ദോഹ- കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തർ വികസിപ്പിച്ചെടുത്ത ഇഹ്തിറാസ് ആപ്ലിക്കേഷൻ താമസിയാതെ ജി.സി.സി. തലത്തിൽ പ്രയോജനപ്പെടുമെന്ന് ഖത്തറിലെ ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.യൂസുഫ് അൽ മസ്‌ലമാനി അഭിപ്രായപ്പെട്ടു. ഖത്തർ ടെലിവിഷന്റെ പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.സി.സി. രാജ്യങ്ങളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും സംബന്ധിച്ച നടപടി ക്രമങ്ങൾക്ക് ഇഹ്തിറാസ് ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ജി.സി.സി. ആരോഗ്യ മന്ത്രിമാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായാൽ താമസക്കാർക്കും പൗരന്മാർക്കും വിവിധ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നതിന് ഇഹ്തിറാസ് ആപ്ലിക്കേഷൻ ഉപയോഗിക്കുവാൻ കഴിയും.
9 മാസത്തിനുള്ളിൽ കോവിഡ് ഭേദമായവർക്കും വാക്‌സിനെടുത്തവരുടെ ആനുകൂല്യങ്ങൾ അനുവദിക്കുന്നത് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഇഹ്തിറാസ് ആപ്ലിക്കേഷനിൽ ഈയിടെവരുത്തിയ അപ്‌ഡേഷനുകൾ ഈ പഠനമനുസരിച്ചാണെന്നും ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സമൂഹത്തിന് വലിയ പങ്കുണ്ട്. പ്രതിരോധ സുരക്ഷ നടപടികൾ പാലിക്കുന്നതിൽ ജനങ്ങൾ കാണിക്കുന്ന ജാഗ്രത, വാക്‌സിനേഷനിലെ പുരോഗതി, പ്രോട്ടോക്കോളുകൾ ലംഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെയുള്ള നടപടി തുടങ്ങിയവയാണ് ഖത്തറിൽ കോവിഡ് നിയന്ത്രണ വിധേയമാക്കുവാൻ സഹായിച്ചത്. ഇതേ ജാഗ്രതയോടെ പ്രതിരോധ നടപടികൾ തുടർന്നാൽ വരും ദിവസങ്ങളിൽ കേസുകൾ ഇനിയും കുറയും. ക്രമേണ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തി ജീവിതം സാധാരണ നിലയിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏത് മഹാമാരിയെ നിയന്ത്രിക്കുന്നതിലും സമൂഹത്തിന്റെ പങ്ക്് പ്രധാനമാണ് . ഗവൺമെന്റും സമൂഹവും സഹകരിച്ച് മുന്നേറുമ്പോഴാണ് രാജ്യത്ത് സ്ഥിതിഗതികൾ മെച്ചപ്പെടുക. ചികിൽസ സൗകര്യമൊരുക്കുക,ആവശ്യമായ മരുന്നും വാക്‌സിനേഷനും ലഭ്യമാക്കുക, സമയാസമയങ്ങളിൽ പാലിക്കേണ്ട പ്രതിരോധ സുരക്ഷ മാർഗ നിർദേശങ്ങൾ നൽകുക, നിയമലംഘകർക്കെതിരെയുള്ള നടപടികൾ സ്വീകരിക്കുക മുതലായവയാണ് ഗവൺമെന്റിന് ചെയ്യാൻ കഴിയുക. എന്നാൽ ഗവൺമെന്റ്് നിർദേശിക്കുന്ന കാര്യങ്ങൾ സർവാത്മനാ അംഗീകരിച്ച് സമൂഹം കൂടെ നിൽക്കുമ്പോഴാണ് ഏതൊരു നടപടിയും വിജയിക്കുക, അദ്ദേഹം പറഞ്ഞു.






