Sorry, you need to enable JavaScript to visit this website.

സ്വകാര്യ ഗതാഗത ഓപ്പറേറ്റർമാർ കടുത്ത പ്രതിസന്ധിയിൽ

സ്വകാര്യബസിന്റെ പാർക്കിംഗ് സ്ഥലത്ത് പുല്ലുവളർന്നു കയറിയ നിലയിൽ (ഫയൽ ചിത്രം).

കോട്ടയം -കോവിഡ് ലോക്ഡൗണും ഒരുവർഷമായുളള നിയന്ത്രണങ്ങളും കേരളത്തിലെ പൊതുഗതാഗത മേഖലയെ പ്രത്യേകിച്ച് സ്വകാര്യ ഗതാഗത ഓപ്പറേറ്റർമാരെ കടുത്ത പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഒരുവർഷമായി കേരളത്തിലെ സ്വകാര്യ ബസ് സർവീസുകൾ അടക്കമുളള മേഖല തകർച്ചയിലാണ്. 
ടാക്‌സി, ഓട്ടോ സർവീസുകളെയും ബാധിച്ചു. അതുകൊണ്ട് തന്നെ പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കണം, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം ആവശ്യപ്പെട്ടു. കേരളത്തിൽ നിലവിൽ 12600 ഓളം സ്വകാര്യബസുകളാണ് സർവീസ് നടത്തിയിരുന്നത്. കഴിഞ്ഞ ഒരു മാസത്തിലധികമായി ഇവയെല്ലാം വിശ്രമത്തിലാണ്. 2020ലെ ലോക്ഡൗണിനുശേഷം പൊതുഗതാഗത മേഖല ഉണർന്നുവരുമ്പോഴാണ് മാർച്ചോടെ രോഗബാധ കുതിച്ചുകയറിയത്. 
ഇനി ലോക്ഡൗൺ പിൻവലിച്ചാലും പൊതുഗതാഗതം പുനരാരംഭിക്കാൻ ആഴ്ചകൾ വൈകിയേക്കും. ഇതിനൊപ്പം ടാക്‌സി മേഖലയും തകർന്ന അവസ്ഥയിലാണ്. ദീർഘദൂരയാത്രകളും വിനോദസഞ്ചാരികളും ഇല്ലാതായപ്പോൾ എയർപോർട്ടിലേക്കുളള ഓട്ടവും തീർത്തും കുറഞ്ഞു. കുതിച്ചുയരുന്ന ഇന്ധനവിലയാണ് മറ്റൊരു കടമ്പ. ഇന്ധനവിലയ്ക്ക് അനുസരിച്ച് നിരക്ക് കൂട്ടിവാങ്ങാൻ കഴിയുകയുമില്ല.


പൊതുനിയന്ത്രണം ഒരാഴ്ചയിലേക്ക് നീട്ടിയിരിക്കുകയാണ്. ലോക്ഡൗൺ പിൻവലിച്ചാലും ഘട്ടംഘട്ടമായി മാത്രമേ ഇളവു ലഭിക്കൂ. കോവിഡ് വ്യാപന നിരക്ക് കുറഞ്ഞാൽ മാത്രമേ ബസ് സർവീസ് അനുവദിക്കാനുള്ള സാഹചര്യമുള്ളൂ. മാത്രവുമല്ല ഇളവുകളോടെ ഗതാഗതം അനുവദിച്ചാലും ബസുകളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തും. മൂന്നാം തരംഗ രോഗഭീതി നിലനിൽക്കുന്നതിനാൽ ഏറെപ്പേരും പൊതുവാഹനങ്ങളെ ആശ്രയിക്കാൻ ഭയപ്പെടുന്നു. ഈ നിലയിൽ സ്വകാര്യബസുകൾ ഏറെയും നിരത്തിലിറക്കാൻ ഉടമകൾ താത്പര്യപ്പെടുന്നില്ല.
ജൂലൈയോടെ ബസുകൾ റോഡിൽ ഇറക്കിയാലും ടാക്‌സ്, ഇൻഷുറൻസ് എന്നിവയിൽ ഇളവുകളൊന്നും ലഭിക്കില്ല. പൂർണമായി സർവീസ് മുടങ്ങിയ മേയിൽ പ്രത്യേകമായ ഇളവുകളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുമില്ല. കഴിഞ്ഞ വർഷം ഒന്നാം ലോക്ഡൗണിനു ശേഷം ബസുകൾ പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറച്ചിരുന്നു. ഈ നിയന്ത്രണത്തിൽ ഇളവുണ്ടായത് നാലു മാസത്തിനുശേഷമാണ്. ശരാശരി 5,000 രൂപയ്ക്കു മുകളിൽ പ്രതിദിന കളക്ഷൻ ലഭിക്കുന്നില്ലെങ്കിൽ സർവീസ് ബസുടമയ്ക്ക് നഷ്ടമായി മാറും. കോവിഡ് ഒന്നര വർഷം പിന്നിടുമ്പോൾ ലിറ്ററിന് 20 രൂപയുടെ വർധനവാണ് ഡീസൽ നിരക്കിലുണ്ടായത്.


ഇത്തരത്തിൽ ഓരോ ബസിനും ഇന്ധനച്ചെലവിൽ മാത്രം ദിവസം 1,500 രൂപയുടെ അധികച്ചെലവുണ്ടായി. ഒന്നാംഘട്ടത്തിൽ ഷട്ടിൽ സർവീസുകളും തുടർന്ന് രണ്ടാം ഘട്ടം സർവീസുകളും തുടങ്ങാനാണ് ആലോചന. അതേ സമയം ലോക്ഡൗൺ പിൻവലിക്കുന്ന മുറയ്ക്ക് കെഎസ്ആർടിസി അവശ്യസർവീസുകൾ പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്. സ്‌കൂൾ, കോളജ് അഡ്മിഷൻ, മൂല്യനിർണയം തുടങ്ങിയ സാഹചര്യം മുൻനിർത്തി പരിമിതമായ തോതിൽ സർവീസുകൾ തുടങ്ങാനാണ് പരിപാടി. സ്വകാര്യ ബസ് മേഖലയിൽ നിന്നും വൻകിടക്കാർ പിൻവാങ്ങുകയാണ്. നിരവധി ബസുകൾ ഉളള ഗ്രൂപ്പുകളെല്ലാം ബസുകൾ വിറ്റഴിക്കുകയാണ്. ഒരുവർഷമായി പകുതിയലധികം സർവീസുകളും നിരത്തിലിറങ്ങിയിട്ടില്ല. 20 ലക്ഷം രൂപ വിലയുളള ബസിന് പെർമിറ്റില്ലാതെ രണ്ടു ലക്ഷം രൂപപോലും ലഭിക്കാത്ത അവസ്ഥയാണ്.

Latest News