ശൈഖ് ഹുസൈന്‍ ബ്രിഡ്ജ്- ഇരുപത് വര്‍ഷം ജയിലിലടച്ച ഫലസ്തീന്‍-ജോര്‍ദാന്‍ പൗരനെ ഇസ്രായില്‍ വിട്ടയച്ചു. തെല്‍അവീവില്‍ 13 പേര്‍ക്ക് പരിക്കേറ്റ ബസ് ബോംബാക്രമണത്തിന്റെ പേരില്‍ 2000-ല്‍ ജയിലിലടച്ച അബ്ദുല്ല അബു ജാബിറിനെ(46)യാണ് വിട്ടയച്ചത്. ശൈഖ് ഹുസൈന്‍ ബ്രിഡ്ജ് കടന്ന് ജോര്‍ദാനില്‍ പ്രവേശിച്ച അബ്ദുല്ല അബൂ ജാബിറിനെ പൂക്കളും മുദ്രാവാക്യങ്ങളുമായി ബന്ധുക്കളും സുഹൃത്തുക്കളും വീരോചിതമായി സ്വീകരിച്ചു.
ജോര്‍ദാനിലെ ബഖാ അഭയാര്‍ഥി ക്യാമ്പില്‍ താമസിച്ചിരുന്ന അബൂ ജാബിര്‍ 2000 ഡിസംബര്‍ 28നാണ് തെല്‍അവീവില്‍ ബസില്‍ ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത്. അടുത്ത ദിവസം അറസ്റ്റിലായി.
20 വര്‍ഷം മുമ്പ് ഞാന്‍ നടത്തിയ യാത്ര ടൂറിസത്തിനുവേണ്ടിയല്ല, പ്രതിരോധത്തിനുവേണ്ടിയായിരുന്നു- ജോര്‍ദാന്‍, ഫലസ്തീനി കെഫിയ്യ പുതച്ച അബൂ ജാബിര്‍ പറഞ്ഞു.
ഫലസ്തീനി എന്ന നിലയില്‍ ഞാന്‍ എന്റെ ദൗത്യം നിര്‍വഹിച്ചു. കാരണം അത് ഫലസ്തീനികളുടെ ഭൂമിയാണ്. കഴിയുംവേഗം നമ്മള്‍ അത് മോചിപ്പിക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫതഹും ഹമാസും ഭിന്നതകള്‍ അവസാനിപ്പിച്ച് ഇസ്രായിലിനെതിരെ സംയുക്ത മുന്നണി രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഫലസ്തീനിലെ ഫതഹ് സായുധ സംഘം റിക്രൂട്ട് ചെയ്ത അബൂ ജാബിറിനെ നബുലസില്‍നിന്നാണ് ഇസ്രായിലിലേക്ക് അയച്ചതെന്ന് ഇസ്രായില്‍ കുറ്റപത്രത്തില്‍ പറയുന്നു.
ജോര്‍ദാനിലെ ഒരു കോടിയോളം ജനങ്ങളില്‍ പകുതിയും ഫലസ്തീന്‍ വംശജരാണ്. യു.എന്നില്‍ രജിസ്റ്റര്‍ ചെയ്ത 22 ലക്ഷം അഭയാര്‍ഥികളുണ്ട്.






