ന്യൂദല്‍ഹി - 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതിക്ക് 50,000 കോടിയോളം രൂപ ചെലവ് വരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനാവശ്യമായ പണം കൈവശമുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ആവശ്യത്തിന് പണമുള്ളതിനാല്‍ സൗജന്യ വാക്‌സിനേഷനായി ഉടന്‍ സപ്ലിമെന്ററി ഗ്രാന്റുകള്‍ തേടേണ്ടതില്ല. രണ്ടാം റൗണ്ടില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തോടനുബന്ധിച്ച് സപ്ലിമെന്ററി ഗ്രാന്റുകള്‍ ആവശ്യമായി വന്നേക്കും. വാക്‌സിന്‍ നല്‍കാന്‍ നിലവില്‍ പണമുണ്ടെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ വിദേശ വാക്‌സിനുകളെ ആശ്രയിക്കേണ്ടി വരില്ല. ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നിവയുടെ വാക്‌സിനുകളിലൂടെ ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ കമ്പനിയുടെ ചില നിബന്ധനകള്‍ കാരണം തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അടുത്ത വര്‍ഷം ജനുവരി വരെ വാക്‌സിന്‍ ഇന്ത്യയിലെത്തിക്കാന്‍ മൊഡേണയ്ക്ക് പദ്ധതിയില്ലെന്നും കേന്ദ്രം സൂചിപ്പിച്ചു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍-ഇ കമ്പനിയുടെ 30 കോടി ഡോസ് വാക്‌സിന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. ഇതിനായി 1500 കോടി രൂപ മുന്‍കൂറായി നല്‍കിയിട്ടുണ്ട്.