Sorry, you need to enable JavaScript to visit this website.

മാലദീപ് വിദേശകാര്യ മന്ത്രി യുഎന്‍ ജനറല്‍ അസംബ്ലി അധ്യക്ഷന്‍

ന്യൂയോര്‍ക്ക്- യുഎന്‍ ജനറല്‍ അസംബ്ലിയുടെ 76ാം സമ്മേളനത്തിന് അധ്യക്ഷനായി മാലദീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ശാഹിദിനെ തെരഞ്ഞെടുത്തു. പോള്‍ ചെയ്ത 191 വോട്ടുകളില്‍ ശാഹിദിന് 143 വോട്ട് ലഭിച്ചു. എതിരാളി മുന്‍ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ഡോ. സല്‍മായ് റസൂലിന് 48 വോട്ടും ലഭിച്ചു. 193 രാജ്യങ്ങളാണ് യുഎന്‍ പൊതുസഭയിലുള്ളത്. സെപ്തംബറില്‍ ആരംഭിക്കുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ ശാഹിദായിരിക്കും അധ്യക്ഷന്‍. ഇത്തവണ ഏഷ്യാ പസഫിക് മേഖലയിലെ രാജ്യങ്ങള്‍ക്കായി നീക്കിവച്ചതായിരുന്നു അധ്യക്ഷ പദവി. ഓരോ വര്‍ഷവും അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. 75ാം യുഎന്‍ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് തുര്‍ക്കി നയതന്ത്രജ്ഞന്‍ വോല്‍ക്കാന്‍ ബോസ്‌കിര്‍ ആയിരുന്നു. പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശാഹിദിന് ഇന്ത്യ അഭിനന്ദമറിയിച്ചു. 

ഏഷ്യന്‍ രാജ്യങ്ങള്‍, ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്ക-കരീബിയന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, വെസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, മറ്റു രാജ്യങ്ങള്‍ എന്നിങ്ങനെ അഞ്ചു ഗ്രൂപ്പുകള്‍ക്കാണ് അധ്യക്ഷപദവി മാറി മാറി ലഭിക്കുക. ഊഴമെത്തുമ്പോള്‍ ഓരോ ഗ്രൂപ്പും തങ്ങള്‍ക്ക് പൊതുസമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി മത്സരിപ്പിക്കുകയാണ് രീതി.

Latest News