്ടതിനാൽ കോടികൾ വിലമതിക്കുന്ന തടികൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞു. 1961ലെ കേരള വന നിയമ പ്രകാരം തടി സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. ഇതോടൊപ്പം തന്നെ പതിച്ചു നൽകിയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് എതിരെയുള്ള 1995ലെ ചട്ടങ്ങൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.  


സമാനമായ മറ്റൊരു കേസിൽ വരിക്കമാക്കൽ ഏലിക്കുട്ടിയുടെ കൈവശ ഭൂമിയിൽ നിന്നും അനുമതി ലഭിച്ചതിൽ കൂടുതൽ ഈട്ടിമരങ്ങൾ മുറിച്ചതായി കണ്ടെത്തിയ സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 
മന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും മറുപടിയെ തുടർന്ന് സ്പീക്കർ എം.ബി രാജേഷ്, പി.ടി തോമസ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. 


 

Latest News