Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം; യു.ഡി.എഫ് എംപിമാർ ധർണ നടത്തി

ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങൾ പിൻലവലിക്കണമെന്ന് ആവശ്യപ്പെട്ട്  യു.ഡി.എഫ് എം.പിമാർ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം.

കൊച്ചി- ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ യുഡിഎഫ് എംപിമാർ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി.
ഇ.ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപിലെ മോഡി സർക്കാരിന്റെ ഭീകര അജണ്ടയെ ചെറുത്തുതോൽപ്പിക്കേണ്ടത്  ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. 
ഉദ്യോഗസ്ഥനെ ഉപയോഗിച്ച് ലക്ഷദ്വീപിന്റെ സംസ്‌കാരത്തെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെയും പാരമ്പര്യത്തെയും എല്ലാം നശിപ്പിക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു പിന്നിൽ  ബിജെപിക്കും കേന്ദ്രസർക്കാറിനും ചെറിയ അജണ്ട അല്ല ഉള്ളത്. ലക്ഷദ്വീപിനെ  കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നും ലക്ഷദ്വീപ് ജനതയുടെ സംരക്ഷണം പൂർണമായും ഉറപ്പാക്കുന്നത് വരെയും  കരിനിയമങ്ങൾ പിൻവലിക്കുന്നതു വരെയും പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ആന്റോ ആന്റണി അധ്യക്ഷത വഹിച്ചു. ഹൈബിഈഡൻ, അബ്ദുസമദ് സമദാനി, ബെന്നി ബഹനാൻ, രമ്യ ഹരിദാസ്, രാജ്‌മോഹൻ ഉണ്ണിത്താൻ, എം.കെ രാഘവൻ, ടി.എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. സംഘപരിവാറിന്റെ രാഷ്ട്രീയ സാസ്‌കാരിക അധിനിവേശം അവസാനിപ്പിക്കുക, ലക്ഷദ്വീപ് ജനതയുടെ സംസ്‌കാരത്തിനും ജീവനും സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ പ്ലക്കാർഡുകളുമേന്തിയായിരുന്നു സമരം.

 

Latest News