നെടുമ്പാശ്ശേരി മയക്കുമരുന്ന് ഹബ്ബാകുന്നു, ഒരു കൊല്ലത്തിനിടെ പിടിച്ചത് അഞ്ചു കോടിയുടെ ഹെറോയിന്‍

നെടുമ്പാശ്ശേരി- നെടുമ്പാശ്ശേരി മേഖല മയക്കുമരുന്ന് കച്ചവടക്കാരുടെ പ്രധാനതാവളമായി മാറുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈ മേഖലയില്‍ 300 കിലോഗ്രാമിലധികം കഞ്ചാവും അഞ്ചു കോടി രൂപ വിലവരുന്ന ഹെറോയില്‍ ഉള്‍പ്പടെയുള്ള മയക്കുമരുന്നുകളും പിടിച്ചിട്ടുണ്ട്. വിപണനം ചെയ്യുന്ന മയക്കുമരുന്നിന്റെ ചെറിയൊരു അംശം മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് പിടിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ദിവസം മുന്‍കൂട്ടി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ദേശീയ പാതയില്‍ നെടുമ്പാശ്ശേരി ഭാഗത്ത് വെച്ച് ആന്ധ്രയില്‍നിന്ന് കൊണ്ടുവന്ന 40 കിലോഗ്രാം കഞ്ചാവ് പിടിച്ചത്. ചെന്നൈയില്‍നിന്ന് കൊണ്ടുവന്ന രണ്ട് കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ദേശീയ പാതയില്‍ എറണാകുളം ജില്ലാ അതിര്‍ത്തിയായ കറുകുറ്റിയിലാണ് പോലീസ്പിടിച്ചത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും സമീപസ്ഥലങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കള്ളക്കടത്തിന്റെ വിവിധ സംഘങ്ങള്‍ സജീവമാണ്. വിദേശത്തുനിന്നു മയക്കുമരുന്ന് കൊണ്ടുവന്ന ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി പൗരന്‍മാരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിച്ചിട്ടുണ്ട്.
നെടുമ്പാശ്ശേരി മേഖലയില്‍ കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നുകളുടെയും വിപണനം സജീവമാണ്. വിമാനത്താവളം കേന്ദ്രീകരിച്ച് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള യുവാക്കളുടെ സംഘങ്ങള്‍ മയക്കുമരുന്ന് വിപണനത്തിന്റെ കണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ നിരവധി ലേബര്‍ ക്യാമ്പുകള്‍ ഈ ഭാഗത്തുണ്ട്. ഇവിടെ താമസിക്കുന്നവരില്‍ പലരും മയക്കുമരുന്ന് വിപണനം തൊഴിലാക്കിയതായി അറിയുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരിശോധന നടത്തുന്നത്. ലേബര്‍ ക്യാമ്പുകളില്‍ കടന്നു ചെല്ലാന്‍ പോലിസിനും എക്‌സൈസ് സംഘങ്ങള്‍ക്കും പരിമതികളേറെയാണ്.

 

 

Latest News