Sorry, you need to enable JavaScript to visit this website.

രജനി തമിഴ്‌നാട്ടിലും കർണാടകയിലും ബി.ജെ.പിയുടെ കാലത്തിൻ കട്ടായം

ചെന്നൈ -തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ രാഷ്ട്രീയ രംഗപ്രവേശനത്തിന്റെ ആഘോഷം അടങ്ങുന്നതിനു മുമ്പു തന്നെ അദ്ദേഹത്തിന്റെ ഭാവി നീക്കങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തിപ്രാപിക്കുന്നു. തമിഴ്‌നാട്ടിൽ വേരുറപ്പിക്കാൻ കഴിയാത്ത ബി.ജെ.പിയുടെ നേതാക്കളിൽ ഒരുവിഭാഗം രജനിയെ കൂടെ കൂട്ടുന്നതിൽ അതീവ തൽപ്പരരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തമിഴനാട്ടിൽ 2021ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് രജനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്്. തങ്ങളുടെ മുൻ സഖ്യകക്ഷിയായിരുന്ന അണ്ണാ ഡിഎംകെ നേതാവ് ജയലളിതയുടെ മരണ ശേഷം തമിഴ്‌നാട്ടിൽ ബി.ജെ.പി ജനസമ്മതനായ ഒരു നേതാവിനെ കാത്തിരിക്കുകയാണ്. മാത്രവുമല്ല കഴിഞ്ഞ വർഷം രജനി തന്റെ രാഷ്ട്രീയ രംഗപ്രവേശനത്തെ കുറിച്ചുള്ള സൂചനകൾ നൽകിയതിനു ശേഷം കൂടുതൽ അടുപ്പം കാണിച്ചിട്ടുള്ളത് ബിജെപിയോടാണ്.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡി തമിഴ്‌നാട്ടിലെത്തിയപ്പോൾ രജനികാന്തിനെ സന്ദർശിച്ചിരുന്നു. പാർട്ടി രൂപീകരിക്കുന്നതോടെ ബി.ജെ.പി അദ്ദേഹത്തിനു പരസ്യ പിന്തുണയുമായി രംഗത്തെത്തുമെന്ന സൂചനകളാണ് പാർട്ടി അണികളുടെ പ്രതികരണം. രജനി രാഷ്ട്രീയത്തിലെത്തുന്നതിൽ വലിയ സന്തോഷമുള്ള പാർട്ടിയാണ് ബി.ജെ.പി എന്ന് ഏതാനും മാസങ്ങൾക്കു മുമ്പ് പാർട്ടി അധ്യക്ഷൻ അമിത് ഷാ പറഞ്ഞിരുന്നു.

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിൽ രജനിയുടെ പ്രസംഗത്തിലെ സൂചനകളും ബിജെപിക്ക് അനുകൂലമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും വ്യക്തമായ രാഷട്രീയ കർമ്മപദ്ധതി രജനിക്കില്ലെന്നാണ് പ്രസംഗം നൽകുന്ന സൂചന. അണികളെ ആവേശംകൊള്ളിച്ചുവെങ്കിലും താൻ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം, ആത്മീയ രാഷ്ട്രീയം എന്ന രജനിയുടെ പരാമർശത്തെ ബിജെപി സ്വാഗതം ചെയ്തതും ശ്രദ്ധേയമാണ്. 'രജനിയുടെ ആത്മീയ രാഷ്ട്രീയം ബി.ജെ.പി പ്രത്യയശാസ്ത്രത്തിന് അനുലൂകമാണ്. തമിഴ്‌നാട്ടിലെ നിരീശ്വരവാദ കേന്ദ്രീകൃതമായ രാഷ്ട്രീയത്തെ മാറ്റി മതമൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷട്രീയമാണ് കൊണ്ടു വരേണ്ടത്. ഈ ലക്ഷ്യം നേടാൻ രജനിയുടെ രാഷ്ട്രീയ രംഗപ്രവേശം ഞങ്ങളെ സഹായിക്കും,' തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷ തമിൽ ഇസൈ സൗന്ദർരാജൻ പറഞ്ഞു. 

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനു ഇനിയും മൂന്നു വർഷത്തിലേറെ സമയം ബാക്കി നിൽക്കെ രജനിയുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന് ഒരു കർണാടക മാനം കൂടിയുണ്ടെന്നാണ് നിരീക്ഷരുടെ വിലയിരുത്തൽ. രജനി ജനിച്ചതും വളർന്നതും ബസ് കണ്ടക്ടറായി ജോലി ചെയ്തതും കർണാടകയിലാണ്. നാലു മാസത്തിനുശേഷം മേയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ് ഇവിടെ. കർണാടക തിരിച്ചുപിടിക്കാൻ വർഗീയ ലഹളകൾ അടക്കം എല്ലാം അടവും പയറ്റിവരികയാണ് ബി.ജെ.പി. ഇവിടേക്ക് താരപ്രചാരകനായി രജനികാന്തിനെ എത്തിക്കാനാകുമോ എന്ന ആലോചനയിലാണ് ബിജെപി നേതാക്കൾ. ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള രജനിയുടെ കഴിവിലാണ് ഇവരുടെ കണ്ണ്.

'രജനികാന്തിനെ കൂടെ കൂട്ടുന്നതിൽ ബി.ജെ.പിക്ക് സന്തോഷമെ ഉള്ളൂ. അദ്ദേഹത്തിന് എല്ലാ വിധ പിന്തുണകളും ഞങ്ങൾ നൽകി വരുന്നുണ്ട്. സത്യസന്ധരായ ആരോടും ബി.ജെ.പിക്ക് രാഷ്ട്രീയ അയിത്തമില്ല. അദ്ദേഹത്തിന് ബി.ജെ.പി സഖ്യത്തിലേക്ക് എപ്പോഴും സ്വാഗതം,' കർണാടകയിലെ മുതിർന്ന നിയമസഭാംഗവും തമിഴ്‌നാട് ബി.ജെ.പി ഉപ കൺവീനറുമായ സി ടി രവി പറയുന്നു.
 

Latest News