മാട്രിമോണിയല്‍ സൈറ്റ് വഴി ബന്ധപ്പെട്ട് 12 യുവതികളെ പീഡിപ്പിച്ചു; എഞ്ചിനീയര്‍ അറസ്റ്റില്‍

മുംബൈ- മാട്രിമോണിയല്‍ സൈറ്റുകളിലൂടെ പരിചയപ്പെട്ട 12 യുവതികളെ ബലാത്സംഗം ചെയ്ത യുവാവിനെ നവി മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാജ പ്രൊഫൈലുകളിലുണ്ടാക്കി മാട്രിമോണിയല്‍ സൈറ്റുകളില്‍ പ്രവേശിച്ചാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
സൈറ്റുകളില്‍ പരിചയപ്പെടുന്നവരെ റസ്‌റ്റോറന്റുകളിലേക്കോ പബുകളിലേക്കോ ക്ഷണിക്കുകയാണ് പതിവ്. തുടര്‍ന്ന് ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും പോലീസ് പറഞ്ഞു.
37 കാരനായ മഹേഷ് എന്ന കരണ്‍ ഗുപ്തയാണ് അറസ്റ്റിലായത്. പ്രശ്‌സത കമ്പനികളില്‍ ഇയാള്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്തിട്ടുണ്ട്. മുംബൈയിലെ മലഡ് പ്രദേശത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. നാലു മാസമായി പ്രതിക്കു വേണ്ടി വലവിരിച്ച് കാത്തിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാട്രിമോണിയല്‍ സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളെയാണ് ആകര്‍ഷിച്ചിരുന്നത്. വ്യത്യസ്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഓരോ യുവതിയുമായും ബന്ധപ്പെട്ടിരുന്നത്. ഓണ്‍ലൈന്‍ ടാക്‌സികളിലാണ് യാത്ര ചെയ്തിരുന്നതെന്നും പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുരേഷ് മെംഗഡെ പറഞ്ഞു.

 

Latest News